വിവോ T5 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലേക്ക്; കരുത്തായി 6,500mAh ബാറ്ററിയും

വിവോ T5 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ |Photo:Vivo
ന്യൂഡൽഹി : വിവോയുടെ ജനപ്രിയ ടി-സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ T5 ലൈറ്റ് 5ജി ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഫോണിന്റെ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചു. ജൂലൈ 16ന് ഫോൺ ഇന്ത്യൻ വിപണിയിലെത്തും. പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപന നടക്കുക.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിവോ T4 ലൈറ്റിന്റെ പിൻഗാമിയായാണ് പുതിയ മോഡൽ എത്തുന്നത്. മുൻ തലമുറയെ അപേക്ഷിച്ച് വൻ മാറ്റങ്ങളുമായാണ് ഫോൺ വിപണിയിലെത്തുന്നത്. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,500mAh ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. മുൻ മോഡലായ T4 ലൈറ്റിൽ 6,000mAh ബാറ്ററിയും 15W ചാർജിങ്ങുമായിരുന്നു ഉണ്ടായിരുന്നത്.
120Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള ഡിസ്പ്ലേയാണ് ഫോണിനുള്ളത്. മീഡിയടെക് ഡിമെൻസിറ്റി 6300 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. മിലിട്ടറി ഗ്രേഡ് സുരക്ഷയോടു കൂടി എത്തുന്ന ഫോണിന് പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ IP65 റാറ്റിങും നൽകിയിട്ടുണ്ട്. ലൈറ്റ് ബ്ലൂ, ബ്ലാക്ക് എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാകും. പിന്നിൽ ഡ്യുവൽ ക്യാമറയാണ് ഉള്ളത്.
ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6-ൽ പ്രവർത്തിക്കുന്ന ഫോണിൽ വിവോയുടെ അത്യാധുനിക എഐ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ ക്രിയേഷൻ, എഐ ക്യാപ്ഷൻസ്, എഐ ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, എഐ ഡോക്യുമെന്റ്സ്, പ്രൈവറ്റ് സ്പേസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ജൂലൈ 11ന് ഫോണിന്റെ കൂടുതൽ വിവരങ്ങൾ വിവോ പുറത്തുവിടും. കഴിഞ്ഞ വർഷം ജൂണിൽ വിപണിയിലെത്തിയ വിവോ T4 ലൈറ്റിന് 9,999 രൂപയായിരുന്നു പ്രാരംഭ വില. 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറയും, 6.74 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയുമാണ് പഴയ മോഡലിന് ഉണ്ടായിരുന്നത്.











0 comments