ad
Deshabhimani

കരൂർ ദുരന്തം: 'ജാഗ്രത കാട്ടിയില്ല, മുന്നറിയിപ്പുണ്ടായില്ല': പൊലീസിനെ പഴിചാരി വിജയ്

VIJAY KARUR
വെബ് ഡെസ്ക്

Published on Jul 10, 2026, 01:44 PM | 3 min read

കരൂർ: കരൂരിൽ ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തത്തിൽ പൊലീസിനെ പഴിചാരി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. അധികാരത്തിൽ വന്നതിന് ശേഷം വിജയ് കരൂരിൽ നടത്തിയ ആദ്യ ഔദ്യോ​ഗിക സന്ദർശനത്തിലായിരുന്നു പരാമർശം. പൊലീസ് കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. സ്ഥിതി​ഗതികൾ നിയന്ത്രണാധീതമാണെന്നോ, വലിയ ജനക്കൂട്ടമുണ്ടെന്നോ പൊലീസ് അറിയിച്ചില്ല. സമാന സാഹചര്യം പെരമ്പള്ളൂരുണ്ടായപ്പോൾ അവിടുത്തെ പൊലീസ് കൃത്യമായി അറിയിച്ചു. അതേ പോലെ കരൂരിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല. മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ കരൂർ സന്ദർശനം ഒഴിവാക്കുമായിരുന്നുവെന്നും വിജയ് കൂട്ടിച്ചേർത്തു.


'മനുഷ്യൻ ജീവിതത്തിൽ എത്ര വലിയ ഉയരങ്ങളിലെത്തിയാലും ഉള്ളുലയ്ക്കുന്ന ചില മുറിവുകളുണ്ടാകും. ഒരുപാട് വേദനകളും പ്രതിസന്ധികളും കടന്നാണ് താൻ ഇവിടെ വരെ എത്തിയത്. എന്നാൽ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് കരൂർ സംഭവമാണ്. ജനങ്ങളെ നേരിട്ടുകണ്ട് അവരുടെ പ്രശ്നങ്ങൾ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നതിനായാണ് അന്ന് ടിവികെ തെരഞ്ഞെടുപ്പ് യാത്ര ആരംഭിച്ചത്' - വിജയ് പറഞ്ഞു. തിരുച്ചി, അരിയള്ളൂർ, നാഗപട്ടണം, തിരുവാരൂർ, നാമക്കൽ, കരൂർ എന്നിവിടങ്ങളിലെ സന്ദർശനത്തിനിടയിൽ ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്.


അരിയള്ളൂരിലെ സമ്മേളനത്തിന് ശേഷം പെരമ്പള്ളൂരിലേക്ക് തിരിക്കാനിരിക്കെ, അവിടെ വലിയ രീതിയിൽ ജനം തടിച്ചുകൂടിയിട്ടുണ്ടെന്നും സുരക്ഷാ കാരണങ്ങളാൽ അങ്ങോട്ട് വരരുതെന്നും പെരമ്പള്ളൂർ പൊലീസ് ഞങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റ് വഴികളില്ലാത്തതിനാലും ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും പൊലീസ് നിർദ്ദേശം അനുസരിച്ച് അവിടുത്തെ ജനങ്ങളോട് ക്ഷമ ചോദിച്ച് ഞങ്ങൾ യാത്ര മാറ്റിവെക്കുകയാണുണ്ടായത്. എന്നാൽ, നാമക്കലിലെ മീറ്റിംഗ് കഴിഞ്ഞ് കരൂരിലേക്ക് വരുമ്പോൾ സമാനമായ ഒരു ജാഗ്രതാ നിർദ്ദേശം നൽകാൻ കരൂർ പൊലീസ് തയ്യാറായില്ലെന്ന് വിജയ് കുറ്റപ്പെടുത്തി. കരൂരിൽ വിചാരിച്ചതിലും വലിയ ജനക്കൂട്ടമുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണാധീതമാണെന്നും കാണിച്ച് അവിടേക്കുള്ള സന്ദർശനം ഒഴിവാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിൽ ടിവികെ അത് പൂർണ്ണമായും അനുസരിക്കുമായിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നിയിരുന്നെങ്കിൽ പൊലീസിന് സ്വന്തം നിലയിൽ ആ സന്ദർശനം റദ്ദാക്കാമായിരുന്നിട്ടും അതിനൊന്നും അവർ മുതിർന്നില്ല.


