ad
Deshabhimani

ഗ്യാനേഷ്‌ കുമാറിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധം ശക്തം; ജലപീരങ്കി പ്രയോ​ഗിച്ചു, പ്രദേശത്ത് നിരോധനാജ്ഞ

delhi protest latest
വെബ് ഡെസ്ക്

Published on Sep 25, 2026, 03:56 PM | 1 min read

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം ശക്തം. ജന്തർ മന്തറിനു പുറമെ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്കും വിവിധ രാഷ്ട്രീയ പാർടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമാക്കി. പ്രതിഷേധക്കാരെ നേരിടാനായി വൻതോതിൽ കേന്ദ്ര സേനയെ വിന്യസിച്ചു. ജനങ്ങൾക്കുനേരെ ജലപീരങ്കി പ്രയോ​ഗിച്ച പൊലീസ് പ്രതിഷേധക്കാരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധ റാലി ബാരിക്കേഡുകൾ വച്ച് പൊലീസ് തടഞ്ഞു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തെ അടിച്ചമർത്താനായി കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാനൊരുങ്ങുകയാണ് സർക്കാർ.


മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ തീരുമാനങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ്‌ കമീഷണർമാരായ സുഖ്‌ബീർ സിങ് സന്ധുവും വിവേക്‌ ജോഷിയും നൽകിയ വിയോജനക്കുറിപ്പുകൾ പുറത്തുവന്നതോടെയാണ് ഗ്യാനേഷിനെതിരെ പ്രതിഷേധം ശക്തമാക്കിയത്. കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, പേരുകൾ നീക്കം ചെയ്യൽ, വോട്ടർപട്ടിക ഡാറ്റയുടെ നിയന്ത്രണം, എസ്ഐആർ നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു എതിർപ്പ്. ചില തീരുമാനങ്ങൾ തങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എടുത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


എസ്‌ഐആറിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കരട് വോട്ടർപ്പട്ടികയിൽനിന്ന് 13 കോടിയിലേറെ പേരുകൾ ഒഴിവാക്കിയിട്ടുണ്ട്‌. എസ്‌ഐആർ ഉൾപ്പടെയുള്ള നടപടികളിൽ ഗ്യാനേഷ്‌ കുമാറിന്റെ തീരുമാനം ഏകപക്ഷീയമായിരുന്നെന്ന്‌ സ്ഥാപിക്കപ്പെട്ടാൽ അത്‌ കേന്ദ്രസർക്കാരിന്‌ വലിയ തിരിച്ചടിയാകും. ഗ്യാനേഷ്‌കുമാർ ഏകപക്ഷീയമായി എടുത്ത നടപടികള്‍ സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home