കായിക ഭരണ ബിൽ ; ബിസിസിഐയും പരിധിയിൽ

ന്യൂഡൽഹി
‘ദേശീയ കായിക ഭരണ ബിൽ 2025’ കേന്ദ്ര കായികമന്ത്രി മൺസൂഖ് മാണ്ഡവ്യ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഉൾപ്പെടെ എല്ലാ കായികഭരണസമിതികൾക്കും ബാധകമാകുന്ന ചട്ടങ്ങൾ കൊണ്ടുവരുന്നതാണ് പ്രധാനമാറ്റം. വിവരാവകാശ നിയമവും ബാധകമായിരിക്കും. ഒരു കായികഇനത്തിന് ഒരു ദേശീയ ഭരണസമിതിയും സംസ്ഥാന ഭരണസമിതിയും മാത്രമേ പാടുള്ളു. കായികസംഘടനകൾക്ക് അംഗീകാരം നൽകാനും റദ്ദാക്കാനും ദേശീയ കായിക ബോർഡ് (എൻഎസ്‌ബി) രൂപീകരിക്കും. അവയുടെ പ്രവർത്തനം പരിശോധിക്കാനും അധികാരമുണ്ടാകും.
തർക്കപരിഹാരങ്ങൾക്ക് സുപ്രീംകോടതി ജഡ്‌ജിയുടെയോ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന്റെയോ നേതൃത്വത്തിൽ മൂന്നംഗ ട്രിബ്യൂണൽ രൂപീകരിക്കും. കീഴ്‌ക്കോടതികളിലേയും ഹൈക്കോടതികളിലേയും കേസുകൾ ട്രിബ്യൂണലിലേയ്‌ക്ക് മാറ്റും. വനിതകളുടെ സുരക്ഷ മുൻനിർത്തി ആഭ്യന്തര പരാതി സെല്ലുകളും രൂപീകരിക്കും. ഭാരവാഹികൾക്ക് പദവികളിൽ തുടരാനുള്ള പ്രായപരിധി 75 ആയിരിക്കും.









0 comments