പെൻഷൻ വിതരണത്തിൽനിന്ന് സഹ. ബാങ്കുകളെ ഒഴിവാക്കൽ ജില്ലയിൽ
തിരിച്ചടിയാകുന്നത് 3 ലക്ഷത്തിലേറെപ്പേർക്ക്


സ്വന്തം ലേഖകൻ
Published on Aug 08, 2026, 01:47 AM | 1 min read
ആലപ്പുഴ
സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തിൽനിന്ന് സംസ്ഥാന സർക്കാർ സഹകരണബാങ്കുകളെ ഒഴിവാക്കിയത് ജില്ലയിൽ തിരിച്ചടിയാകുന്നത് മൂന്നുലക്ഷത്തിലേറെപ്പേർക്ക്. പെൻഷൻ വീട്ടിലെത്തുന്നവരാണ് ഇതിൽ 65 ശതമാനത്തിലേറെയും. കിടപ്പുരോഗികളും പ്രായാധിക്യം കാരണം പുറത്തിറങ്ങി സഞ്ചരിക്കാൻ കഴിയാത്തവരും ഉൾപ്പെടെയുള്ളവരുണ്ട്. ഇനി എന്തുചെയ്യുമെന്നാണ് ഇവരുടെ ആശങ്ക. പെൻഷൻ തുക ആധാറുമായി ബന്ധിപ്പിച്ച മറ്റ് ബാങ്ക് അക്കൗണ്ടുകൾ വഴി നൽകുമെന്നാണ് സർക്കാർ പറയുന്നത്. പെൻഷൻ വാങ്ങുന്നവരിൽ പലർക്കും ഇത്തരത്തിലുള്ള അക്കൗണ്ടുകൾ ഇല്ല. ഉള്ളവർക്കും ദീർഘകാലമായി അത് ഉപയോഗിക്കാതിരിക്കുന്നതിനാൽ സജീവമല്ല. അക്കൗണ്ട് സജീവമാക്കിയാൽ എടിഎം കാർഡും മറ്റും ഉപയോഗിക്കാനുള്ള ഫീസ് പിടിക്കും. മിനിമം ബാലൻസും സൂക്ഷിക്കേണ്ടിവരും. ജില്ലയിൽ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരായി 36,000 പേരോളമുണ്ട്. 1,90,000 പേരോളം വാർധക്യകാല പെൻഷൻ വാങ്ങുന്നു, ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്‌കീമിൽ 25,502 പേരാണുള്ളത്. 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ 5000 ഓളം പേർ വാങ്ങുന്നുണ്ട്. ദേശീയ വിധവാ പെൻഷൻ പദ്ധതിയിൽ 75,000 ത്തോളം പേരുമുണ്ട്.










0 comments