രോഹിതിന്റെ ഫിറ്റ്നസിൽ ആശങ്ക; ലോകകപ്പിലെ സാധ്യതകൾ മങ്ങുന്നു

മുംബൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ സാധ്യതകൾ മങ്ങുന്നു. രോഹിതിന്റെ ഫിറ്റ്‌നസ് നിലവാരത്തിൽ ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രായവും ഇടയ്ക്കിടെയുണ്ടാകുന്ന പരിക്കുകളും താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് സെലക്ടർമാർ.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ രോഹിത്തിനെ ഉൾപ്പെടുത്തിയെങ്കിലും, വരാനിരിക്കുന്ന കടുത്ത ഫിറ്റ്‌നസ് പരീക്ഷകൾ വിജയിച്ചാൽ മാത്രമേ താരത്തിന് ലോകകപ്പ് കളിക്കാനാകൂ എന്നാണ് റിപ്പോർട്ട്. 50 ഓവർ ക്രിക്കറ്റിൽ ഫിറ്റ്‌നസ് നിലനിർത്താൻ മുപ്പത്തിയൊൻപതുകാരനായ രോഹിത്തിന് സാധിക്കുമോ എന്ന കാര്യത്തിൽ ബിസിസിഐക്ക് ഇപ്പോഴും പൂർണ്ണ വിശ്വാസമില്ല. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നതിനിടെ ഹാംസ്ട്രിങ് പരിക്കിനെ തുടർന്ന് രോഹിത്തിന് സീസണിലെ നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. ഇതേതുടർന്ന് അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് താരത്തിന്റെ മെഡിക്കൽ ഫിറ്റ്‌നസ് റിപ്പോർട്ടുകൾ ബിസിസിഐ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മൈതാനത്ത് 50 ഓവർ ഫീൽഡ് ചെയ്യാനുള്ള ശാരീരികക്ഷമത താരത്തിനുണ്ടോ എന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ പ്രധാന ചോദ്യം.
എന്നാൽ ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ സെഞ്ചുറി അടക്കം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് താരം. ജൂണിൽ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾ രോഹിത്തിന് നിർണായകമാകും. 2027 ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ വാർത്തെടുക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നതിനാൽ, ഫിറ്റ്‌നസിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് സെലക്ടർമാർ നൽകുന്നത്.










0 comments