ഐപിഎല്ലിൽ 'സ്മാർട്ട് ഗോഗിൾസിന്' ബിസിസിഐ വിലക്ക്; നിയമം ലംഘിച്ചാൽ കടുത്ത നടപടി

പ്രതീകാത്മക ചിത്രം
മുംബൈ: നിലവിലുള്ള ഐപിഎൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ 'സ്മാർട്ട് ഗോഗിൾസ്' ഉപയോഗിക്കുന്നതിനും കൈവശം വെയ്ക്കുന്നതിനും എതിരെ കർശന വിലക്കുമായി ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ്.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് പുതിയ നടപടി.മേയ് 18-ന് ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് കൈമാറിയ പ്രോട്ടോക്കോളിന്റെ വിവരങ്ങൾ ആണ് പുറത്തുവന്നത്.
കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ലഭ്യമാകുന്ന ചില അത്യാധുനിക സ്മാർട്ട് സൺഗ്ലാസുകളിൽ ലൈവ് സ്ട്രീമിംഗ്, മെസ്സേജിംഗ്, മൊബൈൽ ഡാറ്റ അല്ലെങ്കിൽ വൈഫൈ വഴിയുള്ള ഓഡിയോ-വീഡിയോ കോളിംഗ് ഫീച്ചറുകൾ അടങ്ങിയിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കുന്നു.
പ്ലേയേഴ്സ് ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയ (പിഎംഓഎ) മാനദണ്ഡങ്ങൾ പ്രകാരം ഈ സ്മാർട്ട് ഗ്ലാസുകളെ 'ഓഡിയോ,വീഡിയോ റെക്കോർഡിംഗ്', 'കമ്മ്യൂണിക്കേഷൻ' ഉപകരണങ്ങളുടെ പരിധിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഇവ പ്ലേയേഴ്സ് ഏരിയയിൽ പൂർണ്ണമായും നിരോധിച്ചു.
മത്സരദിവസങ്ങളിൽ ഡഗ്ഔട്ട് ഉൾപ്പെടെയുള്ള നിശ്ചിത പരിധിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി കളിക്കാരും സ്റ്റാഫും തങ്ങളുടെ മൊബൈൽ ഫോണുകൾക്കും സ്മാർട്ട് വാച്ചുകൾക്കുമൊപ്പം ഈ സ്മാർട്ട് ഗ്ലാസുകളും 'സെക്യൂരിറ്റി ലെയ്സൺ ഓഫീസർക്ക്' കൈമാറണം.
നിർദ്ദേശം ലംഘിക്കുന്നത് ഗുരുതര പ്രോട്ടോക്കോൾ വീഴ്ചയായി കണക്കാക്കി പിഴയടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ബിസിസിഐ അറിയിച്ചു.







0 comments