അപ്പർകുട്ടനാട്ടിൽ ആശ്വാസം
കുട്ടനാട്ടിൽ ആശങ്ക താഴുന്നില്ല


സ്വന്തം ലേഖകൻ
Published on Aug 08, 2026, 01:44 AM | 1 min read
ആലപ്പുഴ
ദിവസങ്ങളായി അപ്പർകുട്ടനാട് അനുഭവിക്കുന്ന ദുരിതത്തിൽനിന്ന് അൽപ്പം ആശ്വാസം. കിഴക്കൻവെള്ളത്തിന്റെ വരവ് കുറഞ്ഞെങ്കിലും കുട്ടനാട്ടിൽ ജലനിരപ്പ് താഴാത്തത് ആശങ്കയായി തുടരുന്നു. പാടശേഖരങ്ങളിൽ മടവീണ് വൻകൃഷിനാശമുണ്ടായി. തോട്ടപ്പള്ളി സ്‌പിൽവേയിലൂടെ കടലിലേക്കുള്ള വെള്ളമൊഴുക്ക് ഇപ്പോഴും വേഗത്തിലായിട്ടില്ല. ജില്ലയിലെ 127 ദുരിതാശ്വാസ ക്യാമ്പിലായി 6487 കുടുംബത്തിലെ 18,057 പേരുണ്ട്. ഇതിൽ 7401 പുരുഷന്മാരും 8514 സ്‌ത്രീകളും 2142 കുട്ടികളും ഉൾപ്പെടും. ചെങ്ങന്നൂർ- 40, കുട്ടനാട് -33, കാർത്തികപ്പള്ളി- 23, മാവേലിക്കര- 15, ചേർത്തല- അഞ്ച്, അമ്പലപ്പുഴ -11 എന്നിങ്ങനെയാണ് ക്യാമ്പുകൾ. കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലായി 599 കഞ്ഞിവീഴ്‍ത്തൽകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കിഴക്കൻവെള്ളത്തിന്റെ വരവ് കുറഞ്ഞതിനാൽ തലവടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം പതുക്കെ ഇറങ്ങിത്തുടങ്ങി. നിരവധി റോഡുകളിലും വീടുകളുടെ പരിസരങ്ങളിലും വെള്ളം ഗണ്യമായി കുറഞ്ഞു. അമ്പലപ്പുഴ- – തിരുവല്ല സംസ്ഥാനപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. അമ്പലപ്പുഴ- –തിരുവല്ല കെഎസ്ആർടിസി ബസ് സർവീസുകൾ പുനരാരംഭിച്ചു. വെള്ളപ്പൊക്കത്തിന് അയവുണ്ടായതോടെ ക്ഷേത്രങ്ങൾ, പൊതുസ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങളും സജീവമായി. കുട്ടനാട്ടിലെ താഴ്‍ന്നപ്രദേശങ്ങളിൽ വീടുകളിലും റോഡുകളിലും പാടശേഖരങ്ങളിലും വെള്ളക്കെട്ട് ഒഴിവായിട്ടില്ല. അതിനാൽ ദുരിതാശ്വാസ ക്യാമ്പുകളുടെയും കഞ്ഞിവീഴത്തൽ കേന്ദ്രങ്ങളുടെയും പ്രവർത്തനം തുടരുന്നു. ആലപ്പുഴ –ചങ്ങനാശേരി- റോഡിൽ വെള്ളക്കെട്ടുണ്ട്. നിലവിൽ കെഎസ്ആർടിസി അടക്കമുള്ള വലിയ വാഹനങ്ങൾ മാത്രമാണ് പോകുന്നത്. എടത്വ മേഖല വെള്ളക്കെട്ടിലാണ്. ചേർത്തല താലൂക്കിൽ വെള്ളക്കെട്ടുമൂലമുള്ള ദുരിതം രൂക്ഷമായി തുടരുന്നുണ്ട്. ആറായിരത്തോളം വീടുകളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്.










0 comments