ad
Deshabhimani

ഒന്ന‍‍് നിൽക്കണേ, 
വെടിയരുത് ജാഗ്രത

Flood
വെബ് ഡെസ്ക്

Published on Aug 08, 2026, 01:41 AM | 3 min read

ആലപ്പുഴ

പ്രളയജലം ഇറങ്ങിത്തുടങ്ങിയാലും ദുരിതം അവസാനിക്കുന്നില്ല. പതിയിരിക്കുന്ന കെടുതികളെ, അപകടങ്ങളെ കരുതിയിരിക്കണം... 
കെട്ടിടങ്ങളുടെയും ചുമരുകളുടെയും മതിലിന്റെയുമടക്കം സുരക്ഷ ഉറപ്പാക്കാതെ വീട്ടിലേക്ക് 
പ്രവേശിക്കരുത്. ഇലക്ട്രിക്‌ വയറിങ്ങും 
പാചകവാതക കണക്ഷനും തകരാറിലാകാം. 
പ്രളയജലവും ചെളിയും നിറഞ്ഞ വീടകങ്ങളിൽ ഇഴജന്തുക്കൾ പതിയിരിക്കാം. മലിനജലം 
എലിപ്പനിയടക്കം പകർച്ചവ്യാധികൾ 
ക്ഷണിച്ചുവരുത്താം. വെള്ളത്തിലായ 
വാഹനങ്ങളുടെ ഉപയോഗമാണ് മറ്റൊരു 
വെല്ലുവിളി. പ്രളയശേഷം വീടുകളിലും 
സ്‌കൂളുകളിലും ജീവിതം മറ്റൊന്നായിരിക്കും. 
സുരക്ഷാ മുൻകരുതലും ജാഗ്രതയും 
തന്നെയാണ്‌ അതിജീവനത്തിന് ആദ്യപാഠം

1. ഒറ്റയ്‌ക്ക് വീടുകളിലേക്ക് മടങ്ങാതിരിക്കുക. ഒരുമിച്ചു മടങ്ങാൻ ശ്രദ്ധിക്കണം. കുട്ടികളെ ആദ്യഘട്ടത്തിൽ ഒഴിവാക്കണം. ​2. വീട് വൃത്തിയാക്കുന്നതിന് മുന്പായി കെട്ടിടം, പാചക വാതകം,- വൈദ്യുതി എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തണം. വൈദ്യുതി മെയിൻസ്വിച്ച് വീട്ടിനകത്ത് കയറും മുന്പ്‌ ഓഫ് ചെയ്യുക. ​3. ഗ്ലൗസ്‌, ഗംബൂട്സ്, മാസ്‌ക്‌ എന്നീ മുൻകരുതലുകൾ എടുക്കുക. 4. ഗെയിറ്റ്, വാതിൽ, ജനാല എന്നിവ തുറക്കുമ്പോൾ ശ്രദ്ധിക്കുക. ചളി, കെട്ടിടത്തിന്റെ ഭദ്രത എന്നിവ അനുസരിച്ച് തുറക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം. ​5. വാതിലും ജനാലയും തുറന്നശേഷം കുറച്ചുസമയം തുറന്നിടണം. അതിനുശേഷം മാത്രം അകത്തുകടക്കുക. ​6. വീട്ടുപരിസരത്ത് മൃഗങ്ങളുടെ ജഢം ഉണ്ടെങ്കിൽ സ്പർശിക്കരുത്‌ ​7. രാത്രി കാലങ്ങളിൽ വീട്ടിലേക്കുപോകുന്നത് ഒഴിവാക്കുക. ​8. മുറിവുകൾ ഉണ്ടെങ്കിൽ ചെളിവെള്ളം തട്ടാതെ നോക്കണം (ബൂട്സ്‌ ഉപയോഗിക്കാൻ ശ്രമിക്കുക). നിർബന്ധമായും ഇവർ ടെറ്റനസ് കുത്തിവയ്‌പ്പെടുക്കണം. ​​

വൃത്തിയാക്കുമ്പോൾ 
അറിയേണ്ടത്

1. വീടും പരിസരവും വൃത്തിയാക്കാൻ ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിക്കാം (10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിങ് പൗഡർ കലക്കി ഉപയോഗിക്കുക). ചൂടുവെള്ളവും ബ്ലീച്ചിങ് പൗഡർ ലായനിയും ഉപയോഗിച്ച് വേണം നിലംവൃത്തിയാക്കാൻ. ബ്ലീച്ചിങ് പൗഡറിന് പകരം ഡിറ്റർജെന്റും ഉപയോഗിക്കാം. 2.എല്ലാ വീട്ടുപകരണങ്ങളും വസ്തുക്കളും നന്നായി തുടച്ചുവൃത്തിയാക്കണം. 3. വസ്ത്രങ്ങൾ 60 ഡിഗ്രി ചൂട് വെള്ളത്തിൽ ഡിറ്റർജെന്റിൽ കഴുകുക. 4. ഫ്രിഡ്ജിനകത്ത് അഴുകിയ ഭക്ഷണ പദാർഥങ്ങൾ ഉണ്ടെങ്കിൽ അവ മീഥെയിൻ ഗ്യാസ് ഉണ്ടാക്കും. തുറക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. 5.  മലിനമായ ഭക്ഷണ സാമഗ്രികൾ പൂർണമായും ഉപേക്ഷിക്കുക. ​കിണറ്റിലെ സൂപ്പർ 
ക്ലോറിനേഷൻ

