ad
Deshabhimani

നന്മകൾ കൈവിടാതെ ഓണപ്പൊലിമ കാത്തുസൂക്ഷിക്കാം

editorial.
വെബ് ഡെസ്ക്

Published on Aug 26, 2026, 01:31 AM | 2 min read

ഓണംപോലെ മലയാളിയെ ഒരുമിപ്പിക്കുന്ന മറ്റൊരാഘോഷവുമില്ല. ലോകമെമ്പാടുമുള്ള കേരളീയർ ജാതിമത ഭേദമില്ലാതെ ഒരുമനസ്സായി ഒത്തുകൂടുന്ന വേള. പൂക്കളവും ഊഞ്ഞാലും ഓണക്കോടിയും ഓണസദ്യയുമൊക്കെയായി ഗ്രാമനഗരങ്ങളിൽ ഒന്നാകെ കൊണ്ടാടുന്ന ഏക ഉത്സവം. ഓരോ ഓണവും നൽകുന്നത്‌ ഒട്ടേറെ മധുരസ്‌മരണകളാണ്‌. അടുത്ത ഓണത്തിനായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന സമഭാവനയുടെ ജീവിതഗന്ധിയായ പ്രതീക്ഷകൂടിയാണ്‌ നമുക്ക്‌ ഓണം.


​‘നാലഞ്ച്‌ തുന്പകൊണ്ട്‌ മാനത്ത്‌ ആഘോഷിക്കുന്ന’ ഓണത്തെക്കുറിച്ച്‌ പി ഭാസ്‌കരനും ‘ഓമനത്തിങ്കളിലോണം പിറക്കുമ്പോൾ താമരക്കുമ്പിളിൽ പനിനീര്. ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഓരോ കുമ്പിൾ കണ്ണീര്. മണ്ണിനോരോ കുമ്പിൾ കണ്ണീര്...’ എന്ന്‌ വയലാറും എഴുതിയത്‌ കേരളത്തിന്റെ ഇന്നലെകളുടെ നേർചിത്രമായിരുന്നു. കാലം മാറിയപ്പോൾ പട്ടിണിയും അരിഷ്‌ടതകളുമെല്ലാം കുറഞ്ഞ്‌ മലയാളി എന്തും ആഘോഷമാക്കുന്ന സ്ഥിതിയിലേക്ക്‌ എത്തി. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ ആഘോഷങ്ങളിലും ഭക്ഷണത്തിലും വസ്‌ത്രധാരണത്തിലുമെല്ലാം പുതിയകാലത്തിന്റെ രീതികൾ സ്വാംശീകരിക്കപ്പെട്ട്‌ ഓണവും ‘വൈബ്‌ മോഡി’ലായി.


​വിപണിയുടെ ആഘോഷംകൂടിയാണ്‌ ഇന്ന്‌ ഓണം. ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാതെ മലയാളികൾക്ക്‌ ഓണം ആഘോഷിക്കാനാകില്ല. വാണിജ്യ ഉത്സവമായി പരിവർത്തനപ്പെടുന്നതിനാൽ കേരളത്തിന്റെ സാന്പത്തികമേഖലയിൽ വലിയ ചലനം ഉണ്ടാക്കുന്ന ആഘോഷകാലംകൂടിയാണിത്‌. അതുകൊണ്ടുതന്നെ ഇ‍ൗ നാളുകളിലെ വിലക്കയറ്റം വല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കും. പ്രത്യേകിച്ചും നിത്യവരുമാനക്കാരായ സാധാരണക്കാരെ. കഴിഞ്ഞ വർഷങ്ങളിൽ നാടെങ്ങും ഓണച്ചന്തകൾ സജീവമായിരുന്നു. മാവേലിസ്‌റ്റോറുകളും റേഷൻ കടകളും വഴി സബ്‌സിഡി സാധനങ്ങൾ ആവശ്യത്തിന്‌ വിതരണം ചെയ്‌തിരുന്നതിനാൽ വിലക്കയറ്റം തടഞ്ഞുനിർത്താനായി.


പൊതുവിപണിയേക്കാൾ വളരെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കി. ഇന്ന്‌ അത്തരത്തിൽ ഇടപെടൽ ഉണ്ടാകാത്തതാണ്‌ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനുകാരണം. മുൻഗണനാ ഇതര വിഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ അരിയുടെ വില കൂട്ടിയതും സൗജന്യ ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടതും പാവങ്ങൾക്ക്‌ ബുദ്ധിമുട്ടാകും. സ്‌ത്രീസുരക്ഷാ പദ്ധതി നിർത്തലാക്കിയതും സാധാരണവീട്ടമ്മമാരെ ബാധിക്കും. പൊതുവിതരണ ശൃംഖല വഴി വിപണിയിൽ കാര്യക്ഷമമായി ഇടപെട്ട് ന്യായവിലയ്‌ക്ക്‌ സാധനങ്ങൾ ലഭ്യമാക്കുന്നതിൽ വീഴ്‌ച സംഭവിച്ചു. ആനുകൂല്യങ്ങളും ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ധനസഹായങ്ങളും കൃത്യസമയത്ത്‌ എത്തിച്ചുനൽകിയാൽ മാത്രമേ എല്ലാവർക്കും അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ കഴിയൂ.


