ad
Deshabhimani

വി എസിന്റെ സ്‌മരണ പുതുക്കുക; ചരമവാർഷികം സമുചിതമായി ആചരിക്കാൻ സിപിഐ എം

V S Achuthanandan
വെബ് ഡെസ്ക്

Published on Jul 10, 2026, 01:16 PM | 1 min read

തിരുവനന്തപുരം: സിപിഐ എം സ്ഥാപക നേതാവും നാടിനുവേണ്ടിയുള്ള നിരവധി പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ കമ്യൂണിസ്റ്റുമായിരുന്ന വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം 21ന് സമുചിതമായി ആചരിക്കാൻ പാർടി ഘടകങ്ങളോടും ബഹുജനങ്ങളോടും സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ അഭ്യർഥിച്ചു. പാർടി ഓഫീസ്‌ അലങ്കരിച്ചും പതാക ഉയർത്തിയും അനുസ്‌മരണ സമ്മേളനം ചേർന്നും വി എസിന്റെ സ്‌മരണ പുതുക്കണം.


കയർ ഫാക്ടറി തൊഴിലാളിയായ വി എസിലെ നേതാവിനെ കണ്ടെത്തുന്നത്‌ പി കൃഷ്‌ണപിള്ളയാണ്‌. 1940-ൽ 17-ാമത്തെ വയസ്സിൽ പാർടി അംഗമായി. സിപിഐ എം സ്ഥാപക നേതാക്കളിൽ ഒരാളായി. സ്വതന്ത്ര തിരുവിതാംകൂറിനെതിരെ നടന്ന പുന്നപ്ര– വയലാർ പ്രക്ഷോഭത്തിലും ഭാഗഭാക്കായി. പാർടി പൊളിറ്റ്‌ ബ്യൂറോ അംഗമായും മുഖ്യമന്ത്രിയായും പ്രവർത്തിച്ച വി എസ്‌ അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ മുൻപന്തിയിലായിരുന്നു. സാമ്പത്തിക സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടിയും പോരാടി. ത്യാഗനിർഭരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌.


പാരിസ്ഥിതിക പ്രശ്‌നങ്ങൾ വർഗസമരത്തിന്റെ ഭാഗമാണെന്ന്‌ കണ്ടുകൊണ്ട്‌ അദ്ദേഹം ഇടപെട്ടു. സ്‌ത്രീ സമത്വത്തിന്റെ ആശയങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുകയും ചെയ്‌തു. മനുഷ്യാവകാശങ്ങളുടെ പക്ഷത്ത്‌ നിലയുറപ്പിച്ച്‌ ഭരണകൂടത്തിന്റെ മർദന സംവിധാനങ്ങൾക്കെതിരെ നിരന്തരം പൊരുതി. മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയ അജണ്ടകളെ തുറന്നുകാട്ടാനും മുൻപന്തിയിൽനിന്നു. കള്ളപ്രചാരവേലകൾ നടത്തിയും എല്ലാ വർഗീയതയേയും കൈകോർത്തുപിടിച്ചും അധികാരത്തിലെത്തിയ യുഡിഎഫ്‌ കേരളത്തിന്റെ നേട്ടങ്ങളെ തകർക്കുന്ന നടപടികളിലാണ്‌. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നയങ്ങൾ അതേപോലെ നടപ്പാക്കാനാണ്‌ ശ്രമം. സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ബിജെപി അജണ്ടകൾക്കും കൂട്ടുനിൽക്കുന്നു.


ആഗോളവൽക്കരണ നയങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന സ്വകാര്യവൽക്കരണ അജണ്ടകൾ അതേപോലെ നടപ്പാക്കുന്നു. കേരളത്തിന്റെ വികസനത്തിന്‌ കുതിപ്പ്‌ നൽകേണ്ട വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന താൽപര്യങ്ങളെ ഹനിക്കുന്നു. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ അതിശക്തമായ ജനകീയ മുന്നേറ്റം ഉയർന്നുവരേണ്ട സാഹചര്യമാണുള്ളത്‌. മതനിരപേക്ഷതയെ അട്ടിമറിക്കുന്നതിനെതിരെ മതസൗഹാർദത്തിന്റെ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിത്‌. ജീവിതം തന്നെ നാടിനെ സംരക്ഷിക്കാനുള്ള പോരാട്ടമാക്കിയ വി എസിന്റെ ഓർമകൾ ഇത്തരം പോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകരും –സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home