ad
Deshabhimani

താരങ്ങൾക്ക് വ്ലോഗിംങിന് വിലക്ക്; ഐപിഎല്ലിൽ ചട്ടങ്ങൾ കടുപ്പിച്ച് ബിസിസിഐ

bcci

Photo Credit: AFP

വെബ് ഡെസ്ക്

Published on May 08, 2026, 06:01 PM | 1 min read

മുംബൈ: ഐപിഎൽ താരങ്ങൾ സാമൂഹിക മാധ്യമങ്ങൾക്കായി വ്ലോഗുകൾ ചെയ്യുന്നത് ബിസിസിഐ കർശനമായി വിലക്കി.


പഞ്ചാബ് കിങ്‌സ് താരം അർഷ്ദീപ് സിംഗിന്റെ വ്ലോഗിൽ സഹതാരം യുസ്‌വേന്ദ്ര ചഹൽ വിമാനത്തിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചതായി ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി.


സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യരുതെന്ന് അർഷ്ദീപിന് ബിസിസിഐ ഓപ്പറേഷൻസ് ടീം നിർദ്ദേശം നൽകി.


അഹമ്മദാബാദിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ ടീം അംഗങ്ങൾക്കൊപ്പമുള്ള അർഷ്ദീപിന്റെ വ്ലോഗിലെ ചില ദൃശ്യങ്ങളാണ് വിവാദത്തിന് കാരണമായത്.


വിമാനത്തിനുള്ളിൽ വെച്ച് ചഹൽ വേപ്പ് ഉപയോഗിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളിലെ ഒരു വിഭാഗം ആരാധകർ ആരോപിച്ചു.


വിഷയത്തിൽ താരമോ ഫ്രാഞ്ചൈസിയോ പ്രതികരിച്ചിട്ടില്ലെങ്കിലും, നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികൾ ക്യാമറയിൽ പതിഞ്ഞത് ബിസിസിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.


നേരത്തെ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഇ-സിഗരറ്റ് ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് ബിസിസിഐ പിഴ ചുമത്തിയിരുന്നു.


വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പത്ത് ഫ്രാഞ്ചൈസികൾക്കുമായി ഏഴ് പേജുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബിസിസിഐ പുറത്തിറക്കി. താരങ്ങളെ ലക്ഷ്യമിട്ടുള്ള 'ഹണിട്രാപ്പ്' സാധ്യതകളെക്കുറിച്ച് ബോർഡ് മുന്നറിയിപ്പ് നൽകി.


ടീം മാനേജറുടെ മുൻകൂർ അനുമതിയില്ലാതെ സുഹൃത്തുക്കളോ ബന്ധുക്കളോ പോലും താരങ്ങളുടെ മുറിയിൽ പ്രവേശിക്കാൻ പാടില്ല.


ടീം ഹോട്ടലുകളിലും മറ്റും ബിസിസിഐ ഏജന്റുകൾ മിന്നൽ പരിശോധനകൾ നടത്തുമെന്നും ലംഘനങ്ങൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു.


മത്സരത്തിനിടെ ടീം ഉടമകൾ ഡഗ് ഔട്ടിലുള്ള താരങ്ങളുമായോ പരിശീലകരുമായോ ആശയവിനിമയം നടത്തുന്നതിനും വിലക്കുണ്ട്.


സ്റ്റേഡിയം പരിസരത്തോ ഡ്രസ്സിംഗ് റൂമിലോ ഇ-സിഗരറ്റുകൾ ഉപയോഗിക്കുന്നത് ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് ബിസിസിഐ ഓർമ്മിപ്പിച്ചു.


വിസിറ്റർമാരുടെ വിവരങ്ങളും താരങ്ങളുടെ യാത്രകളും കൃത്യമായി രേഖപ്പെടുത്താൻ ടീം മാനേജർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


അച്ചടക്കം ഉറപ്പാക്കാൻ സീസണിന്റെ അവസാന ഘട്ടത്തിൽ കൂടുതൽ കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നാണ് ബിസിസിഐ നൽകുന്ന സൂചന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home