​ഓണവും വിഷുവും ക്രിസ്‌മസും പെരുന്നാളുമൊക്കെ കുടുംബത്തോടൊപ്പം നാട്ടിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന മലയാളി അതിന്‌ നൽകേണ്ട വില കനത്തതാണ്‌. ട്രെയിൻ ടിക്കറ്റുകൾ നേരത്തേതന്നെ ബുക്ക്‌ ചെയ്യപ്പെടുന്നതിനാൽ നാട്ടിൽപ്പോക്ക്‌ ഒഴിവാക്കേണ്ട സ്ഥിതിയാണ്‌. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള സ്വകാര്യ ബസുകൾ ഇ‍ൗടാക്കുന്നത്‌ അമിത തുകയാണ്‌. രണ്ടും മൂന്നും ഇരട്ടി പണംനൽകി യാത്ര ചെയ്യണം. ഗത്യന്തരമില്ലാതെയാണ്‌ വിദ്യാർഥികളും മറുനാടൻ മലയാളികളും അവയെ ആശ്രയിക്കുന്നത്‌. കൂടുതൽ ട്രെയിനുകളും പുതിയ കോച്ചുകളും അനുവദിക്കണമെന്ന കേരളത്തിന്റെ അഭ്യർഥന കേന്ദ്രഭരണാധികാരികൾ ചെവിക്കൊള്ളുന്നില്ല. അതിനുവേണ്ടി ശബ്‌ദമുയർത്താൻ ഇടതുപക്ഷ എംപിമാർ മാത്രമേ തയ്യാറാകുന്നുള്ളൂ. കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിക്കാൻ മുൻസർക്കാർ വിളിച്ച യോഗംപോലും സ്ഥിരമായി ബഹിഷ്‌കരിച്ച യുഡിഎഫ്‌ എംപിമാരുണ്ട്‌. ദീർഘകാലം ആ പദവിയിലിരുന്നവരുടെ റെയിൽവേ രംഗത്തെ ഇടപെടലുകളാകട്ടെ ട്രെയിനിന്‌ സ്‌റ്റോപ്പ്‌ അനുവദിക്കുന്പോൾ ഫ്‌ളക്‌സ്‌ സ്ഥാപിക്കുന്നതിലൊതുങ്ങുന്നു. നിറഞ്ഞുകവിഞ്ഞ ട്രെയിനുകളിലെ തീരാത്ത ദുരിതയാത്രയാണ്‌ മലയാളിയുടെ ഓണപ്പാച്ചിലുകൾ. അവധിക്കാലത്തെ വിമാനക്കൂലി വർധനയാകട്ടെ പ്രവാസികളെ പിഴിയലാണ്‌. അതുകൊണ്ട്‌ പ്രവാസികൾ അവധിക്കാലത്ത്‌ നാട്ടിൽ വരാൻ മടിക്കുന്നു.


​ഏത്‌ പ്രതിസന്ധികാലത്തെയും മുറിച്ചുകടക്കാൻ മലയാളിക്ക്‌ ഉൾക്കരുത്തുണ്ടാകുന്നത്‌ വേർതിരിവുകളില്ലാത്ത ആഘോഷങ്ങളുടെ കൂട്ടായ്‌മയിൽനിന്നാണ്‌. മതവും ജാതിയും പറഞ്ഞ്‌ അതില്ലാതാക്കാൻ ശ്രമിക്കുന്നവരുണ്ട്‌. ചേർത്തുനിർത്തലുകൾക്ക്‌ പകരം കാലുഷ്യത്തിന്റെ കാർമുകിൽ പരത്തി ഓണത്തിന്റെ ഐതിഹ്യംപോലും മാറ്റിമറിക്കാൻ ചിലർ ആസൂത്രിതശ്രമം നടത്തുന്നു. അവരെയാണ്‌ ഇരുണ്ടകാലത്തേക്ക്‌ ചവിട്ടിത്താഴ്‌ത്തേണ്ടത്‌. എല്ലാവരും ആമോദത്തോടെ വസിക്കുന്ന നാട്‌ എന്ന ഓണസങ്കൽപ്പം ചുറ്റും നിറയുന്പോഴും ചില വിനാശകരമായ വാസനകളും പ്രവർത്തനങ്ങളും സമൂഹത്തിൽ തീരാനോവ്‌ പടർത്തുന്നു. ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും പരക്കുന്നതിൽ ആശങ്ക രേഖപ്പെടുത്താതെ വയ്യ. അടുത്ത കാലത്തുണ്ടായ സംഭവപരന്പരകൾ കേരളത്തിന്റെ മനഃസാക്ഷിയെത്തന്നെ പിടിച്ചുകുലുക്കുന്നു. ​ആർദ്രതയും കരുണയും സഹജീവിസ്‌നേഹവുമെല്ലാം ചോർന്നുപോയാൽ ഇല്ലാതാകുന്നത്‌ മാവേലിനാടിന്റെ പെരുമയാണ്‌. നന്മകൾ പൂക്കുന്ന വരുംകാല പ്രതീക്ഷയുടെ സ‍ൗരഭ്യമാണ്‌ ഓണം. അതിന്റെ സ‍ൗന്ദര്യം മായ്‌ച്ചുകളയാൻ ശ്രമിക്കുന്നതെന്തും നാം തിരിച്ചറിഞ്ഞ്‌ ക‍ൂട്ടായി ചെറുക്കണം. അതാകട്ടെ ഇത്തവണ കൈമാറാനുള്ള ഓണസന്ദേശം. ഏവർക്കും ദേശാഭിമാനിയുടെ ഓണാശംസ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home