മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്ര; വിജിലൻസിന് പരാതി നൽകി അഭിഭാഷകൻ

കൊച്ചി: മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയിൽ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി അഭിഭാഷകനായ വിജയശങ്കർ. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 11 പ്രകാരം മുഖ്യമന്ത്രി സ്വകാര്യ വിമാനം ഉപയോഗിച്ചത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
ഭീതിയോ പ്രീതിയോ ഇല്ലാതെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരത്തിലേറിയത്. വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ജനപ്രതിനിധികൾ സൗജന്യം നേടുന്നത് പ്രതിഫലമായി മാത്രമേ കാണാനാകുവെന്നും ധാർമ്മികത മാറ്റിവെച്ചാൽ നിയമപരമായും പ്രശ്നങ്ങളുണ്ടെന്നും വിജയശങ്കർ പറഞ്ഞു.
തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് മുഖ്യമന്ത്രി നടത്തിയ സ്വകാര്യ ചാർട്ടേഡ് വിമാനയാത്രയുടെ ചിലവുവഹിച്ചത് ചിപ്‌സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
ജിഎസ്ടി ഉൾപ്പെടെ 19,88,595 രൂപയാണ് യാത്രക്കായി ചിപ്‌സൺ ഏവിയേഷൻ നൽകിയത്. ചിലവ് വഹിച്ചത് സുഹൃത്ത് കൂടിയായ മലയാളി വ്യവസായിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ വാദം പൊളിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്ത് വന്നത്.









0 comments