ad
Deshabhimani

ദക്ഷിണ സ്‌പെയിനിൽ വൻ കാട്ടുതീ; 12 മരണം, 6 പേർക്ക് പരിക്ക്

spain

കാട്ടുതീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നു |Photo:Reuters

വെബ് ഡെസ്ക്

Published on Jul 10, 2026, 12:17 PM | 1 min read

മാഡ്രിഡ് : ദക്ഷിണ സ്‌പെയിനിലെ അന്ദലൂസിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ 12 പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽമേരിയയിലെ ലോസ് ഗല്ലാർഡോസിലുള്ള വനമേഖലയിലാണ് വൻ നാശനഷ്ടത്തിന് കാരണമായ ദുരന്തമുണ്ടായത്.


മേഖലയിൽ ആഞ്ഞടിച്ച ഉഷ്ണതരംഗവും 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയ കടുത്ത ചൂടുമാണ് തീ അതിവേഗം പടരാൻ കാരണമായത്. രാത്രിയിൽ കാട്ടുതീ പടർന്നുപിടിച്ചതോടെ കാറുകളിൽ രക്ഷപ്പെടാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ പലരുടെയും മൃതദേഹങ്ങൾ വാഹനങ്ങൾക്കുള്ളിൽ നിന്നാണ് കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.


പരിക്കേറ്റവരിൽ ഒരാളെ ഗുരുതരമായ പൊള്ളലുകളോടെയും മറ്റൊരാളെ പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകളോടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പൊള്ളലേറ്റ നാലുപേർക്ക് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ശുശ്രൂഷ നൽകി. സുരക്ഷ മുൻനിർത്തി പ്രദേശത്തുനിന്നും ആയിരത്തോളം താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. കൂടാതെ ഇതുവഴിയുള്ള പ്രധാന റോഡുകളെല്ലാം താൽക്കാലികമായി അടച്ചു.


പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് തീ പടർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ അധികൃതർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 150ലധികം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്‌പെയിനിന്റെ പ്രത്യേക ദുരന്തനിവാരണ സേനയായ മിലിട്ടറി എമർജൻസി യൂണിറ്റും ചേർന്നാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.


കാലാവസ്ഥാ വ്യതിയാനം മൂലം യൂറോപ്പിലാകെ താപനില ക്രമാതീതമായി ഉയരുകയാണെന്ന് കോപ്പർനിക്കസ് ക്ലൈമറ്റ് സർവീസ് വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിൽ ഈ വേനൽക്കാലത്ത് കാട്ടുതീ പടരുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം സ്‌പെയിനിൽ ഏകദേശം 3.93 ലക്ഷം ഹെക്ടർ വനഭൂമിയാണ് കാട്ടുതീയിൽ നശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home