ad
Deshabhimani

ഗ്രഹത്തെ "റോസ്റ്റ്' ചെയ്ത് നക്ഷത്രം; വെബ്ബിന്റെ പുതിയ കണ്ടെത്തൽ

hot jupiter
avatar
ഡോ. രാംലാൽ ഉണ്ണികൃഷ്ണൻ

Published on Jul 10, 2026, 11:51 AM | 2 min read

നക്ഷത്രത്തിന് ചുറ്റും കറങ്ങി സ്വയം ‘റോസ്റ്റാ’കുന്ന ഒരു ഭീമൻ ഗ്രഹത്തിന്റെ വിശേഷങ്ങൾ ശാസ്‌ത്രലോകം ചർച്ച ചെയ്യുകയാണ്‌. ഇ‍ൗ ചുട്ടുപഴുത്ത എക്സോപ്ലാനറ്റിനെപ്പറ്റി നാസയുടെ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ് ശേഖരിച്ച പുതിയ വിവരങ്ങൾ ഏറെ ക‍ൗതുകകരമാണ്‌.


വിചിത്ര ‘ഹോട്ട് ജൂപിറ്റർ’


ഭൂമിയിൽനിന്ന്‌ ഏകദേശം 217 പ്രകാശവർഷം അകലെ, സപ്തർഷികൾ (Big Dipper) നക്ഷത്രക്കൂട്ടം ഉൾപ്പെട്ട ഉർസാ മേജർ രാശിയിൽ സ്ഥിതി ചെയ്യുന്ന സൂര്യസമാനമായ നക്ഷത്രമാണ്‌ എച്ച്‌ഡി 80606. ഇ‍ൗ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹമാണ് എച്ച്ഡി 80606 ബി (HD 80606 b). വ്യാഴത്തെപ്പോലെ വലിപ്പവും നാല് മടങ്ങ് ഭാരവുമുള്ള ഈ വാതക ഭീമൻ, ഹോട്ട് ജൂപിറ്റേഴ്‌സ് (Hot Jupiters) എന്നറിയപ്പെടുന്ന ചൂടേറിയ ഭീമൻ ഗ്രഹങ്ങളുടെ ഗണത്തിൽപ്പെടുന്നു. മാതൃനക്ഷത്രത്തെ ചുറ്റാൻ 111 ദിവസം എടുക്കുന്ന ഈ ഗ്രഹം 2001ൽ കണ്ടെത്തിയിരുന്നു.


ഇതുവരെ കണ്ടെത്തിയ എക്സോപ്ലാനറ്റുകളിൽ കൂടിയ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന്റെ ഉടമയെന്നതാണ് മറ്റ്‌ ഗ്രഹങ്ങളിൽനിന്ന്‌ വ്യത്യസ്തനാക്കുന്നത്. ഭ്രമണത്തിന്റെ ഒരു ഘട്ടത്തിൽ നക്ഷത്രത്തോട് ഏറെ അടുത്തും ശേഷം വളരെ ദൂരെയുമായിരിക്കും ഈ ഗ്രഹത്തിന്റെ സ്ഥാനം.


പുതിയ കണ്ടെത്തൽ


നിഗൂഢത നിറഞ്ഞ ഈ ഗ്രഹത്തിനെപ്പറ്റി ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന്റെ കൗതുകകരമായ പുതിയ കണ്ടെത്തലുകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മാതൃനക്ഷത്രത്തോടുണ്ടാകുന്ന അതിസാമീപ്യം ഈ ഗ്രഹത്തിന്റെ താപനിലയെയും അന്തരീക്ഷ ഘടനയെയും എങ്ങനെ ബാധിക്കുമെന്നാണ് ഗവേഷകർ പഠിക്കാൻ ശ്രമിച്ചത്. കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞയായ റ്റിഫനി കതാരിയ നയിക്കുന്ന ഗവേഷണസംഘമാണ് പഠനത്തിന്‌ നേതൃത്വം നൽകിയത്‌. ജെയിംസ് വെബ്ബിലെ മിഡ്-ഇൻഫ്രാറെഡ് ഇൻസ്ട്രമെന്റിൽനിന്ന്‌ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച്‌ ഇവർ എച്ച്ഡി 80606 ബിയെ പഠിച്ചത്‌.


മാതൃനക്ഷത്രത്തിൽനിന്നുള്ള പ്രകാശം ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ, ആ അന്തരീക്ഷത്തിലുള്ള വാതകങ്ങൾ ആ പ്രകാശത്തിൽ തങ്ങളുടേതായ ‘വിരലടയാളങ്ങൾ' പതിപ്പിക്കുന്നു. ഇത്തരത്തിൽ ലഭ്യമാകുന്ന പ്രകാശത്തെ പല ഫ്രീക്വൻസികളായി വേർതിരിച്ച് ഈ അടയാളങ്ങൾ കണ്ടെത്തി, അവയോരോന്നും ഏത്‌ വാതകത്തിന്റേതാണെന്ന് തിരിച്ചറിയുകവഴി ഗ്രഹാന്തരീക്ഷത്തിലെ രാസഘടന മനസ്സിലാക്കുകയാരുന്നു ലക്ഷ്യം. അതില്‍ ഗവേഷകര്‍ വിജയിച്ചു.


