print edition "അമിത് ഷാ സദൻ മേ ആവോ': പാർലമെന്റിൽ പ്രതിപക്ഷ രോഷം

ന്യൂഡൽഹി: രാജ്യസഭാധ്യക്ഷന്‍ നിർദേശിച്ചിട്ടും സഭയിലെത്താത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ധാർഷ്‌ട്യത്തിനെതിരെ പാർലമെന്റില്‍ വെള്ളിയാഴ്‌ചയും പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ജന്തര്‍മന്തറിലെ പൊലീസ് വേട്ടയ്‌ക്ക് മറുപടി നല്‍കാന്‍ ‘അമിത് ഷാ സദൻ മേ ആവോ’ (അമിത് ഷാ സഭയിൽ വരണം) എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ തുടര്‍ച്ചയായി സഭ സ്‌തംഭിച്ചു.
സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷത്തിന്റെ പൊതുവികാരം ആഭ്യന്തരമന്ത്രി മനസ്സിലാക്കണമെന്ന് കഴിഞ്ഞദിവസം രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും തിരിഞ്ഞുനോക്കാത്ത ഷായെ ന്യായീകരിച്ച് പാർലമെന്ററി മന്ത്രി കിരൺ റിജിജുവിന്റെ പരാമർശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.
‘അദ്ദേഹം എപ്പോൾ സഭയിൽ വരണമെന്ന് പ്രതിപക്ഷത്തിന് ആജ്ഞാപിക്കാനാകില്ല, അമിത് ഷായുടെ പേര് കേട്ടാൽ ഭീകരർ പോലും വിറയ്‌ക്കും. അദ്ദേഹം മറുപടി നൽകിയാൽ നിങ്ങൾ താങ്ങില്ല’–കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനുപിന്നാലെ, ‘അമിത് ഷാ സദൻ മേ ആവോ’ എന്ന് പ്രതിപക്ഷം ഇരുസഭകളിലും മുദ്രാവാക്യം മുഴക്കി. സഭ പ്രക്ഷുബ്‌ധമായതോടെ സൂക്ഷ്‌മ, ചെറുകിട, ഇടത്തര (എംഎസ്‌എംഇ) വ്യവസായ ബിൽ ലോക്‌സഭ ശബ്‌ദവോട്ടോടെ പാസാക്കി. 15 ദിവസമായി ചർച്ചയില്ലാതെയാണ് ബില്ലുകൾ പാസാക്കുന്നത്.
ചെയറിന്റെ നിർദേശം ചെവിക്കൊള്ളാത്ത അമിത്‌ഷായുടെ ധാർഷ്‌ട്യം ജനങ്ങൾ കാണുന്നുണ്ടെന്ന് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. സഭയിൽ ഹാജരാകാതെ അമിത് ഷാ ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവജനവേട്ടയിൽ വിശദീകരണവും അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ ചർച്ചയും ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു.








0 comments