വയോജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടും; കേന്ദ്രസർക്കാർ വലച്ചതിങ്ങനെ

ന്യൂഡൽഹി: കേന്ദ്രസർക്കാർ ആനുകൂല്യം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ (ഡിബിടി) രീതിയിൽ വിതരണംചെയ്യുന്പോൾ ഗുണഭോക്താക്കൾ നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങളേറെ. അത് കണക്കിലെടുക്കാതെയാണ് സംസ്ഥാനത്ത് ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുവഴി മാത്രം പെൻഷൻ നൽകാൻ യുഡിഎഫ് സർക്കാർ തീരുമാനം.
പിഎം കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് പ്രതിവർഷം 6,000 രൂപ മൂന്ന് ഗഡുക്കളായി കേന്ദ്രസർക്കാർ നൽകുന്നുണ്ട്. ഡിബിടി മാതൃകയിലുള്ള വിതരണമായതിനാൽ നിരവധി കർഷകർക്ക് തുക കൃത്യമായി ലഭിക്കുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും പൂർണമായും ആധാർ അധിക്ഷ്ഠിതമായാണ് അക്കൗണ്ടിലേക്ക് നൽകുന്നത്. കൂലി കിട്ടണമെങ്കിൽ തൊഴിൽ കാർഡും ബാങ്ക് അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കണം. ഇത് കൃത്യമായി ചെയ്യാൻ സാധിക്കാത്തതിനാൽ ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴിൽ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. പാചകവാതക സബ്‌സിഡി, വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് എന്നിവയിലും സമാന പ്രശ്നങ്ങളുണ്ട്.
ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങളും ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് തിരിച്ചടിയാകും. വയോജനങ്ങളുടെ വിരലടയാളത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇ-കെവൈസി പൂർത്തിയാക്കാൻ തടസ്സമാണ്. ശാരീരിക ബുദ്ധിമുട്ടുമൂലം ബയോമെട്രിക് വിവരം കൃത്യമായി രേഖപ്പെടുത്താനാകാത്ത സാഹചര്യവുമുണ്ട്.
പണം അക്കൗണ്ടിലെത്തിയെന്ന സന്ദേശം ഫോണിൽ കൃത്യമായി ലഭിക്കാത്തതിനാൽ വയോജനങ്ങൾ നിരന്തരം ബാങ്ക് കയറിയിറങ്ങണം. ആപ്പ് ഉപയോഗിച്ചോ എടിഎം വഴിയോ ബാലൻസ് പരിശോധിക്കാൻ അറിയാത്തവർക്ക് പണം പിൻവലിക്കാൻ മറ്റുള്ളവരുടെ സഹായം തേടേണ്ടിവരും. ഗ്രാമീണ മേഖലകളിൽ ബാങ്ക് ശാഖകളും എടിഎമ്മുകളും കുറവെന്നതും പ്രതിസന്ധിയാണ്.










0 comments