ഗ്രഹം മാതൃനക്ഷത്രത്തിന്റെ ഏറ്റവും അടുത്തുവരുന്ന ചുരുങ്ങിയ സമയത്ത്‌ താപനില ഏകദേശം 600 ഡിഗ്രി സെൽഷ്യസ് ഉയരുന്നതായി അവര്‍ കണ്ടെത്തി. ഭ്രമണം ചെയ്യുന്ന ഗ്രഹം ‘വറുചട്ടിയിൽ’ ചുട്ടുപഴുക്കുന്ന അവസ്ഥ. ഇ‍ൗ അവസ്ഥയെ ‘റോസ്‌റ്റഡ്‌ എക്സോപ്ലാനറ്റ്’ എന്ന് നാസ പേരിടുകയും ചെയ്തു.


ഇത്തരം തീവ്രമായ കാലാവസ്ഥ മാറ്റങ്ങൾമൂലം ഗ്രഹാന്തരീക്ഷത്തിലെ രാസഘടനയിലും മേഘങ്ങളിലും മറ്റും വലിയ മാറ്റങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ഗവേഷകർ അനുമാനിക്കുന്നു. ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ മീഥേൻ, കാർബൺ ഡയോക്സൈഡ് എന്നീ വാതകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. ജെയിംസ് വെബ്ബിൽ നിന്നും ലഭിച്ച വിവരങ്ങളിൽ പഠനം തുടരുകയാണ്‌.


എന്താണ് എക്സോപ്ലാനറ്റുകൾ


നമ്മുടെ സൗരയൂഥത്തിന് പുറത്ത്, മറ്റ് നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെയാണ് ജ്യോതിശാസ്ത്രത്തിൽ എക്സോപ്ലാനറ്റുകൾ (Exoplanets) അഥവാ സൗരയൂഥേതര ഗ്രഹങ്ങൾ (Extrasolar planets) എന്ന് വിളിക്കുന്നത്. പാറകളാൽ രൂപംകൊണ്ടവമുതൽ, വ്യാഴത്തെപ്പോലെ വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹങ്ങൾവരെ ഈ കൂട്ടത്തിലുമുണ്ട്. ആദ്യമായി എക്സോപ്ലാനറ്റുകളുടെ കണ്ടെത്തൽ ശാസ്ത്രലോകം സ്ഥിരീകരിക്കുന്നത് 1992ൽ മാത്രമാണ്. PSR 1257+12 എന്ന പൾസാർ നക്ഷത്രത്തിന്‌ ചുറ്റും കറങ്ങുന്ന രണ്ട് എക്സോപ്ലാനറ്റുകളെയാണ് അന്ന്‌ കണ്ടെത്തിയത്. 1995ൽ സൂര്യന്‌ സമാനമായ മറ്റൊരു യുവ നക്ഷത്രത്തിന്‌ ചുറ്റും കറങ്ങുന്ന ആദ്യ എക്സോപ്ലാനറ്റിന്റെ കണ്ടെത്തലും പുറത്തുവന്നു. ഭൂമിയിൽനിന്നും ഏകദേശം 50 പ്രകാശവർഷം അകലെയുള്ള 51 പെഗാസി നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന 51 പെഗാസി ബി.


പ്രകാശത്തെ അതിന് ഘടകവർണങ്ങളായി വിഘടിപ്പിച്ച് പഠിക്കാനുപയോഗിക്കുന്ന ഹൈ-റെസല്യൂഷൻ സ്പെക്ട്രോസ്കോപ്പി മുതലായ സാങ്കേതികവിദ്യകളിൽ സമീപകാലങ്ങളിൽ ഉണ്ടായ വൻമുന്നേറ്റങ്ങൾ ഒട്ടനേകം പുതിയ എക്സോപ്ലാനറ്റുകളെ കണ്ടെത്താൻ ശാസ്ത്രലോകത്തെ സഹായിച്ചു. കഴിഞ്ഞ ജൂൺ 4 വരെയുള്ള കണക്കുകൾ പ്രകാരം ഇതേവരെ 6298 എക്സോപ്ലാനറ്റുകളെ ശാസ്ത്രജ്ഞർ ഇത്തരം പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. പ്രപഞ്ചത്തിൽ ഭൂമിക്ക് പുറത്ത് മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന മാനവരാശിയുടെ എക്കാലത്തെയും വലിയ ചോദ്യങ്ങളിലൊന്നിനുകൂടിയാണ് ശാസ്ത്രജ്ഞർ ഇത്തരം ഗ്രഹങ്ങളുടെ പഠനത്തിലൂടെ ഉത്തരം നൽകാൻ ശ്രമിക്കുന്നത്.

(സ്വീഡനിലെ ചാൽമേഴ്സ് സാങ്കേതിക സർവകലാശാലയിൽനിന്ന് ആസ്ട്രോഫിസിക്സിൽ പിഎച്ച്ഡി നേടിയ ഗവേഷകനാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home