ad
Deshabhimani

ക്രിക്കറ്റ് ആവേശമായി ബിബിഎൽ ചെന്നൈയിലേക്ക്; ഓസ്‌ട്രേലിയൻ സംഘം എംഎ ചിദംബരം സ്റ്റേഡിയത്തിൽ പരിശോധന നടത്തി

BBL AT CHENNAI

എം എ ചിദംബരം സ്റ്റേഡിയത്തിലെ മത്സരത്തിന്റെ പൊതുവായ ഒരു ദൃശ്യം | Photo Credit: Getty Images

വെബ് ഡെസ്ക്

Published on May 19, 2026, 10:19 AM | 2 min read

ചെന്നൈ: ക്രിക്കറ്റ് ലോകത്തിന് പുത്തൻ ആവേശം സമ്മാനിച്ചുകൊണ്ട് ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗ് ചരിത്രത്തിലാദ്യമായി ഇന്ത്യയിലേക്ക് എത്തുന്നു. വരാനിരിക്കുന്ന 2026-27 ബിബിഎൽ സീസണിന്റെ ഉദ്ഘാടന മത്സരത്തിന് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തട്ടകമായ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം വേദിയാകാനാണ് ഒരുങ്ങുന്നത്. ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഈ ചരിത്ര പോരാട്ടത്തിന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് അനുകൂല മറുപടി നൽകിയതായാണ് സൂചന.


ഇന്ത്യൻ മണ്ണിലേക്ക് ടൂർണമെന്റ് എത്തിക്കുന്നതിന്റെ ഭാഗമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ നിന്നുള്ള അഞ്ചംഗ പ്രതിനിധി സംഘം കഴിഞ്ഞദിവസം ചെപ്പോക്ക് സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ചെന്നൈ സൂപ്പർ കിങ്സിന്റെ ഈ സീസണിലെ അവസാന ഹോം മത്സരത്തിനിടെയായിരുന്നു ഈ സന്ദർശനം.ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസും ഓസ്‌ട്രേലിയൻ സംഘത്തോടൊപ്പം സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഓസ്‌ട്രേലിയൻ സർക്കാരുമായി ചേർന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തുന്ന ഈ നീക്കത്തിന് ഇനി സർക്കാർ തലത്തിലുള്ള അന്തിമ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.


മത്സരം ഇന്ത്യയിലേക്ക് മാറ്റുമ്പോൾ വലിയ യാത്രാദൂരവും കളിക്കാരുടെ വിശ്രമസമയവും ടൂർണമെന്റ് ഷെഡ്യൂളിനെ ബാധിക്കുമെന്ന വെല്ലുവിളിയുണ്ട്. ഓസ്‌ട്രേലിയയിൽ നിന്ന് ചെന്നൈയിലേക്ക് നേരിട്ട് വിമാന സർവീസുകൾ ഇല്ലാത്തതിനാൽ ഡൽഹി വഴിയോ ബംഗളൂരു വഴിയോ ആകണം ടീമുകളുടെ യാത്ര. കൂടാതെ, ഡിസംബർ മാസം ചെന്നൈയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സമയമാണ് എന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ഓസ്‌ട്രേലിയൻ ദൃശ്യമാധ്യമ വിപണിക്ക് അനുയോജ്യമായ രീതിയിൽ ടെലിവിഷൻ സംപ്രേഷണം സുഗമമാക്കാൻ മത്സരം പകൽ സമയത്തായിരിക്കുമോ നടത്തുക എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.


മെൽബൺ സ്റ്റാർസ്, മെൽബൺ റെനഗേഡ്സ്, സിഡ്നി തണ്ടേഴ്സ് തുടങ്ങിയ പ്രമുഖ ബിബിഎൽ ക്ലബ്ബുകൾ ചെന്നൈയിൽ കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സിഡ്നി തണ്ടേഴ്സിന് വേണ്ടി ഒപ്പുവെച്ച ഇന്ത്യൻ താരം ആർ അശ്വിൻ ഈ സീസണിൽ കളിക്കേണ്ടതായിരുന്നുവെങ്കിലും പരിക്കിനെ തുടർന്ന് പിന്മാറുകയായിരുന്നു. ഈ വിദേശ മത്സര നീക്കങ്ങൾക്ക് പുറമെ, ബിബിഎൽ ഫ്രാഞ്ചൈസികളിലേക്ക് വിദേശ-സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനെച്ചൊല്ലി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡും വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിലുള്ള തർക്കങ്ങളും ചർച്ചകളും അവിടുത്തെ ആഭ്യന്തര ക്രിക്കറ്റിൽ ശക്തമായി തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home