ad
Deshabhimani

കുറഞ്ഞചെലവിൽ നീന്തൽ പഠിക്കാം പൊലീസിനൊപ്പം

മുട്ടിക്കുളങ്ങര വിളിക്കുന്നു; വരൂ 'മീന്‍' ആകാം

മുട്ടിക്കുളങ്ങരയിലെ നിള അക്വാട്ടിക് 
സ്‌പോർട്സ് ആൻഡ്‌ ട്രെയിനിങ്‌ സെന്ററിൽ നീന്തൽ പരിശീലനത്തിനെത്തിയവർ

മുട്ടിക്കുളങ്ങരയിലെ നിള അക്വാട്ടിക് 
സ്‌പോർട്സ് ആൻഡ്‌ ട്രെയിനിങ്‌ സെന്ററിൽ നീന്തൽ പരിശീലനത്തിനെത്തിയവർ

avatar
വൈ എൻ മനോജ്‌കുമാർ ​

Published on Aug 08, 2026, 01:01 AM | 2 min read

മുട്ടിക്കുളങ്ങര

പേര്‌ മുട്ടിക്കുളങ്ങര. എന്നാൽ ഏതൊരാൾക്കും ഇവിടെ വന്നാൽ കുളക്കരയിൽ ഇരിക്കണ്ട. ധൈര്യപൂർവം വെള്ളത്തിലിറങ്ങാം. പിന്നെ മീനിനെപ്പോലെ ഓളപ്പരപ്പിൽ കുതിച്ചുപായാം. കാൽ നനയ്‌ക്കാൻ പോലും പേടിക്കുന്നവർ മുട്ടിക്കുളങ്ങരയിലെ നിള അക്വാട്ടിക് സ്‌പോർട്സ് ആൻഡ്‌ ട്രെയിനിങ്‌ സെന്ററിൽ എത്തിയാൽ നീന്തൽ പഠിച്ചേ പോകൂ... കാരണം അത്രയ്‌ക്ക്‌മെച്ചമാണ്‌ ഇവിടുത്തെ സ‍ൗകര്യവും പരിശീലനവും. ആരോഗ്യസംരക്ഷണത്തിനും ജീവരക്ഷയ്ക്കും നീന്തൽ പരിശീലനം ഒഴിച്ചുകൂടാനാവാത്ത കാലഘട്ടത്തിൽ, ജില്ലയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി ശ്രദ്ധ നേടുകയാണ് ഇ‍ൗ ട്രയിനിങ്‌ സെന്റർ. കെഎപി രണ്ടാം ബറ്റാലിയൻ ക്യാമ്പിൽ പ്രവർത്തിക്കുന്ന നീന്തൽ പരിശീലനകേന്ദ്രം കുറഞ്ഞ കാലംകൊണ്ട്‌ കായികപ്രേമികളുടെയും സാധാരണക്കാരുടെയും പ്രിയപ്പെട്ട ഇടമായി. ​​

വിദഗ്‌ധ പരിശീലനം 
കുറഞ്ഞ ഫീസിൽ

പൊലീസ് ക്യാമ്പിന്റെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിൽ രണ്ടാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡറുടെ മേൽനോട്ടത്തിലാണ് പരിശീലനം. പൊലീസ് നീന്തൽ വിദഗ്‌ധരാണ് നേതൃത്വം നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും വനിതാ പരിശീലകരുടെ സേവനവും ലഭ്യമാണ്. ആറ് വയസ്സിനു മുകളിലുള്ളവർക്കാണ് പ്രവേശനം. 15 ദിവസം കൊണ്ടാണ് നീന്തൽ പഠിപ്പിക്കുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. മറ്റു പരിശീലനകേന്ദ്രങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫീസ് മാത്രമാണ്‌ ഇ‍ൗടാക്കുന്നത്‌. കഴിഞ്ഞ വർഷംമാത്രം 500 പേരാണ് നീന്തൽ പരിശീലനം പൂർത്തിയാക്കിയത്. സമീപത്തെ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി 10 ദിവസം ഓരോ മണിക്കൂർ വീതം പരിശീലനം നൽകുന്ന പ്രത്യേക പദ്ധതിയും തുടങ്ങി. രാവിലെ 6.30 മുതൽ വൈകിട്ട് 7.30 വരെയാണ് പരിശീലന സമയം. ജില്ലാ നീന്തൽ മത്സരങ്ങൾക്കും വേദിയാകാറുണ്ട്. കായിക രംഗത്തേക്ക് ചുവടുവയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മികച്ച മാതൃകയാണിത്‌.

ആധുനിക 
സൗകര്യങ്ങളും 
മികച്ച നിർമാണവും

1.17 കോടി രൂപ ചെലവിൽ നിർമിച്ച നീന്തൽക്കുളം 2023-ലാണ് പ്രവർത്തനം തുടങ്ങിയത്. 25 മീറ്റർ നീളവും 20 മീറ്റർ വീതിയുമായി 8 ട്രാക്കുകളുള്ള നീന്തൽക്കുളം ജില്ലയിലെ ഏറ്റവും വലിയ നീന്തൽ പരിശീലനകേന്ദ്രമാണ്. കെഎപി രണ്ടാം ബറ്റാലിയന്റെ പ്രധാന ഗേറ്റിൽനിന്ന് 600 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 8 അടി വരെ ആഴമുണ്ടെങ്കിലും വശങ്ങളിൽ 5 അടി വരെ മാത്രം താഴ്‌ചയുള്ളത് തുടക്കക്കാർക്ക് ഭയമില്ലാതെ പരിശീലിക്കാൻ സഹായമാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ശുചിമുറികളുണ്ട്. വസ്ത്രം മാറുന്ന മുറികളും ഷവറുകളും, ഒപ്പം കാണികൾക്കായി വിശാലമായ ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home