ad
Deshabhimani

ഓണക്കാലം

സിവിൽ സപ്ലൈസ് വകുപ്പ് വിജയിച്ചത് പിആർ പ്രവർത്തനങ്ങളിൽമാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2026, 12:42 AM | 2 min read

സ്വന്തം ലേഖകൻ കൊല്ലം ‘കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് വിജയിച്ചത് പിആർ പ്രവർത്തനങ്ങളിൽ മാത്രമാണ്‌. കച്ചവടം 200കോടി പിന്നിട്ടു, 300 കോടിയിലേക്ക് പോകുന്നു എന്നിങ്ങനെ നിരന്തരം സോഷ്യൽ മീഡിയ കാർഡുകൾ പ്രചരിപ്പിക്കുകയാണ് സർക്കാർ. ഈ സന്ദർഭത്തിൽ വിഷയത്തിന്റെ യാഥാർഥ്യം പരിശോധിക്കുന്നത് നന്നായിരിയ്ക്കും’–മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ എഫ്‌ബി പോസ്‌റ്റിൽ കുറിച്ചതാണിത്‌. പൊതുവിപണിയിൽ സർക്കാർ ഇടപെടാത്തതുമൂലം ഓണക്കാലത്തുണ്ടായ വിലക്കയറ്റത്തെ കുറിച്ചാണ്‌ പോസ്‌റ്റ്‌. കഴിഞ്ഞ ഓണ സീസണിൽ സപ്ലൈകോയുടെ കച്ചവടം 387കോടിയാണ്‌. 57ലക്ഷം പേർ സപ്ലൈകോയിൽനിന്ന് സാധനങ്ങൾ വാങ്ങി. ഇ‍പ്പോഴത്തെ ഓണം സീസണിൽ ഇതുവരെ സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങിയത് കേവലം 30ലക്ഷത്തിലധികം പേർ മാത്രമാണ്. കഴിഞ്ഞ വർഷത്തേതിന്റെ നേർപകുതി. പൊതുവിപണിയിൽ പഞ്ചസാരയുടെയും അരിയുടെയും പലവ്യഞ്ജനങ്ങളുടെയും വില റോക്കറ്റുപോലെ കുതിച്ചുയരുന്നു. പഞ്ചസാരയുടെ വില 80 രൂപയ്ക്ക് അടുത്തെത്തി. വില പിടിച്ചുനിർത്താനാകാതെ സർക്കാർ നോക്കുകുത്തിയാകുന്നത് ദയനീയകാഴ്ചയാണ്. കഴിഞ്ഞ 10 വർഷക്കാലം കേരളത്തിൽ ഓണക്കാലത്ത് റേഷൻ കടകളിലൂടെയും സപ്ലൈകോ മാർക്കറ്റുകളിലൂടെയും നൽകിവന്ന സഹായങ്ങൾ യുഡിഎഫ് സർക്കാർ ഇത്തവണ നിർദയം വെട്ടിക്കുറച്ചു. കഴിഞ്ഞവർഷംവരെ റേഷൻകടകൾ വഴി നീല,- വെള്ള കാർഡ് ഉടമകൾക്ക് പത്തുരൂപ 90പൈസ നിരക്കിൽ ഓണക്കാലത്ത് നിലവാരമുള്ള 10 കിലോ അരി വീതം നൽകിയിരുന്നു. ഇപ്പോൾ അതിന്റെ വില 26രൂപയാണ്. കിലോയ്ക്ക് 15ലധികം രൂപയുടെ വർധന. കൂടാതെ എല്ലാ കാർഡ് ഉടമകൾക്കും സപ്ലൈകോ ഔട്ട്‍ലെറ്റുകൾ വഴി 26രൂപയ്ക്ക് 20കിലോ അരി വരെ വാങ്ങാൻ കഴിയുമായിരുന്നു. ആ പദ്ധതിയും ഇപ്പോൾ ഏതാണ്ട് നിലച്ചമട്ടാണ്. ഭൂരിഭാഗം സപ്ലൈകോ ഔട്ട്‍ലെറ്റുകളിലും സാധനങ്ങൾ സ്റ്റോക്കില്ലെന്ന് മാധ്യമങ്ങൾ പറയുന്നു. റേഷൻ കടകളിൽ ഓണക്കിറ്റം പൂർണമായി എത്തിച്ചില്ല. കേരളം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ പകച്ചുനിൽക്കുകയാണ്. ഏറ്റവും രസകരമായകാര്യം, യാഥാർഥ്യം ഇതായിരിക്കിലും മുഖ്യമന്ത്രി പറയുന്നത് എല്ലാ ഇടപെടലുകളും സർക്കാർ നടത്തി എന്നാണ്. കേരളത്തിന്റെ പൊതുവിതരണ രംഗത്ത് കാര്യക്ഷമമായ ഒരു ഇടപെടലും നടത്താതെ, ജനങ്ങളുടെ ജീവിതം ഇത്രയും ദുസഹമാക്കിയതിന് ശേഷവും ഇങ്ങനെയൊക്കെ പറയുന്നതിന് ചില്ലറ ധൈര്യംപോര. മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത് മുൻ വർഷങ്ങളിലെ വിപണി ഇടപെടലുകൾ സംബന്ധിച്ച കണക്കുകളും ഈ വർഷത്തെ കണക്കുകളും താരതമ്യംചെയ്യുക എന്നതാണ്. പച്ചക്കള്ളം പ്രചരിപ്പിച്ചും പിആർ വർക്ക് നടത്തിയും ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് സതീശൻ സർക്കാർ ഓർക്കുന്നത് നന്നായിരിയ്ക്കുമെന്ന്‌ പറഞ്ഞാണ്‌ ബാലഗോപാൽ എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home