ad
Deshabhimani

കേന്ദ്ര ഗ്രാമവികസനമന്ത്രിക്ക്‌ ബൃന്ദ കാരാട്ടിന്റെ കത്ത്‌: ഗ്രാമീണ ഇന്ത്യ ദുരിതത്തിൽ; തൊഴിലുറപ്പ്‌ പുനഃസ്ഥാപിക്കണം

brinda 1
വെബ് ഡെസ്ക്

Published on Jun 30, 2026, 01:45 AM | 1 min read

ന്യൂഡൽഹി: ​കേന്ദ്രസർക്കാർ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ചതിനുശേഷം ഗ്രാമീണ ഇന്ത്യ ദുരിതക്കയത്തിലായെന്നു ചൂണ്ടിക്കാണിച്ച്‌ സിപിഐ എം മുതിർന്നനേതാവ്‌ ബൃന്ദ കാരാട്ട്‌ കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവ്‌രാജ്‌ സിങ് ച‍ൗഹാന്‌ കത്തുനൽകി.


രാജസ്ഥാനിലെ ഉദയ്‌പുർ ജില്ലയിലെ ബറാപാലയിലെ തൊഴിലുറപ്പ്‌ തൊഴിലാളികളെ കണ്ട്‌ പ്രയാസങ്ങൾ നേരിട്ട്‌ മനസ്സിലാക്കിയശേഷമാണ്‌ കത്തയച്ചത്. ബറാപാലയിൽ സ്‌ത്രീകളുൾപ്പടെയുള്ള തൊഴിലാളികൾ രാവിലെ 6.30 മുതൽ 10 വരെ കൊടുംചൂടിൽ കാത്തുനിന്നു.


നാല്‌ മണിക്കൂറിനുശേഷം ‘അറ്റൻഡൻസ്‌ രേഖപ്പെടുത്താൻ ഇന്റർനെറ്റ്‌ ബന്ധമില്ലെന്ന്‌ ’ പറഞ്ഞ്‌ അധികൃതർ തൊഴിലാളികളെ മടക്കിയയച്ചു.

തൊഴിലുറപ്പ്‌ പദ്ധതി റദ്ദാക്കിയസാഹചര്യത്തിൽ, പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ തൊഴിൽ ഉറപ്പാക്കുമെന്ന്‌ കേന്ദ്രം പാർലമെന്റിൽ ഉറപ്പുനൽകിയിരുന്നു.


എന്നാൽ ബറാപാലയിലെ തൊഴിലാളികൾക്ക്‌ ജനുവരി മുതൽ ജ‍‍ൂൺ വരെ 18 ദിവസം മാത്രമാണ്‌ തൊഴിൽ ലഭിച്ചത്‌. ബയോമെട്രിക്ക്‌ മുഖം തിരിച്ചറിയൽ സംവിധാനത്തിൽ കണ്ണുകൾ വ്യക്തമാകുന്നില്ലെന്ന കാരണം പറഞ്ഞ്‌ ഒഴിവാക്കിയതായും പരാതിയുണ്ട്‌. ആദിവാസി മേഖലകളിലും സമാനസാഹചര്യമാണ്‌.


മേയ്‌ 22ന്‌ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ പകരമുള്ള വിബി ജിആർഎഎംജി നിയമം നടപ്പാക്കുന്നതിനുള്ള എട്ട്‌ ചട്ടങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. തൊഴിലാളി സംഘടനകളുമായോ യൂണിയനുകളുമായോ ചർച്ച നടത്തിയില്ല. ഭരണഘടനയുടെ 258ാം അനുച്ഛേദപ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഹനിക്കുന്നു.


ജനസംഖ്യ കുറഞ്ഞ കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ദേശീയശരാശരിയേക്കാൾ കൂടുതൽ പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കിയിട്ടും ആവശ്യമായ ഫണ്ട്‌ അനുവദിക്കുന്നില്ല. തൊഴിലാളികളെവിരുദ്ധ ചട്ടങ്ങൾ പിൻവലിച്ച്‌ പഴയ തൊഴിലുറപ്പ്‌ നിയമം തുടരണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home