കിണറ്റിലെ വെള്ളത്തിന്റെ അളവനുസരിച്ച് 1,000 ലിറ്ററിന് അഞ്ച്‌ ഗ്രാം എന്ന നിലയിൽ ബ്ലീച്ചിങ് പൗഡർ എടുക്കുക. ഒരു ബക്കറ്റിൽ ഈ ബ്ലീച്ചിങ് പൗഡർ കുഴമ്പുപരുവത്തിൽ ആക്കിയ ശേഷം അതിലേക്ക് മുക്കാൽ ബക്കറ്റോളം വെള്ളം നിറയ്‌ക്കുകയും 10 മിനുറ്റിന് ശേഷം അതിന്റെ മുകളിലെ ക്ളോറിൻ കലർന്ന തെളി കിണറ്റിലേക്ക് കപ്പിയുടേയും കയറിന്റെയും സഹായത്തോടെ താഴ്‌ത്തേണ്ടതാണ്. ഒരു മണിക്കൂറിനുശേഷം മാത്രമേ ഈ വെള്ളം ഉപയോഗിക്കാവൂ. ​

ഭക്ഷണത്തിലെ ശ്രദ്ധ

1. വെള്ളപ്പൊക്കസമയത്ത് ഭക്ഷണം കൈകാര്യം ചെയ്യുമ്പോഴും കഴിക്കുമ്പോഴും കൈകൾ നന്നായി കഴുകി വൃത്തിയാക്കണം 2. പാചകത്തിനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങൾ ബ്ലീച്ചിങ് പൗഡർ ലായനിയോ ഡിറ്റർജന്റോ ഉപയോഗിച്ച് അണുവിമുക്തമാക്കുക. 3. ഭക്ഷണം നന്നായി പാകംചെയ്ത്‌ മാത്രം കഴിക്കുക. 4. കുടിക്കാനുപയോഗിക്കുമ്പോൾ 20 മിനിട്ട് തിളപ്പിച്ച ശേഷം അടച്ചു സൂക്ഷിക്കുക. ​

അസുഖങ്ങളെക്കുറിച്ച്

1. പനി, ശരീരവേദന, തലവേദന, മൂത്രത്തിലെ കടും നിറം, ശരീരത്തിലേ തിണർപ്പ്‌, അമിതമായ വയറുവേദന, വയറിളക്കം, നിർത്താത്ത ഛർദ്ദി, കലശലായ ചുമ എന്നിങ്ങനെ ഉള്ള ലക്ഷണങ്ങൾ ഉള്ളവർ ഉടനടി വൈദ്യസഹായം തേടുക. 2.എലിപ്പനി, ഡെങ്കി പനി, കോളറ, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എന്നിങ്ങനെ പലവിധ അസുഖങ്ങളും വെള്ളപ്പൊക്ക സമയത്തോ, അതിനുശേഷമുള്ള ആഴ്‌ചകളിലോ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. 3. ചെളിയിലും മറ്റും വൃത്തിയാക്കുന്നവർ മുൻകരുതലായി ഡോക്സിസൈക്ലിൻ ഗുളിക (100 mg യുടെ രണ്ടു ഗുളിക ) കഴിക്കുന്നതുവഴി എലിപ്പനി തടയാം. ​

മാനസിക പിരിമുറുക്കങ്ങളെ നേരിടാം

1. ദുരന്തം നേടിട്ട്‌ ബാധിച്ചവർക്ക് ഉറക്കക്കുറവ്, അമിതമായ സംഭ്രമം, പ്രതീക്ഷയില്ലായ്മ, വിഷാദം, ദേഷ്യം, കുറ്റബോധം എന്നീ മാനസിക ബുദ്ധിമുട്ടുകളുണ്ടാവാം. ശാരീരിക അസ്വാസ്ഥ്യങ്ങൾ കൂടുക, പകർച്ച വ്യാധികളെ കുറിച്ചുള്ള അമിതമായ ഭയം, ഉറക്കമില്ലായ്മ, ഭീതിയുളവാക്കുന്ന സ്വപ്‌നങ്ങൾ, മാസങ്ങൾക്ക് ശേഷമുള്ള പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോഡർ എന്നീ പ്രശ്നങ്ങളും നേരിടാം. 2.  മെഡിറ്റേഷൻ, ശ്വാസോച്ഛാസ വ്യായാമം, മിതമായ വ്യായാമം എന്നിങ്ങനെ റിലാക്സേഷൻ മുറകൾ ചെയ്യുന്നത് നല്ലതാണ്. 3.  പരസ്‌പരം കേൾക്കുന്നതും പ്രശ്നങ്ങൾ പങ്കുവെക്കുന്നതും നല്ലതാണ്. 4. ദുരന്തത്തിന്റെ ഭീതി ഉളവാക്കുന്ന വീഡിയോ, ഫോട്ടോ എന്നിവ വീണ്ടും വീണ്ടും ഷെയർ ചെയ്യാതിരിക്കുക. 5.  ആത്മഹത്യ ചിന്തകൾ, ഉന്മേഷമില്ലായ്മ, ഉറക്കക്കുറവ്, സന്തോഷിക്കാൻ കഴിയാത്ത അവസ്ഥ, താൽപര്യക്കുറവ് എന്നിവ കടുത്ത വിഷാദലക്ഷണങ്ങളാവാം. നിർബന്ധമായും സൈക്യാട്രിസ്റ്റിന്റെ സഹായം തേടുകയും മരുന്ന് കഴിക്കുകയും വേണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home