print edition സ്ഫോടകവസ്തു കടത്ത്: കർണാടക സ്വദേശികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: തിരൂരങ്ങാടിയിൽ സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് വൻ സ്ഫോടകവസ്തുശേഖരം കടത്തിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കർണാടക സ്വദേശികളായ മന്റഗൗഡ് ബിരാദാർ, ബാപ്പഗൗഡ് ചൗധരി എന്നിവരുടെ അപ്പീലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരസിച്ചത്. മുൻകൂർ ജാമ്യഹർജി കൊച്ചി എൻഐഎ കോടതി തള്ളിയതോടെയാണ് ഹെെക്കോടതിയെ സമീപിച്ചത്.
ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. തിരൂരങ്ങാടിയിലെ ഹോളോബ്രിക്സ് നിർമാണ യൂണിറ്റിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽനിന്ന് 89,600 ജലാറ്റിൻ സ്റ്റിക്കുകളും 10,500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു.
സ്ഫോടകവസ്തുക്കൾ വിതരണം ചെയ്യുന്ന ‘ചേതൻ എന്റർപ്രൈസസ്' എന്ന സ്ഥാപനത്തിന്റെ ഉടമകളാണ് പ്രതികൾ. ഉറവിടം മറച്ചുവയ്‌ക്കാൻ സ്ഫോടകവസ്തുക്കളുടെ ബാർകോഡ് ലേബലുകൾ നീക്കംചെയ്തശേഷം ലൈസൻസില്ലാത്തയാൾക്ക് കൈമാറിയെന്നാണ് കേസ്. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.










0 comments