ad
Deshabhimani

കണ്ണീര്‌ കുടിപ്പിക്കരുത്‌, പാവങ്ങളെ

ക്ഷേമ പെൻഷൻ വിതരണം സഹകരണ ബാങ്കുകളിൽനിന്ന് മാറ്റിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി 
നടത്തിയ പൊതുയോഗം ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥന്‍ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 08, 2026, 03:00 AM | 2 min read

കാസർകോട്‌ സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ടെത്തിച്ചിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഇനി ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കാനുള്ള തീരുമാനം ജില്ലയിലെ രണ്ടുലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കളെ കടുത്ത ദുരിതത്തിലാക്കും. ജില്ലയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന 1,93,619 പേരിൽ ഭൂരിപക്ഷത്തിനും സഹകരണ ബാങ്കുകൾ വഴിയാണ്‌ പെൻഷൻ വീട്ടിലെത്തിക്കുന്നത്‌. ചുരുക്കം പേർ മാത്രമാണ്‌ ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴി നേരിട്ട്‌ പെൻഷൻ വാങ്ങുന്നത്‌. പ്രായമായവർക്കും അവശത അനുഭവിക്കുന്നവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിൽ പെൻഷൻ എത്തുന്നത്‌ വലിയ ആശ്വാസമായിരുന്നു. കിടപ്പുരോഗികൾക്ക്‌ മാത്രം പെൻഷൻ വീട്ടിലെത്തിക്കുമെന്നാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ പുതിയ ഉത്തരവിലുള്ളത്‌. ഇവർക്ക്‌ ഇത്‌ എങ്ങനെ വിതരണം ചെയ്യുമെന്ന്‌ വ്യക്തമല്ല. ദേശസാൽകൃത ബാങ്കുകളിലെ അക്ക‍ൗണ്ട്‌ വഴി പെൻഷൻ തുക എത്തിക്കുന്പോൾ പലർക്കും അത്‌ വാങ്ങാൻ പ്രയാസം ഏറെയുണ്ട്‌. ദേലന്പാടി പഞ്ചായത്തിൽ 750 ലേറെ പെൻഷൻകാർ ആശ്രയിക്കേണ്ടത്‌ ഒറ്റ ബാങ്കിനെയാണ്‌. ചിലർക്ക്‌ അഞ്ച്‌ കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചുവേണം ബാങ്കുകളിലെത്താൻ. ഇതിന്‌ ടാക്സി വാഹനത്തെ ആശ്രയിക്കേണ്ടിവരും. അതിന്റെ ചിലവ്‌ വേറെയാണ്‌. പണത്തിനായി പല തവണ കയറി ഇറങ്ങേണ്ട അവസ്ഥയും ഉണ്ടാവാം. ഉന്നതികളിൽ താമസിക്കുന്ന മിക്കവർക്കും ബാങ്ക്‌ അക്ക‍ൗണ്ടോ ഫോണുകളോ ഇല്ല. ഇവർക്കും ബാങ്കുകളിലെത്തി പെൻഷൻ പണം വാങ്ങിയെടുക്കാൻ കടന്പകൾ ഏറെയുണ്ട്‌. മലയോര മേഖലകളിലുള്ളവർക്കും ദുരിതം താണ്ടണം. പെൻഷൻ ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്പോൾ ഓരോ വർഷവും മസ്‌റ്ററിങ്‌ നടത്തണം. ഇത്‌ പ്രായമായവരെയും ഭിന്നശേഷിക്കാരെയും പ്രയാസത്തിലാക്കും.


വയോധികരോട്‌ കാണിക്കുന്നത്‌ ക്രൂരത


പെൻഷൻ ഇനി ദേശസാൽകൃത ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നത്‌ വയോധികരോട്‌ സർക്കാർ കാണിക്കുന്ന ക്രൂരതയാണ്. ഓൺലൈൻ വഴിയുള്ള ഇടപാടുകൾ അറിയാത്തവരും, എടിഎം കാർഡ് ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയാത്തവരും എങ്ങനെ പെൻഷൻ വാങ്ങുമെന്നതും ചോദ്യചിഹ്നമാണ്. ദേശസാൽകൃത ബാങ്കുകളിൽ പെൻഷൻ വാങ്ങാൻ ഒരു ദിവസം മുഴുവൻ ഇവർ ക്യൂ നിൽക്കേണ്ടി വരുന്ന സ്ഥിതിയാണുണ്ടാവുക. തായന്നൂർ ബാങ്കിൽ 7 ഏജന്റുമാരിലായി 2114 പേർക്കാണ് പെൻഷൻ കൊടുത്ത് വരുന്നത്. 4089200 ലക്ഷം രൂപ പെൻഷൻ ഇനത്തിൽ തായന്നൂർ ബാങ്ക് വഴി വീടുകളിൽ എത്തിക്കുന്നുണ്ട്. ഇനി ഇവരെല്ലാം ബാങ്കിൽ പോയി ക്യൂ നിൽക്കേണ്ടി വരും. സി രാജേന്ദ്രൻ, തായന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌


