ഉത്രാടം ഓടിത്തീർത്തു
ഇന്ന് പൊന്നോണം

ചൊവ്വ പകല്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്
കോഴിക്കോട്
മുറ്റത്ത് പൂക്കളങ്ങൾ നിറഞ്ഞു, പുത്തൻ കോടിയുടുത്ത് സദ്യയുണ്ണാൻ വീട്ടകങ്ങൾ തയ്യാറായിക്കഴിഞ്ഞു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശമായി നാട് ബുധനാഴ്ച തിരുവോണം ആഘോഷിക്കും. വീട്ടുമുറ്റത്ത് സൊറ പറഞ്ഞ് ഒത്തുകൂടൽ ഉത്സവമാക്കുന്ന ദിനത്തെ വരവേൽക്കാൻ ദിവസങ്ങൾക്കുമുന്നേ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ദൂരദേശങ്ങളിൽ കഴിയുന്നവർ കുടുംബത്തിനൊപ്പം ഓണമാഘോഷിക്കാൻ എത്തിച്ചേർന്നു. നാട്ടിൻപുറങ്ങളിലും ആഘോഷ പരിപാടി പൊടിപൊടിക്കുകയാണ്. പലതരം മത്സരങ്ങളും കലാപരിപാടികളും നാടാകെ നടക്കുന്നു. ഉത്രാട നാളിൽ തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഓട്ടത്തിലായിരുന്നു. കഴിഞ്ഞദിവസം പെയ്ത മഴ ചൊവ്വാഴ്ചയും തുടർന്നതോടെ രാവിലെ പലയിടത്തും ആളൊഴിഞ്ഞു. ഉച്ചയോടെ താൽക്കാലികമായി മഴ മാറിനിന്നതോടെയാണ് വിപണികൾ സജീവമായത്. വൈകിട്ടായതോടെ തിരക്ക് കൂടി. സദ്യവട്ടങ്ങൾക്കുള്ള സാധനങ്ങളും ഓണക്കോടിയും പൂക്കളും വാങ്ങാൻ ജനം കൂട്ടമായി എത്തിയതോടെ പ്രധാന നഗരങ്ങൾ തിരക്കിലായി. മിഠായിത്തെരുവിൽ പ്രവേശന കവാടംമുതൽ അവസാനംവരെ സാധനം വാങ്ങാനെത്തിയവരുടെ വലിയ നിര ദൃശ്യമായി. വസ്‌ത്ര വ്യാപാര കേന്ദ്രങ്ങൾ, പലചരക്ക് കടകൾ, ഗൃഹോപകരണ വിൽപ്പനശാലകൾ എന്നിവിടങ്ങളിലെല്ലാം ജനങ്ങൾ നിറഞ്ഞു. ഉപഭോക്താക്കളെ ആകർഷിക്കാൻ വിവിധ സ്ഥാപനങ്ങൾ ഓഫറുകൾ ഉൾപ്പെടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മിക്ക കടകളും രാത്രി വൈകിയും പ്രവർത്തിച്ചു. ജില്ലാ ഓണഘോഷ ഭാഗമായി വിവിധ പരിപാടി കോഴിക്കോട് ബീച്ചിലും നഗരത്തിലെ വിവിധ വേദികളിലായും നടക്കുകയാണ്. അവശ്യസാധനങ്ങൾക്കെല്ലാം വില കുതിച്ചുയർന്നതോടെ വിലക്കയറ്റത്തിന്റെ ഓണംകൂടിയാണ് ഇത്തവണത്തേത്. കോഴിക്കോട് ബീച്ചിൽ ആരംഭിച്ച സപ്ലൈകോ ഓണം മെഗാ ഫെയർ മാറ്റിയത് ജനങ്ങൾക്ക് ഇരുട്ടടിയായി.









0 comments