ജില്ലാ ആശുപത്രിയിൽ ഉടൻ ഡോക്ടർമാരെ നിയമിക്കണം: ഡിവൈഎഫ്‌ഐ

കാസർകോട് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ഉടൻ ഡോക്ടർമാരെ നിയമിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആശുപത്രിയിൽ 51 ഡോക്ടര്‍മാരില്‍ 22പേരുടെയും സേവനം ഇല്ലാതായതും ഡോക്ടര്‍മാരുടെ കുറവുമൂലം ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനസമയം നേര്‍പകുതിയാക്കിയതും പാവപ്പെട്ട രോഗികളോടുള്ള ആരോഗ്യ വകുപ്പിന്റെ വെല്ലുവിളിയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനസമയം രാവിലെ 8മുതല്‍ പകൽ ഒന്നുവരെയായിരുന്നു. 2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍വന്നതോടെ ഒപി രാവിലെ 8മുതല്‍ വൈകിട്ട് 7വരെ ദീര്‍ഘിപ്പിച്ചു. ഈ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നിയമിച്ചു. പനി ബാധിതര്‍ക്കായി പ്രത്യേക ക്ലിനിക്കുകളും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷക്കാലം കൃത്യമായി പ്രവര്‍ത്തിച്ചിരുന്ന ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ വെട്ടിക്കുറച്ചത്. യുഡിഎഫ് ഭരണംവന്നതോടെ ജില്ലയിലെ ആരോഗ്യമേഖല അവതാളത്തിലായി. പല ഡോക്ടര്‍മാരെയും സ്ഥലംമാറ്റി. മെഡിക്കല്‍ അവധിയില്‍ പോയവരുമുണ്ട്. ഇവര്‍ക്ക് പകരംനിയമനമൊന്നും നടത്തുന്നില്ല. കാത്ത് ലാബും അടച്ചുപൂട്ടി എന്നാണ് വിവരം. പനി ക്ലിനിക്കും നിര്‍ത്തലാക്കി. അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അധികൃതരുടെ ഗുരുതരമായ അലംഭാവമാണ് വ്യക്തമാകുന്നത്. ജില്ലാ പഞ്ചായത്ത് ഇടപെട്ട് വിതരണംചെയ്യുന്ന മരുന്നുകള്‍മാത്രമാണ് ആശുപത്രിയിലെത്തുന്നത്. പകൽ ഒന്നിനുശേഷം എത്തുന്ന രോഗികളെ ചികിത്സനൽകാതെ തിരിച്ചയക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
പ്രതിഷേധമാർച്ച് 10ന്
എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ മികച്ച ആരോഗ്യകേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തിക്കൊണ്ടുവന്ന കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്ന യുഡിഎഫ് നയത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കും. ഡോക്ടർമാരുടെ ഒഴിവ് നികത്തണമെന്ന ആവശ്യമുൾപ്പെടെ ഉയർത്തി തിങ്കളാഴ്‌ച രാവിലെ 10ന് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കൂളിയങ്കാലില്‍നിന്ന് പ്രകടനം ആരംഭിക്കും. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്യും.









0 comments