നിരാലംബരുടെ വേദന 
മനസ്സിലാക്കണം സർക്കാർ


പെൻഷൻ പ്രഖ്യാപിച്ച നിമിഷം മുതൽ ആളുകൾ വിളിച്ച് പെൻഷൻ ആവശ്യപ്പെടുന്ന സ്ഥിതിയായിരുന്നു. ട്രഷറിയിൽനിന്ന്‌ ലഭിക്കുന്നതിന് മുമ്പ് തന്നെ പണം ബാങ്ക് വിതരണംചെയ്യും. വീട്ടിൽനിന്ന്‌ പുറത്തിറങ്ങാൻ കഴിയാത്തവരാണ് ഭൂരിഭാഗവും. കിടപ്പിലായവർക്ക് പെൻഷൻ നൽകുമ്പോൾ അവരുടെ മുഖത്ത് കാണുന്ന സന്തോഷംചെറുതല്ല. വലിയ ആത്മ സംതൃപ്തിയാണ്. നിവൃത്തികേടുകൊണ്ട് മാത്രമായിരിക്കും ഇനി അവർ ബാങ്കിലേക്ക് പോകുന്നത്. പ്രായമായവരുടെ മനസ്സ് വേദനിപ്പിക്കുന്ന നടപടിയിൽനിന്ന്‌ സർക്കാർ പിൻവാങ്ങണം. ഒരു വാർഡിൽ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വിതരണംചെയ്യുന്നുണ്ട്‌. വി കെ ശ്രീലത, കളക്ഷൻ ഏജന്റ് ഓലട്ട് ബ്രാഞ്ച്, കൊടക്കാട് സർവീസ് 
കോ– ഓപ്പറേറ്റീവ് ബാങ്ക്


പട്ടിണി കിടക്കേണ്ടി വരും


ഇനി മുതൽ ക്ഷേമപെൻഷൻ വീട്ടിലെത്തിക്കേണ്ടെന്ന സർക്കാർ തീരുമാനം അറിഞ്ഞതോടെ  ആശങ്കയിലാണ്. കഴിഞ്ഞ പത്തുവർഷവും മുടങ്ങാതെ ബാങ്ക്‌ അധികൃതർ തുക എത്തിച്ചുതന്നു. അതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടന്നുപോയി. എന്തിനിങ്ങനെ ബുദ്ധിമുട്ടിക്കുന്നു. ​നാരായണി, കരിപ്പോടി, 
പാലക്കുന്ന്


സഹായത്തിന് ആരുമില്ല


ഞാനും സഹോദരി ലക്ഷ്മിയും മാത്രമാണ് വീട്ടിൽ. രോഗികളായ ഞങ്ങൾ രണ്ട് പേരുടെ പെൻഷൻകൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. സഹായത്തിന് ആരുമില്ല. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല. വലിയ വിഷമം ഉണ്ട്. -ലക്ഷ്മി, മുണ്ടോൾ


വലിയ ദുരിതമാകും

ബാങ്കിലേക്ക് ഓട്ടോറിക്ഷ പിടിച്ച് പോകണം. വയ്യാത്ത കാലത്ത് ക്യൂ നിന്ന് പെൻഷൻ വാങ്ങേണ്ട ഗതികേട് വരുമെന്ന് വിചാരിച്ചതേയില്ല. ഇനിയിപ്പോ മാസാമാസം കിട്ടുമോ എന്ന കാര്യവും സംശയമാണ്. എന്നെപ്പോലുള്ള രോഗികളും അവശരുമായവർക്ക് ഇത് വലിയ ദുരിതമായി മാറും. ​കെ വി കുഞ്ഞിമാണിക്കം കോലാച്ചിവളപ്പ്, മടിക്കൈ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home