ചെന്നെെ തവിടുപൊടി

ചെന്നൈ: സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് തകർന്നടിഞ്ഞു. അവരുടെ പ്രിയ നായകൻ മഹേന്ദ്ര സിങ് ധോണിയ്‌ക്കും തകർച്ച തടയാനായില്ല. ഐപിഎൽ ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എട്ട് വിക്കറ്റിന് ജയിച്ചു. ആറ് കളിയിൽ ചെന്നൈയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണ്. കളിയിലെ താരമായ വെസ്‌റ്റിൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്‌നിന്റെ ഓൾറൗണ്ട് മികവാണ് കൊൽക്കത്തയ്‌ക്ക് മൂന്നാം ജയമൊരുക്കിയത്. 18 പന്തിൽ അഞ്ച് സിക്‌സറും രണ്ട് ഫോറുമടക്കം 44 റണ്ണെടുത്തു. നാല് ഓവറിൽ 13 റൺ വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി. സ്‌കോർ: ചെന്നൈ 103/9, കൊൽക്കത്ത 107/2(10.1). 59 പന്ത് ശേഷിക്കെയാണ് ഏകപക്ഷീയ ജയം. ഓപ്പണർ ക്വിന്റൺ ഡി കോക്ക് 23 റണ്ണെടുത്ത് പുറത്തായി. ക്യാപ്‌റ്റൻ അജിൻക്യ രഹാനെയും(20) റിങ്കു സിങ്ങും(15) വിജയത്തിലേക്ക് നയിച്ചു. 684 ദിവസത്തെ ഇടവേളക്ക് ശേഷം ക്യാപ്‌റ്റനായി തിരിച്ചെത്തിയ ധോണി ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ ടീമിന്റെ പ്രകടനം മറക്കാനാണ് ആഗ്രഹിക്കുക.
ഈ സ്‌റ്റേഡിയത്തിൽ ചെന്നൈയുടെ കുറഞ്ഞ സ്‌കോറാണ്. ഐപിഎല്ലിൽ അവരുടെ രണ്ടാമത്തെ കുറഞ്ഞ സ്‌കോറുമായി. ഒമ്പതാമനായി ബാറ്റെടുത്തപ്പോൾ നാല് പന്തിൽ ഒരു റണ്ണുമായി മടങ്ങി. സ്‌പിന്നർമാരാണ് ചെന്നൈയെ ചുരുട്ടിക്കെട്ടിയത്. വരുൺ ചക്രവർത്തി നാല് ഓവറിൽ 22 റൺ വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. 20 റൺ വിട്ടുകൊടുത്ത മൊയീൻ അലിയ്‌ക്ക് ഒരു വിക്കറ്റുണ്ട്. പേസർ ഹർഷിത് റാണ രണ്ട് വിക്കറ്റിനായി സംഭാവന ചെയ്‌തത് 16 റൺ മാത്രം. 31 റണ്ണുമായി പുറത്താവാതെനിന്ന ശിവം ദുബെയാണ് സ്‌കോർ 100 കടത്തിയത്. വിജയ് ശങ്കറും(29) രാഹുൽ തൃപാഠിയും(16), ഡെവൻ കോൺവെയും(12) മാത്രമാണ് ഇരട്ടയക്കം കണ്ടത്. ചെന്നൈ ആകെ അടിച്ചത് ഒറ്റ സിക്‌സറും എട്ട് ഫോറും.









0 comments