print edition കളം പിടിക്കാതെ ഇന്ത്യ

കൊളംബോ: ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയുടെ മുന്നോടിയായുള്ള പരിശീലന മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യക്ക് കളം പിടിക്കാനായില്ല. പുകൾപെറ്റ ബൗളർമാരെ ശ്രീലങ്കൻ ബാറ്റർമാർ സധൈര്യം നേരിട്ടു. ഒന്നാം ദിവസം കളി നിർത്തുമ്പോൾ ശ്രീലങ്ക ഇലവൻ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 363 റണ്ണെടുത്തു. മൂന്ന് ബാറ്റർമാർ അർധസെഞ്ചുറി നേടി. സ്‌പിന്നർമാർക്ക് ആറ് വിക്കറ്റ് കിട്ടിയെങ്കിലും പ്രതീക്ഷിച്ച മൂർച്ചയുണ്ടായില്ല.
ത്രിദിന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയുടെ ഓപ്പണർമാർ ക്ഷമാപൂർവം ബാറ്റ്‌വീശി. രവീന്ദു രസന്തയും (71) നിഷാൻ മദുഷ്‌കയും (66) 110 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. പേസർമാരായ മുഹമ്മദ് സിറാജിനും പ്രസിദ്ധ്‌കൃഷ്‌ണക്കും ഇവരുടെ പ്രതിരോധം തകർക്കാനായില്ല. 11 ഫോറും ഒരു സിക്‌സറുമടിച്ച നിഷാൻ റണ്ണൗട്ടാകുകയായിരുന്നു. തുടർന്നെത്തിയ ബാറ്റർമാരെല്ലാം സ്‌കോർബോർഡ് ചലിപ്പിച്ചു.
പസിന്ദു സൂര്യബന്ദാര (35), പവൻ രത്നായകെ (39) അഹാൻ വിക്രമസിംഗെ (31) എന്നിവർ ചെറുത്തുനിന്നു. ക്യാപ്‌റ്റൻ സൊനാൽ ദിനുഷ അർധസെഞ്ചുറിയുമായി (52) ടീമിനെ നയിച്ചു. രമേഷ് മെൻഡിസ് 32 റണ്ണെടുത്ത് പിന്തുണച്ചു. കേശര നുവാന്തയും (9) ദിലും സുദീരയുമാണ്(1) ക്രീസിൽ.
ഇന്ത്യൻ ക്യാപ്‌റ്റൻ കെ എൽ രാഹുൽ ഏഴ് ബൗളർമാരെയാണ് പരീക്ഷിച്ചത്. സ്‌പിന്നർമാരായ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുത്താർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. പേസർ ഗുർണൂർ ബ്രാറിന് ഒരു വിക്കറ്റുണ്ട്. പുതുമുഖ സ്‌പിന്നർ സരാൻഷ് ജെയ്‌നിന് വിക്കറ്റില്ല.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരന്പരയിൽ രണ്ട് ടെസ്‌റ്റാണുള്ളത്. ആദ്യത്തേത് 15ന് ഗാലെയിൽ തുടങ്ങും. രണ്ടാമത്തേത് 23ന് കൊളംബോയിൽ.










0 comments