ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു കളിക്കില്ല

PHOTO: X/Indian Cricket Team
മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിൽ മലയാളി താരമായ സഞ്ജു വി സാംസണ് സ്ഥാനം പിടിക്കാൻ സാധിച്ചില്ല. ശുഭ്‌മാൻ ഗിൽ ആണ് ടീമിന്റെ വൈസ് ക്യാപ്‌റ്റൻ. പരിക്ക് കാരണം ദീർഘ കാലം പുറത്തിരുന്ന ഷമി ടീമിലേക്ക് തിരിച്ചെത്തി.
ക്യാപ്‌റ്റൻ രോഹിത് ശർമയും ടീം ചീഫ് സെലക്‌ടർ അജിത്ത് അഗാക്കറും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ പരിക്കേറ്റ ജസ്‌പ്രീത് ബുമ്രയും ടീമിലുൾപ്പെട്ടിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിലെ ടീം വെെസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ടീമിലെ പ്രധാന ഓൾ റൗണ്ടർ. ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവർ ഒരുമിച്ച് ടീമിലെത്തുന്നത്. പാണ്ഡ്യ, ബുമ്ര എന്നിവരെ മറികടന്നാണ് ശുഭ്മാൻ ഗിൽ ടീം വെെസ് ക്യാപ്റ്റനായത്.
വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തതാണ് സഞ്ജുവിന് തിരിച്ചടിയായതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതേ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു മലയാളി ബാറ്ററായ കരുൺ നായർക്കും ടീമിലിടം നേടാൻ സാധിച്ചില്ല. ഋഷഭ് പന്തും കെ എൽ രാഹുലുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, യശസ്വി ജയ്സ്വാൾ എന്നിവർക്ക് പുറമേ ശ്രേയസ് അയ്യറാണ് ടീമിലെ മറ്റൊരു ബാറ്റർ.
ഹാർദിക് പാണ്ഡ്യയോടൊപ്പം രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ടീമിലെ ഓൾ റൗണ്ടർമാരായുള്ളത്. കഴിഞ്ഞ ഏകദിന ലോകകപ്പിലുൾപ്പെടെ ടീമിലുണ്ടായിരുന്ന പേസർ മുഹമ്മദ് സിറാജ് ടീമിൽ നിന്ന് പുറത്തായി. ഷമി, ബുമ്ര എന്നിവരോടൊപ്പം അർഷ്ദീപ് സിങ്ങാണ് മറ്റൊരു പേസറായി ടീമിലുള്ളത്. കുൽദീപ് യാദവാണ് ടീമിലെ സ്പിന്നർ.
മുൻ ക്യാപ്റ്റനും സീനിയർ താരവുമായ വിരാട് കോഹ്ലിയും ടീമിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത് കൊണ്ടിരിക്കുന്ന യുവതാരം യശ്വസി ജയ്സ്വാളും ടീമിലിടം പിടിച്ചു. ചാമ്പ്യൻസ് ട്രോഫിയിലൂടെ ഏകദിന അരങ്ങേറ്റത്തിന് കൂടിയാണ് ജയ്സ്വാൾ ഒരങ്ങുന്നത്. ചാമ്പ്യൻസ് ട്രോഫിയിലേക്കായി പ്രഖ്യപിച്ച ടീം തന്നെയായിരുക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇറങ്ങുക. ഇവരോടൊപ്പം ഹർഷിത് റാണയും ഇംഗ്ലണ്ടിനെതിരെ ഇറങ്ങും.
ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, യശസ്വി ജയ്സ്വാൾ.









0 comments