മുക്കുപണ്ടം പണയംവച്ച് ഒരുകോടി തട്ടി; 5പേർ പിടിയിൽ

കൊച്ചി
പാലാരിവട്ടത്തെ സ്വകാര്യ ധനസ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് ഒരുകോടിയോളം രൂപ തട്ടിയ പ്രതികളെ അറസ്‌റ്റ് ചെയ്‌തു. കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്ണു, ഇടുക്കി മണിയാർകുടി സ്വദേശി ലിബിൻ സേവ്യർ (34), ഉടുമ്പന്നൂർ സ്വദേശി അർഷൽ ഇസ്മായിൽ (32), കോതമംഗലം പിണ്ടിമന സ്വദേശി ഷിനോജ് (42), വയനാട് മൂലംകാവ് സ്വദേശി രാഹുൽ എന്നിവരാണ് വിവിധയിടങ്ങളിൽനിന്ന് പിടിയിലായത്.
ജൂൺ 13 മുതൽ ജൂലൈ 27വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. വിഷ്ണു ആദ്യം രണ്ടുതവണയായി സ്വർണാഭരണം പണയംവച്ച് ജീവനക്കാരുടെ വിശ്വാസം നേടി. തുടർന്ന് കൂട്ടുപ്രതികളുമായി ചേർന്ന് പലതവണയായി സ്ഥാപനത്തിലെത്തി ഹാൾമാർക്ക് മുദ്രയുള്ള മുക്കുപണ്ട ആഭരണങ്ങൾ പണയംവച്ചു പണം നേടി. സ്ഥാപനത്തിലെ ഓഡിറ്റിങ്ങിലാണ് വിഷ്ണുവും കൂട്ടരും പണയംവെച്ചത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.
ജൂലൈ 29ന് വീണ്ടും പണയംവയ്‌ക്കാനായി വിഷ്ണു, രാഹുൽ എന്നിവർ എത്തിയപ്പോൾ ജീവനക്കാർ പാലാരിവട്ടം പൊലീസിനെ അറിയിച്ചു. മാനേജരുടെ പരാതിയിൽ കേസ് രജിസ്റ്റർചെയ്ത പാലാരിവട്ടം പൊലീസ് ഇരുവരെയും അറസ്റ്റുചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിനകത്തും പുറത്തും ബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് വിവരം ലഭിച്ചത്. ലിബിൻ സേവ്യർ മൂവാറ്റുപുഴയിൽനിന്നും അർഷൽ ഇസ്മായിൽ, ഷിനോജ് എന്നിവരെ ഒളിസങ്കേതത്തിൽനിന്നുമാണ് അറസ്റ്റു ചെയ്തത്.
പ്രതികളിൽനിന്ന് തട്ടിപ്പിന് ഉപയോഗിക്കുന്ന ആഭരണങ്ങളും നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും കണ്ടെടുത്തു. എറണാകുളം എസിപി കെ ജെ പീറ്റർ, ഇൻസ്പെക്ടർ എ അനൂപ്‍, എസ്‌ഐ ആർ ജഗീഷ്, മിഥുൻ മോഹൻ, എഎസ്‌ഐ പി വി സിഘോഷ്, എൻ എ അനീഷ്, ജിപിൻലാൽ, അഖിൽ പത്മൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments