ചരിത്രത്തിലിന്നോളം കാണാത്ത ക്രിക്കറ്റ് വിരുന്ന്; ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരത്തിന് ചെന്നൈ വേദിയാകും

Photo Credit:ICC
ചെന്നൈ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗ് ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ അരങ്ങേറുന്നു. 2026-27 സീസണിന്റെ ഉദ്ഘാടന മത്സരം ഡിസംബർ 12-ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.
നിലവിലെ ചാമ്പ്യന്മാരായ പെർത്ത് സ്കോർച്ചേഴ്സും മെൽബൺ റെനഗേഡ്‌സും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. 35,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ചിദംബരം സ്റ്റേഡിയത്തിൽ മത്സരം ഹൗസ്ഫുൾ ആകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കായികബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 'ജി-ഡേ നമസ്‌തേ' എന്ന പരിപാടിയിലൂടെയാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്.
മെൽബണിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ചേർന്നാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയൻ ലീഗ് മറ്റൊരു രാജ്യത്ത് വെച്ച് നടക്കുന്നത് ഇതാദ്യമായാണ്. ഈ മത്സരം മെൽബൺ റെനഗേഡ്‌സിന്റെ 'ഹോം' മത്സരമായിട്ടാണ് കണക്കാക്കപ്പെടുക.
ഭാവിയിൽ ഐപിഎൽ മത്സരങ്ങൾ ഓസ്‌ട്രേലിയയിൽ വെച്ച് നടത്താനുള്ള സാധ്യതകൾ കൂടി ഈ പരീക്ഷണം തുറന്നിടുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഷെഫീൽഡ് ഷീൽഡ് മത്സരങ്ങൾക്ക് ശേഷം നാല് ദിവസത്തെ തയ്യാറെടുപ്പ് സമയം മാത്രമാണ് താരങ്ങൾക്ക് ലഭിക്കുകയെങ്കിലും, മികച്ചൊരു ക്രിക്കറ്റ് അനുഭവം ചെന്നൈയിലെ ആരാധകർക്ക് നൽകാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകർ. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ പൂർണ്ണ പിന്തുണയോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.










0 comments