ad
Deshabhimani

വേതന വർധനവ് വേണം; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കരാറുകൾ നിരസിച്ച് അഞ്ച് സീനിയർ താരങ്ങൾ

AUSTRALIA

Photo Credit: AFP

വെബ് ഡെസ്ക്

Published on May 10, 2026, 03:02 PM | 2 min read

മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭരണപരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ബോർഡിന്റെ പ്രധാന ആഭ്യന്തര ട്വന്റി 20 ടൂർണമെന്റായ ബിഗ് ബാഷ് ലീഗ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കം മൂന്ന് പ്രമുഖ സ്റ്റേറ്റ് അസോസിയേഷനുകൾ തള്ളിക്കളഞ്ഞതാണ് ആദ്യ തിരിച്ചടിയായത്.


600 മില്യൺ മുതൽ 800 മില്യൺ ഡോളർ വരെ മൂല്യം പ്രതീക്ഷിച്ചിരുന്ന സ്വകാര്യവൽക്കരണ മാതൃകയെ ന്യൂ സൗത്ത് വെയ്ൽസ്, ക്വീൻസ്‌ലൻഡ്, സൗത്ത് ഓസ്‌ട്രേലിയ എന്നീ അസോസിയേഷനുകളാണ് എതിർത്തത്. ഇതോടെ ലീഗിൽ വലിയ നിക്ഷേപം കൊണ്ടുവരാനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പദ്ധതികൾ അനിശ്ചിതത്വത്തിലായി.


സ്വകാര്യവൽക്കരണ നീക്കത്തിന് പിന്നാലെ ബോർഡിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി അഞ്ച് പ്രമുഖ സീനിയർ താരങ്ങൾ പുതിയ ദേശീയ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചു. ബോർഡ് വാഗ്ദാനം ചെയ്ത പ്രതിഫല തുകയിൽ അതൃപ്തി പ്രകടിപ്പിച്ച താരങ്ങൾ, വിദേശ ലീഗുകളിൽ ലഭിക്കുന്ന ഉയർന്ന തുക ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്.


ബിബിഎല്ലിൽ കളിക്കുന്ന സ്വദേശി താരങ്ങൾക്ക് വിദേശ താരങ്ങളെക്കാൾ ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ഓസ്‌ട്രേലിയൻ ഡോളർ കുറവാണ് ലഭിക്കുന്നത്. ഈ വിവേചനം അവസാനിപ്പിക്കണമെന്നാണ് താരങ്ങളുടെ ആവശ്യം.


ടെസ്റ്റ്-ഏകദിന നായകൻ പാറ്റ് കമ്മിൻസിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ 12 മില്യൺ ഡോളറിന്റെ വമ്പൻ കരാർ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് മറ്റ് താരങ്ങളുടെ പ്രതിഷേധം ശക്തമായത്. നിലവിൽ ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുന്ന കമ്മിൻസിന് ഒരു സീസണിൽ മാത്രം ഏകദേശം 18 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.


ഐപിഎൽ ഉൾപ്പെടെയുള്ള ആഗോള ലീഗുകൾ നൽകുന്ന വലിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ ബോർഡിന്റെ കരാറുകൾ ആകർഷകമല്ലെന്നാണ് താരങ്ങളുടെ നിലപാട്. മെച്ചപ്പെട്ട പ്രതിഫലം ലഭിച്ചില്ലെങ്കിൽ പല പ്രമുഖ താരങ്ങളും ബിബിഎൽ ഉപേക്ഷിച്ച് വിദേശ ലീഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്.


സ്ഥിതിഗതികൾ ഗുരുതരമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ടോഡ് ഗ്രീൻബെർഗ് സമ്മതിച്ചു. എല്ലാ അസോസിയേഷനുകളെയും വിശ്വാസത്തിലെടുത്ത് ഒരേസമയം മാറ്റങ്ങൾ കൊണ്ടുവരാനായിരുന്നു ബോർഡിന്റെ പദ്ധതിയെന്നും എന്നാൽ അത് പാളിയ സാഹചര്യത്തിൽ കാര്യങ്ങൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ മൊത്തത്തിലുള്ള വളർച്ചയെ ബാധിക്കാത്ത രീതിയിലുള്ള പുതിയ തീരുമാനങ്ങൾ എടുക്കാൻ ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നും ഗ്രീൻബെർഗ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home