print edition വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ചുറി മേളം

ദേവ്‌ദത്ത് പടിക്കൽ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ ദിനം. കേരളത്തിനായി സഞ്‌ജു സാംസണും രോഹൻ കുന്നുമ്മലും സെഞ്ചുറിയടിച്ചപ്പോൾ എതിരാളികളായ ജാർഖണ്ഡിന്റെ കുമാർ കുശാഗ്രയും മൂന്നക്കം കണ്ടു. കർണാടകത്തിനായി ദേവ്‌ദത്ത് പടിക്കൽ സീസണിലെ നാലാം സെഞ്ചുറിയും സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, തിലക് വർമ എന്നിവരും സെഞ്ചുറി നേടി. അവസാന അഞ്ച് കളിയിൽനിന്നാണ് ദേവ്‌ദത്തിന്റെ നാലാം സെഞ്ചുറി.
ത്രിപുരയ്‌ക്കെതിരെയായിരുന്നു നാലാമത്തേത്. 120 പന്തിൽ 108 റൺ നേടിയ ദേവ്‌ദത്ത് കർണാടകത്തിന് 80 റണ്ണിന്റെ ജയവുമൊരുക്കി. ലിസ്‌റ്റ് എ ക്രിക്കറ്റിൽ 37 ഇന്നിങ്‌സിൽ 13 സെഞ്ചുറിയാണ് ഇടംകൈയന്. ഹാർദിക് കന്നിസെഞ്ചുറിയാണ് കുറിച്ചത്. വിദർഭയ്‌ക്കെതിരെ ബറോഡയ്‌ക്കായി 92 പന്തിൽ 133 റണ്ണടിച്ചു. 11 സിക്‌സറും എട്ട് ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. 39–ാം ഓവർ തുടങ്ങുംമുന്പ് 62 പന്തിൽ 66 റണ്ണെന്ന നിലയിലായിരുന്നു ഹാർദിക്. പാർഥ് രഖാഡെയുടെ ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്‌സറും ഒരു -ഫേ-ാറും പറത്തിയാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ഒന്പതിന് 293 റണ്ണെടുത്ത ബറോഡയ്‌ക്ക് ജയിക്കാനായില്ല. അമൻ മൊഖാഡെയുടെ (121 പന്തിൽ 150) പ്രകടനത്തിൽ വിദർഭ ഒന്പത് വിക്കറ്റിന് ജയിച്ചു. അക്‌സറും കന്നി സെഞ്ചുറിയാണ് നേടിയത്.
ആന്ധ്രയ്‌ക്കെതിരെ ഗുജറാത്തിനായി 111 പന്തിൽ 130 റൺ നേടി. രണ്ട് വിക്കറ്റും നേടിയ അക്‌സർ ഗുജറാത്തിന് ഏഴ് റണ്ണിന്റെ ജയമൊരുക്കി. ബംഗാളിനായി അഭിമന്യു ഇൗശ്വരൻ 116 പന്തിൽ 102 റണ്ണെടുത്തു. അസമിനെ 85 റണ്ണിനാണ് തോൽപ്പിച്ചത്. പേസർ മുഹമ്മദ് ഷമി ബംഗാളിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. ഹെെദരാബാദിനായി ക്യാപ്റ്റൻ തിലക് വർമ ഛണ്ഡീഗഢിനെതിരെ 109 പന്തിൽ 118 റണ്ണെടുത്തു. 136 റൺ ജയമാണ് ഹെെദരാബാദിന്. ഋഷഭ് പന്തിന്റെ (37 പന്തിൽ 67*) മികവിൽ ഡൽഹി സർവീസസിനെതിരെ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി.
മറ്റൊരു മത്സരത്തിൽ മഹാരാഷ്ട്ര മുംബെെയെ 128 റണ്ണിന് തകർത്തു. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്രട ആറ് വിക്കറ്റ് നഷ്ടത്തിൽ 366 റണ്ണെടുത്തു. അർഷിൻ കുൽക്കർണി (114), പൃഥ-്വി ഷാ (71), ക്യാപ്റ്റൻ ഋതുരാജ് ഗെയ്-ക്ക്-വാദ് (66) എന്നിവർ മഹാരാഷ്ട്രയ്--ക്കായി മികച്ച സ്-കോർ നേടി. മറുപടിക്കെത്തിയ മുംബെെ 42 ഓവറിൽ 238ന് പുറത്തായി. യശസ്വി ജയ്സ്വാൾ മൂന്ന് റണ്ണെടുത്ത് പുറത്തായി. 92 റണ്ണെടുത്ത അങ്ക്കൃഷ് രഘുവൻഷിയാണ് ടോപ് സ്-കോറർ. പഞ്ചാബ് സിക്കിമിനെ പത്ത് വിക്കറ്റിന് തകർത്തു. പത്തോവറിൽ 34 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത അർഷ്ദീപ് സിങ്ങിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം.










0 comments