ഏകദിന-ട്വന്റി 20 ഫോർമാറ്റുകൾക്ക് ഒറ്റ നായകനിലേക്ക് ബിസിസിഐ; പട്ടികയിൽ മുന്നിൽ ശ്രേയസ് അയ്യർ

ശ്രേയസ് അയ്യർ | X/Shreyas Iyer
മുംബൈ: ഐപിഎൽ 2026 സീസണിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ നിർണായക മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ. ഏകദിന, ട്വന്റി 20 ഫോർമാറ്റുകൾക്ക് ഒരൊറ്റ നായകനെ നിയമിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഈ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേരിനാണ് മുൻഗണനയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ശ്രേയസിനെ ട്വന്റി 20 ടീമിലേക്ക് തിരികെ വിളിക്കാൻ ഒരുങ്ങുകയാണ്. സൂര്യകുമാർ യാദവ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ശ്രേയസിന് ടീമിന്റെ നായകസ്ഥാനം നൽകാനാണ് സാധ്യത. രണ്ട് ഫോർമാറ്റുകൾക്കും ഒരു നായകൻ എന്ന ബോർഡിന്റെ നയമനുസരിച്ച് ഏകദിന ടീമിന്റെ ചുമതലയും ശ്രേയസിന് ലഭിച്ചേക്കും.
അടുത്ത സീസണിനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോൾ ഇന്ത്യൻ ട്വന്റി 20 ടീമിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് ബിസിസിഐ വൃത്തങ്ങൾ എൻഡിടിവിയോട് സ്ഥിരീകരിച്ചു. ശ്രേയസിന്റെ സമീപകാല ഫോമിൽ ബോർഡ് സംതൃപ്തരാണ്.
"പുതിയ ട്വന്റി 20 ടീമിനെ പ്രഖ്യാപിക്കുമ്പോൾ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ട്വന്റി 20, ഏകദിന ടീമുകളെ നയിക്കാൻ ഒരാളെയാണ് ഞങ്ങൾ നോക്കുന്നത്. യുവപ്രതിഭകളെയും പരിചയസമ്പന്നരെയും ഒരുപോലെ പരിഗണിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രേയസ് മികച്ച രീതിയിൽ കളിക്കുന്നുണ്ട്; പരിക്കുകൾ നിർഭാഗ്യകരമായിരുന്നു," - ബിസിസിഐ പ്രതിനിധി പറഞ്ഞു.
2026ലെ ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തതിന് പിന്നാലെ 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലും ടീമിനെ നയിക്കാൻ സൂര്യകുമാർ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ, രോഹിത് ശർമ്മയിൽ നിന്ന് ശുഭ്മാൻ ഗിൽ ഏകദിന ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടെ ഗില്ലിനെയായിരുന്നു ക്യാപ്റ്റനായി കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ശ്രേയസ് അയ്യരെ നേതൃസ്ഥാനത്തേക്ക് പരീക്ഷിക്കാനാണ് ബിസിസിഐയുടെ ഉന്നതതല തീരുമാനം.
ജൂൺ ആറിന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റോടെയാണ് ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങൾ പുനരാരംഭിക്കുന്നത്. തുടർന്ന് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും നടക്കും. ജൂൺ അവസാന വാരം അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കായി ഇന്ത്യൻ ടീം തിരിക്കും.









0 comments