അമർഷം ശക്തം ജില്ലാ പൊലീസ് സേനയിലും രാഷ്‌ട്രീയ സ്ഥലംമാറ്റൽ

കാസർകോട് ജില്ലയിലെ പൊലീസ് സേനയിലും കോൺഗ്രസ് സംഘടനാനുകൂലികളുടെ നേതൃത്വത്തിൽ തലങ്ങും വിലങ്ങും പ്രതികാര സ്ഥലം മാറ്റൽ. രാഷ്‌ട്രീയവിരോധംമൂത്ത് മാനദണ്ഡവിരുദ്ധമായാണ് ഉദ്യോഗസ്ഥരെ മാറ്റുന്നത്. ചില ഉദ്യോഗസ്ഥർക്ക് ഒരേദിവസം രണ്ട് സ്ഥലംമാറ്റം ഉത്തരവുകൾവരെ കൈപ്പറ്റേണ്ടിവന്ന ദുര്യോഗവുമുണ്ടായതായി പറയുന്നു. പ്രത്യക്ഷത്തിൽ രാഷ്‌ട്രീയാഭിമുഖ്യം വച്ചുപുലർത്താത്തവരെ കുടുംബപശ്ചാത്തലംവരെ അന്വേഷിച്ചും മാറ്റുന്നുണ്ട് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ സ്റ്റേഷനുകളിലെ എസ്‌എച്ച്‌ഒ, എസ്‌ഐ, സിപിഒ തുടങ്ങിയ ഉദ്യോഗസ്ഥന് ഒരു സ്ഥലത്ത് തുടരാവുന്ന കാലയളവ് മൂന്നു വർഷംവരെയാണ്. സ്ഥലംമാറിവന്ന് മാസങ്ങൾമാത്രമായവരെയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവരെയും പ്രയമായതും രോഗികളുമായ മാതാപിതാക്കളെ പരിചരിക്കുന്നവരെയും ഉൾപ്പെടെയാണ് രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി മാറ്റിയത്. യാത്രാ സൗകര്യം ഉൾപ്പെടെ പരിഗണിക്കാതെയാണ് നടപടി. ജില്ലയുടെ തെക്കൻ ഭാഗത്തുള്ളവരെ വടക്കൻമേഖലയിലും ഉൾനാടുകളിലേക്കും മലയോരത്തേക്കുംമാറ്റി. മലയോരത്തുള്ളവരെ തിരിച്ചും. കൂട്ട സ്ഥലംമാറ്റങ്ങളും സംഘടനാ ഭാരവാഹികളെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റുന്നതുമെല്ലാം വലിയ ചർച്ചയായിട്ടുണ്ട്. ഭരണപരമായ പുനഃക്രമീകരണങ്ങളുടെ ഭാഗമാണെന്ന് ഔദ്യോഗിക വാദം, എന്നാൽ തികഞ്ഞ രാഷ്ട്രീയപ്രതികാരമാണെന്നതാണ് വ്യക്തമാവുന്നത്. ഉന്നത ഉദ്യോഗസ്ഥരെകൂട്ടുപിടിച്ചാണ് നടപടികൾ. ഇതിനെതിരെ സേനയ്ക്കുള്ളിൽത്തന്നെ അമർഷം ശക്തമാണ്.
പൊലീസ് സ്‌റ്റേഷനിൽ എത്തിയും ഭീഷണി
പ്രദേശിക കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ചിലർ പൊലീസ് സ്‌റ്റേഷനിൽ എത്തി സ്ഥലംമാറ്റൽ ഭീഷണിമുഴക്കുന്ന സ്ഥിതിവരെയുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥർക്ക് ദൂരംകുറഞ്ഞുപോയി എന്നതിനാൽ ദൂരംകൂട്ടി വീണ്ടും മാറ്റിയ അനുഭവവുമുണ്ടായി. ഒരു ദിവസം ഒരു സ്‌റ്റേഷനിൽ ചാർജെടുത്ത് തൊട്ടടുത്ത ദിവസങ്ങളിൽ മറ്റൊരു സ്‌റ്റേഷനിലേക്ക് മാറ്റപ്പെട്ടവരുമുണ്ട്. അറിയാതെയെങ്ങാൻ സൗകര്യമുള്ള സ്‌റ്റേഷൻ ലഭിച്ചാൽ കോൺഗ്രസിന്റെ ബൂത്തുമുതൽ മണ്ഡലംകമ്മിറ്റിവരെയുള്ളവർ വിളിച്ച് ട്രാൻസഫർ ഓർഡർ തിരുത്തി ഇറക്കിയ സംഭവവുമുണ്ടായി.









0 comments