ഒരു നാടകം പോലെ ഹൈവേയിലെ ആ വലിയ ജനക്കൂട്ടത്തിന് നടുവിലേക്ക് പൊലീസ് തന്നെയാണ് ഞങ്ങളെ ആനയിച്ചത്. അന്ന് അവരെ പൂർണ്ണമായി ഞാൻ വിശ്വസിച്ചു. പ്രസംഗത്തിനിടയിൽ കരൂർ പൊലീസിന് നന്ദി വരെ പറഞ്ഞിരുന്നു - വിജയ് പറഞ്ഞു. എന്നാൽ ഇത്തരമൊരു വൻ ദുരന്തത്തിലേക്ക് നയിച്ച നാടകമാണ് അവിടെ അരങ്ങേറാൻ പോകുന്നതെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ ആരാണെന്നും, ആരുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും, പൊലീസുകാരെ അത്രമേൽ സമ്മർദ്ദത്തിലാക്കിയത് ആരാണെന്നും വിജയ് ചോദ്യങ്ങൾ ഉന്നയിച്ചു. ടിവിയിൽ തന്റെ ചിത്രമോ സിനിമയോ പാട്ടോ വരുമ്പോൾ 'വിജയ് അണ്ണാ' എന്ന് വിളിച്ച് പുഞ്ചിരിയോടെ ഉമ്മ നൽകുന്ന ഒട്ടനവധി ചേച്ചിമാരുടെയും അനുജത്തിമാരുടെയും പൊന്നോമനകളെയും, കള്ളവും കാപട്യവുമില്ലാത്ത കൊച്ചു കുഞ്ഞുങ്ങളെയുമാണ് ആ ദുരന്തത്തിൽ നഷ്ടമായത്. സ്വന്തം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും പോലെ തന്നെ സ്നേഹിച്ച നിരവധിയാളുകളെ നഷ്ടപ്പെട്ട സങ്കടത്തിലാണ് താനെന്നും വിജയ് പറഞ്ഞു


ആ വലിയ മാനസിക വിഷമത്തിൽ കഴിയുമ്പോൾ പോലും ഒരു കൂട്ടർ തന്നെ ക്രൂരമായി വേട്ടയാടുകയും ദുരന്തത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും തന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത്രയും വലിയൊരു ദുരന്തത്തിന്റെ വേദനയോടെ വീട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ താൻ ഭയന്ന് ഓടിയൊളിച്ചുവെന്നാണ് അവർ പ്രചരിപ്പിച്ചത്. അത്രയും വലിയ ജനക്കൂട്ടമുണ്ടായിട്ടും അതിനനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളോ ആവശ്യത്തിന് പൊലീസിനെയോ അവിടെ വിന്യസിച്ചിരുന്നോ എന്ന് വിജയ് ചോദിച്ചു. 'സ്ഥലത്ത് സമ്മേളനം നടത്താൻ ഞങ്ങൾ തന്നെയാണ് അനുമതി നൽകിയത്' എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞതിന്റെ അർത്ഥമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇത്രയും വലിയ ദുരന്തം നേരിട്ട് ഒരാൾ തകർന്നിരിക്കുമ്പോൾ ആ വേദനയ്ക്ക് മുകളിൽ വീണ്ടും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും നിയമസഭയിൽ വരെ ഇതേക്കുറിച്ച് വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുകയുമാണ് അവർ ചെയ്തത്.


ജനങ്ങളെ മുതലെടുത്ത് രാഷ്ട്രീയ ലാഭം കൊയ്യേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്ന് വിജയ് വ്യക്തമാക്കി. നമ്മളെ കാണാൻ വരുന്ന ആളുകളെ വഴിയിൽ കാത്തുനിർത്തിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ നടക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ല താൻ. തനിക്ക് എല്ലാം നൽകിയ ജനങ്ങൾക്ക് വേണ്ടി ബാക്കിയെല്ലാ സാഹചര്യങ്ങളും ഉപേക്ഷിച്ചിട്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത്. തനിക്ക് പണമോ ജനങ്ങളോ വലുത് എന്ന് ചോദിച്ചാൽ താൻ എപ്പോഴും 'ജനം' എന്ന് മാത്രമേ പറയൂ. ഇപ്പോൾ താൻ പറയുന്നതുപോലെ പരസ്യമായി പൊതുമധ്യത്തിൽ വിളിച്ച് പറയാൻ മറ്റ് പാർടികളിലെ ആർക്കെങ്കിലും ധൈര്യമുണ്ടോയെന്നും എന്ന് വിജയ് വെല്ലുവിളിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home