വിപണി കീഴടക്കി കുടുംബശ്രീ

കൊല്ലം
ഓണവിപണിയിൽ നാടൻ പച്ചക്കറികൾക്കും പൂക്കൾക്കും കരുത്തേകി കുടുംബശ്രീയുടെ വനിതാ കർഷകർ. ‘ഓണക്കനി’, ‘നിറപ്പൊലിമ’ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ 928 ഏക്കറിലാണ് കുടുംബശ്രീ ജെഎൽജി അംഗങ്ങളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. കൃഷിയിടത്തിൽനിന്ന് നേരിട്ട് ഉപഭോക്താവിലേക്കെത്തിക്കുന്ന രീതിയിലാണ് ഓണച്ചന്തകൾ ഒരുക്കിയത്. ജില്ലയിലെ 68 സിഡിഎസുകൾ തരിശുഭൂമികൾ കൃഷിയോഗ്യമാക്കിയും കൃഷിഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷി വ്യാപിപ്പിച്ചത്. വിലക്കയറ്റം നേരിടുന്ന പൂവിപണിയിൽ നാടൻ പൂക്കളുടെ ലഭ്യത വർധിപ്പിക്കാൻ ‘നിറപ്പൊലിമ’യിലൂടെ കഴിഞ്ഞു. ബന്തി, ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, മുല്ല തുടങ്ങിയ ഇനങ്ങൾ 102.65 ഏക്കറിൽ കൃഷി ചെയ്തു. നാടൻ കിഴങ്ങുവർഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ 360 ഏക്കറിൽ ചേന, ചേമ്പ്, മരച്ചീനി തുടങ്ങിയവ കൃഷിചെയ്തു. 311 ഏക്കറിൽ ഏത്തവാഴ കൃഷിയും നടത്തി. പടവലം, പാവൽ, വെണ്ട, വഴുതന, പയർ തുടങ്ങിയ വിവിധയിനം പച്ചക്കറികളും ഇക്കുറി കൃഷിചെയ്തു. ഓണച്ചന്തകൾ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ വിവിധയിനം പച്ചക്കറികളുടെയും പൂക്കളുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു.










0 comments