മറ്റൊരാളെ വിവാഹം കഴിച്ചു; മുൻ കാമുകിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം

പ്രതി ബന്ദേ നവാസ് (Photo: NDTV)
ബംഗളൂരു: മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരിൽ 18കാരിയായ മുൻ കാമുകിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ബംഗളൂരുവിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദിനി ദാസിനെയും ആത്മഹത്യ ശ്രമം നടത്തിയ പ്രതി ബന്ദേ നവാസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് വർഷമായുള്ള പ്രണയം അവസാനിപ്പിച്ച് നന്ദിനി മറ്റൊരു യുവാവിനെ വിവാഹം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 9:30-ഓടെ നന്ദിനിയുടെ വീട്ടിലെത്തിയ പ്രതി ബന്ദേ നവാസ്, യുവതിയെ കത്തി കൊണ്ട് കഴുത്തിലും കൈകളിലും വാരിയെല്ലുകളിലും തുടകളിലുമായി നിരവധി തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
നന്ദിനിയെ വധിക്കാൻ ശ്രമിച്ച ശേഷം പ്രതി സ്വയം ജീവനൊടുക്കാനും ശ്രമിച്ചു. സംഭവം നടക്കുമ്പോൾ നന്ദിനിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. യുവതിയുടെ രണ്ട് ഇളയ സഹോദരങ്ങളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ഹാളിൽ വെച്ച് നന്ദിനിയെ നവാസ് ആക്രമിച്ചത്. നന്ദിനിയും നവാസും സ്വകാര്യ സ്കൂളിൽ ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. ഇക്കാലയളവിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. എന്നാൽ ഇതിനിടെ ബന്ധം അവസാനിപ്പിച്ച് നന്ദിനി മറ്റൊരാളെ വിവാഹം ചെയ്തു.
തുടർന്ന് നവാസ് കടുത്ത അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്നും പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റിട്ടും നന്ദിനി വീടിന് പുറത്തേക്ക് ഓടുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ശേഷം പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.











0 comments