‘ഏപ്രില്‍ ആദ്യം തന്നെ വിരാട് ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു’; ഒടുവിൽ ബിസിസിഐ പ്രതികരണം

ബിസിസിഐ യോഗത്തിനിടെ. PHOTO: Facebook/Indian Cricket Team

Sports Desk
Published on May 24, 2025, 05:22 PM | 2 min read
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരാട് കോഹ്‌ലിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ മൗനം വെടിഞ്ഞ് ബിസിസിഐ. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനിടെയാണ്, ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കർ കോഹ്‌ലിയുടെ വിരമിക്കലിനെ കുറിച്ച് പ്രതികരിച്ചത്. ഏപ്രിൽ മാസം തുടക്കം തന്നെ ടെസ്റ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായി വിരാട് കോഹ്‌ലി ബോർഡിനെ അറിയിച്ചിരുന്നുവെന്ന് അഗാർക്കർ പറഞ്ഞു.
ക്യപ്‌റ്റൻ രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. മെയ് 12നായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു റെഡ് ബോൾ ക്രിക്കറ്റിൽ ഇനി കളിക്കില്ലെന്ന കാര്യം കോഹ്‌ലി അറിയിച്ചത്.
‘ഏപ്രില്‍ ആദ്യം തന്നെ വിരാട് ഞങ്ങളുമായി ബന്ധപ്പെടുകയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതായി പറയുകയും ചെയ്തു'– അഗാര്‍ക്കര്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപു തന്നെ കോഹ്‌ലി തന്റെ വിരമിക്കല്‍ തീരുമാനം എടുത്തിരുന്നുവെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി.
ടെസ്റ്റിൽ അവസാനം കളിച്ച 37 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1,990 റണ്‍സ് മാത്രമായിരുന്നു കോഹ്‌ലിക്ക് നേടാന്‍ കഴിഞ്ഞത്. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ശേഷം താരത്തിന് ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ പരമ്പരയ്‌ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരാട് കോഹ്‌ലിയുടെ വിരമിക്കൽ വാർത്തകൾ ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നു. ടെസ്റ്റിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കോഹ്ലി ബിസിസിഐയെ അറിയിച്ചതായുള്ള വാർത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Related News
14 വർഷക്കാലം ഇന്ത്യയ്ക്കായി 123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ താരത്തിന്റെ ബാറ്റിൽ നിന്ന് 30 സെഞ്ച്വറികളുൾപ്പെടെ 9230 റൺസാണ് ആകെ പിറന്നത്. ഇന്ത്യയെ ഏറ്റവും കുടുതൽ ടെസ്റ്റ് ജയങ്ങളിൽ നയിച്ച ക്യാപ്റ്റനും കോഹ്‌ലിയാണ്.
ടെസ്റ്റിൽ ഏറ്റവും കുടുതൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡും ഈ ഡൽഹിക്കാരന്റെ പേരിൽ തന്നെ. ഏഴ് ഇരട്ട സെഞ്ചുറികളാണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. മികച്ച ഫീൽഡർ കൂടിയായ കോഹ്‌ലി ടെസ്റ്റിൽ നിന്ന് മാത്രം 121 ക്യാച്ചുകൾ കെെപ്പിടിയിലാക്കിയിട്ടുണ്ട്.









0 comments