ചെന്നൈയ്‌ക്ക് തലയനക്കം

ലഖ്നൗവിനെതിരെ ചെന്നെെ ക്യാപ്റ്റൻ എം എസ് ധോണി ബൗണ്ടറി നേടുന്നു
ലഖ്‌നൗ : ഒടുവിൽ മഹേന്ദ്ര സിങ് ധോണിയിലൂടെ ചെന്നൈ സൂപ്പർ കിങ്സ് ജീവൻ വീണ്ടെടുക്കുന്നു. ഐപിഎൽ ക്രിക്കറ്റിൽ തുടർച്ചയായ അഞ്ച് തോൽവിക്കുശേഷം ജയത്തോടെ തിരിച്ചുവരവ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. എന്നിട്ടും ഏഴ് കളിയിൽ രണ്ട് ജയത്തോടെ നാല് പോയിന്റുമായി പട്ടികയിൽ അവസാനസ്ഥാനത്താണ്. 43–-ാം വയസ്സിലും ധോണി കാഴ്‌ചവച്ച ഓൾറൗണ്ട് മികവാണ് ജയമൊരുക്കിയത്. അതിനുള്ള അംഗീകാരമായി ‘മാൻ ഓഫ് ദി മാച്ച് ’ബഹുമതിയും സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന പ്രായംകൂടിയ താരമാണ്. ധോണിയുടെ പ്രായം 43 വർഷവും 280 ദിവസവും.
രാജസ്ഥാൻ റോയൽസ് താരമായിരുന്ന പ്രവീൺ ടാംബെ 2014ൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെയുള്ള കളിയിൽ മികച്ച താരമായപ്പോൾ പ്രായം 42 വർഷവും 208 ദിവസവുമായിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 166 റണ്ണാണ് എടുത്തത്. ചെന്നൈ 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 168 റണ്ണടിച്ചു. ഏഴാമനായി ഇറങ്ങിയ ധോണി 11 പന്തിൽ 26 റണ്ണുമായി പുറത്താവാതെനിന്നു. അതിനിടെ നാല് ഫോറും ഒരു സിക്‌സറുമടിച്ചു. ശിവം ദുബെയുമായി ചേർന്ന് ആറാം വിക്കറ്റിൽ 57 റൺ നേടി. ദുബെ 37 പന്തിൽ 43 റണ്ണുമായി പുറത്താകാതെനിന്നു. ഓപ്പണർമാരായ രചിൻ രവീന്ദ്രയും (37) ഷെയ്‌ഖ് റഷീദും (27) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ രാഹുൽ ത്രിപാഠിയും (9) രവീന്ദ്ര ജഡേജയും (7) വിജയ് ശങ്കറും (9) തിളങ്ങിയില്ല.
ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിരയിൽ ക്യാപ്‌റ്റൻ ഋഷഭ് പന്താണ് (49 പന്തിൽ 63) ടോപ് സ്‌കോറർ. നാല് വീതം ഫോറും സിക്‌സറും അടിച്ചാണ് സ്‌കോർ ഒരുക്കിയത്. മിച്ചെൽ മാർഷ് (30), ആയുഷ് ബദൊനി (22), അബ്‌ദുൽ സമദ് (20) എന്നിവർ പിന്തുണ നൽകി. സമദിനെ പുറത്താക്കിയ റണ്ണൗട്ട് ധോണിയുടെ മികവിന് ഉദാഹരണമായി. ഋഷഭ് പന്തിന്റെ ക്യാച്ചെടുത്ത ധോണി ബദൊനിയുടെ മുന്നേറ്റം തടയാൻ സ്‌റ്റമ്പിങ്ങും നടത്തി.









0 comments