ad
Deshabhimani

ഡ്യൂറൻഡ് കപ്പിൽ ഹാട്രിക്ക്‌ വംഗനാടിന്റെ 
വിജയത്തുടിപ്പായി 
വിഷ്ണു

ഉദുമ ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ വംഗനാടിന്റെ വിജയത്തുടിപ്പായി കാസര്‍ക്കോട്ടുകാരൻ പി വി വിഷ്‌ണു
വെബ് ഡെസ്ക്

Published on Aug 08, 2026, 03:00 AM | 1 min read

ഉദുമ ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ വംഗനാടിന്റെ വിജയത്തുടിപ്പായി കാസര്‍ക്കോട്ടുകാരൻ പി വി വിഷ്‌ണു. കഴിഞ്ഞയാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ വിഷ്‌ണുവിന്റെ ഹാട്രിക്‌ ഗോളിലാണ്‌ ടീം ഈസ്റ്റ് ബംഗാൾ എഫ്സി വിജയത്തേരേറിയത്‌. സിഐഎസ്എഫ് പ്രൊട്ടക്‌ടേഴ്‌സിനെയാണ്‌ തോൽപ്പിച്ചത്‌. മത്സരത്തിലുടനീളം സിഐഎസ്എഫ് പ്രതിരോധത്തെ ഇടങ്കാലിൽ വിസ്മയം തീര്‍ത്ത്‌ വിറപ്പിക്കുകയായിരുന്നു വിഷ്‌ണു. ഇത്‌ താരത്തിന്റെ കരിയറിലെ സുവർണാധ്യായമായി. 38–-ാം മിനുട്ടിൽ ഒരു ബാക്ക്ഹീൽ ഫിനിഷിലൂടെ ആദ്യ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ 46–-ാം മിനുട്ടിൽ സന്ദീപ് മണ്ടി നൽകിയ ക്രോസ് മനോഹരമായ ഒരു ഓവർഹെഡ് കിക്കിലൂടെ വലയിലെത്തിച്ച് കളിക്കളത്തെ ആവേശത്തിലാഴ്ത്തി. തീർന്നില്ല, 76–-ാം മിനുട്ടിൽ മൂന്നാമത്തെ ഗോളും പൂർത്തിയാക്കി തീപ്പൊരിയായി. കൊൽക്കത്ത കിഷോർ ഭാരതി ക്രിരംഗനിലായിരുന്നു മത്സരം. ഡെർബി തോൽവിക്കുശേഷം ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടിറങ്ങിയ ഈസ്റ്റ് ബംഗാൾ ഗോൾമഴയാണ്‌ തീർത്തത്‌. അന്റോണിയോ ലോപ്പസ് ഹബാസിന്റെ പരിശീലനത്തിലുള്ള റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡ് ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളുടെ ലീഡ് നേടിയിരുന്നു. സേവിയര്‍ പയസിനും ഐ എം വിജയനും വി പി സത്യനും ജോപോള്‍ അഞ്ചേരിക്കുംശേഷം കൊല്‍ക്കത്തയില്‍ സാന്നിധ്യമറിയിക്കുന്ന മലയാളി താരമായി മാറി വിഷ്‌ണു. ഐഎസ്എല്‍ ഫുട്ബോളില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിയുടെ സ്‌ട്രൈക്കറാണ് ഇരുപത്തിനാലുകാരന്‍. 2023 മുതല്‍ ഈസ്റ്റ് ബംഗാള്‍ ജെഴ്സിയില്‍ പി വി വിഷ്ണുവുണ്ട്. ഐഎസ്എല്ലിലും ഡ്യൂറണ്ട് കപ്പിലും മിന്നുന്ന കളിയാണ്‌ വിഷ്ണു പുറത്തെടുത്തത്. ഈസ്റ്റ് ബംഗാളിനുവേണ്ടി ഇതുവരെ എട്ട് ഗോളുകൾ നേടിയ വിഷ്ണു ഐഎസ്എല്ലിൽ ആറുഗോളും എട്ട് അസിസ്റ്റും സ്വന്തമാക്കി. 2019-ല്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ചിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിലും അംഗമായിരുന്നു. പനയാൽ കുന്നൂച്ചിയിലെ കെ ദിവാകരന്റെയും പൈക്കയിലെ ബി സത്യഭാമയുടേയും മകനാണ്. വരുണ്‍, വിപിന്‍ എന്നിവരാണ് സഹോദരങ്ങള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home