print edition സംഘപരിവാറിന്റെ അയോദ്ധ്യ രാമക്ഷേത്രക്കൊള്ള; ബന്ധുക്കൾ കോടീശ്വരരായി

ന്യൂഡൽഹി: മുതിർന്ന ആർഎസ്‌എസ് നേതാവും അയോധ്യ രാമക്ഷേത്രം ട്രസ്റ്റ് അംഗവുമായ അനിൽ മിശ്രയുടെ ബന്ധുക്കൾ കാണിക്കക്കൊള്ളയിലൂടെ സമ്പാദിച്ചത് കോടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രാണപ്രതിഷ്‌ഠാ ചടങ്ങിൽ മുഖ്യആതിഥേയൻ (യജമാൻ) അനിൽ മിശ്രയും ഭാര്യ ഉഷയുമായിരുന്നു.
മോദിയുടെ ശുപാർശയിൽ ട്രസ്‌റ്റ് അംഗമായതിന് പിന്നാലെ അനിൽ മിശ്ര തന്റെ അടുത്ത ബന്ധുക്കളായ അനുകൽപ്പ് മിശ്രയെയും ലവ്‌കുശ് മിശ്രയെയും സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന സംഘത്തിൽപ്പെടുത്തി.
കാണിക്കകളും വിലപിടിപ്പുള്ള വസ്‌തുക്കളും അടിച്ചുമാറ്റിയ സംഘത്തിലുൾപ്പെട്ട ഇരുവരും വളരെ വേഗത്തിൽ കോടിപതികളായി.
മാസം 12000 രൂപ മുതൽ 15000 രൂപവരെയാണ് ക്ഷേത്രത്തിൽനിന്ന് ശമ്പളം. എന്നാൽ ഇവരുടെ സ്വത്തുക്കളുടെ മൂല്യം ശമ്പളവരുമാനത്തിന്റെ പലമടങ്ങാണ്. അയോധ്യയിലെ ബസാവ ഗ്രാമത്തിൽ 65 ലക്ഷം മതിപ്പ് വരുന്ന വീടാണ് അനുകൽപ്പ് മിശ്ര പണികഴിപ്പിച്ചത്. നിലവിലെ കാറിന് പുറമെ 25 ലക്ഷത്തിന്റെ എസ്‌യുവി കാർ ബുക്ക് ചെയ്‌തു. രണ്ടുമാസം മുമ്പ് ഗ്രാമത്തിൽ ഏഴുദിവസംനീണ്ട മതസമ്മേളനം സംഘടിപ്പിച്ചു.
ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായ്, അയോധ്യയിലെ ബിജെപി മേയറുൾപ്പെടെ സമ്മേളനത്തിനെത്തി. ലക്ഷങ്ങൾ ചെലവഴിച്ച ആഘോഷം എങ്ങനെ സംഘടിപ്പിച്ചുവെന്ന് ആശ്‌ചര്യപ്പെട്ടിരുന്ന നാട്ടുകാർക്ക് അയോധ്യക്ഷേത്രക്കൊള്ള പുറത്തുവന്നതോടെ കാര്യങ്ങൾ ബോധ്യപ്പെട്ടു.
ഒരുവർഷം മുമ്പാണ് ലവ്‌കുശ് മിശ്ര രാമക്ഷേത്രത്തിൽ ജോലിക്ക് കയറിയത്.
അടുത്തയിടെ അയോധ്യ– ലഖ്‌നൗ ദേശീയപാതയോട് ചേർന്ന് 25 ലക്ഷം രൂപ വിപണി വില വരുന്ന സ്ഥലം സ്വന്തമാക്കി. ലക്ഷങ്ങൾ മുടക്കി ബഹുനില വീടിന്റെ നിർമാണം തുടങ്ങി. സമീപകാലത്ത് ആഡംബര ബൈക്കും വാങ്ങി. അനുകൽപ്പിന്റെയും ലവ്‌കുശിന്റെയും വസതികളിൽനിന്ന് അറുപത് ലക്ഷത്തോളം രൂപ പരിശോധനയിൽ കണ്ടെടുത്തു.
8 പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ
ന്യൂഡൽഹി: അയോധ്യരാമക്ഷേത്ര കൊള്ള കേസിൽ പ്രതികളായ എട്ടുപേരെയും രണ്ടാഴ്‌ചത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. അയോധ്യയിലെ അഴിമതിവിരുദ്ധ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്‌ജി രജത് വർമ്മയുടേതാണ് നടപടി. പൊലീസ് കസ്‌റ്റഡി ആവശ്യം ഉന്നയിച്ചിരുന്നില്ല.
മൂന്നുദിവസത്തെ കസ്‌റ്റഡി കാലാവധി കഴിഞ്ഞ പ്രതികളെ വീഡിയോ കോൺ-ഫറൻസിങിലൂടെയാണ് കോടതി മുമ്പാകെ ഹാജരാക്കിയത്. പ്രതികൾക്ക് വേണ്ടി ഹാജരാകില്ലെന്ന് അയോധ്യ ബാർ അസോസിയേഷൻ അറിയിച്ചു. ഹാജരാകുന്നവരിൽനിന്നും അഞ്ചു ലക്ഷം രൂപ പിഴ ഇൗടാക്കും. ക്ഷേത്രം ട്രസ്‌റ്റിൽ ഉൾപ്പെട്ട മുതിർന്ന ആർഎസ്‌എസ് നേതാക്കളായ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ മൂന്നു ദിവസത്തിനകം അയോധ്യവിട്ടുപോകണമെന്നും അല്ലെങ്കിൽ അയോധ്യ ഉപരോധിക്കുമെന്നും ബാർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.











0 comments