വരുമാനം 9741.7 കോടി രൂപ , ഐപിഎൽ വഴി 59 ശതമാനം
ഐപിഎൽ ബമ്പർ ; ബിസിസിഐ വരുമാനത്തിൽ വർധന

ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം

Sports Desk
Published on Jul 19, 2025, 04:36 AM | 1 min read
ന്യൂഡൽഹി
ഐപിഎൽ ക്രിക്കറ്റിന്റെ പണക്കരുത്തിൽ ബമ്പറടിച്ച് ബിസിസിഐ. 9741.7 കോടി രൂപയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ 2023–-24 സാമ്പത്തിക വർഷത്തെ വരുമാനം. ഇതിൽ 59 ശതമാനവും ഐപിഎല്ലിൽനിന്നാണ്–- 5761 കോടി രൂപ. ഐപിഎൽ ഇതര സംപ്രേക്ഷണവകാശംവഴി 361 കോടി രൂപ നേടി. മുപ്പതിനായിരം കോടി രൂപയാണ് ബിസിസിഐയുടെ ശേഖരത്തിലുള്ളത്. ഓരോ വർഷവും അതിന്റെ പലിശയായി ഏകദേശം 1000 കോടി രൂപയും ലഭിക്കുന്നുണ്ട്. 10–-12 ശതമാനം വരുമാന വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് ക്രിക്കറ്റ് ബോർഡുകളേക്കാൾ വലിയ അന്തരത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. ആകെ വരുമാനത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ക്രിക്കറ്റ് ഓസ്‌ട്രേലിയയുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സാമ്പത്തികമായി ആശ്രയിക്കുന്നതും ബിസിസിഐയെയാണ്.
2007ലാണ് ബിസിസിഐ ഐപിഎൽ ക്രിക്കറ്റ് ആരംഭിക്കുന്നത്. ഓരോ വർഷവും സംപ്രേക്ഷണവകാശം, പരസ്യങ്ങൾ എന്നിവയിലൂടെ വരുമാനം വർധിച്ചു. സംപ്രേക്ഷണാവകാശത്തിലൂടെയാണ് ഐപിഎല്‍ മുഖ്യവരുമാനം വരുന്നത്.
വനിതാ പ്രീമിയർ ലീഗ്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങൾ എന്നിവയും വരുമാനത്തിന്റെ ഭാഗമാണ്. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ, ടൂർണമെന്റുകൾ എന്നിവയുടെ സംപ്രേക്ഷണവകാശത്തിൽനിന്നാണ് മറ്റൊരു വരുമാനം. ഇതിനൊപ്പം ഐസിസി വരുമാന വിഹിതമായ 1000 കോടി രൂപയും പ്രതിവർഷം ലഭിക്കും.
അതേസമയം, ഐപിഎല്ലിനെ കൂടുതൽ ആശ്രയിക്കുന്നത് അപകടരമാകുമെന്നാണ് വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യ–-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് സീസണിൽ മത്സരങ്ങൾ ഒരു ഘട്ടത്തിൽ മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു. അത്തരം സാഹചര്യങ്ങളുണ്ടായാൽ അത് തിരിച്ചടിയാകും.
ആഭ്യന്തര ടൂർണമെന്റുകളായ രഞ്‌ജി ട്രോഫി, ദുലീപ് ട്രോഫി, സി കെ നായുഡു തുടങ്ങിയവ കൃത്യമായി വാണിജ്യവൽക്കരിച്ചാൽ ബോർഡിന് വരുമാനം ഇനിയും വർധിപ്പിക്കാനാകുമെന്ന് സാമ്പത്തിക വിദഗ്‌ധനായ സന്ദീപ് ഗോയൽ പറഞ്ഞു.
2023–-24ലെ ബിസിസിഐയുടെ വാർഷിക വരുമാനം
ആകെ: 9741.7 കോടി രൂപ
ഐപിഎൽ– 5761 കോടി
ഐസിസി വിഹിതം– 1042 കോടി
പലിശവഴി –- 987 കോടി
ഐപിഎൽ ഇതര സംപ്രേക്ഷണാവകാശം–361 കോടി
വനിതാ പ്രീമിയർ ലീഗ്– 378 കോടി
ഇന്ത്യൻ പുരുഷ ടീം പര്യടനങ്ങൾ– 361 കോടി
മറ്റുള്ളവ –400 കോടി.









0 comments