ad
Deshabhimani

അന്യായ പിരിച്ചുവിടലുകൾക്കെതിരെ പ്രതിധ്വനി ഐക്യദാർഢ്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

Technopark

ടെക്നോപാർക്ക് ഫേസ് I-ന് മുന്നിൽ പ്രതിധ്വനി സംഘടിപ്പിച്ച ക്യാമ്പയിന്‍

വെബ് ഡെസ്ക്

Published on Jul 10, 2026, 02:15 PM | 2 min read

തിരുവനന്തപുരം: ഐടി മേഖലയിലെ വർധിച്ചുവരുന്ന അന്യായ പിരിച്ചുവിടലുകൾക്കും എതിരെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി, ടെക്നോപാർക്ക് ഫേസ് I-ന് മുന്നിൽ ഐക്യദാർഢ്യ ക്യാമ്പയിൻ സംഘടിപ്പിച്ചു. 'അന്യായ പിരിച്ചുവിടലുകൾക്കെതിരെ ഒന്നിക്കുക' (United Against Unfair Layoffs) എന്ന പേരിലാണ് ക്യാമ്പയിനും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചത്. ജൂലൈ 9 ന് സംഘടിപ്പിച്ച പ്രതിഷേധ ക്യാമ്പിൽ 200-ലേറെ ഐടി ജീവനക്കാർ പങ്കെടുത്തു.


കോറോ ഹെൽത്ത് എന്ന മെഡിക്കൽ കോഡിംഗ് ഐടി സ്ഥാപനത്തിന്റെ കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 900 ജീവനക്കാരെ മതിയായ മുൻകൂർ അറിയിപ്പോ നിയമാനുസൃത നടപടിക്രമങ്ങളോ പാലിക്കാതെ പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബിസിനസ് ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള സ്ഥാപനങ്ങളുടെ അവകാശം അംഗീകരിക്കുന്നുണ്ടെങ്കിലും, അത്തരം തീരുമാനങ്ങൾ നിയമാനുസൃതവും സുതാര്യവും മാനുഷികവുമായ രീതിയിൽ നടപ്പിലാക്കപ്പെടണമെന്നും, ജീവനക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പും നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും ന്യായമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിധ്വനി ആവശ്യപ്പെട്ടു.


വർഷങ്ങളോളം ആത്മാർത്ഥമായി സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ ഉപജീവനമാർഗം നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും, ഐടി മേഖലയിലുടനീളം വർധിച്ചുവരുന്ന അന്യായ പിരിച്ചുവിടലുകളും നിർബന്ധിത രാജിവയ്പ്പുകളും അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും നേതാക്കൾ പറഞ്ഞു. ഏതൊരു സ്ഥാപനത്തിന്റെയും ഏറ്റവും വലിയ സമ്പത്ത് അതിലെ ജീവനക്കാരാണെന്നും, അവരുടെ അറിവും അധ്വാനവും സമർപ്പണവുമാണ് സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും വിജയത്തിനും അടിത്തറയെന്നും അവർ ചൂണ്ടിക്കാട്ടി.


ഈ അവസരത്തിൽ, അന്യായ പിരിച്ചുവിടൽ, നിർബന്ധിത രാജിവയ്പ്പ്, തൊഴിൽ സംബന്ധമായ നിയമപ്രശ്നങ്ങൾ എന്നിവ നേരിടുന്ന ഐ.ടി. ജീവനക്കാർക്ക് നിയമസഹായം ലഭ്യമാക്കുന്നതിനായി പ്രതിധ്വനി “ലീഗൽ സെൽ” രൂപീകരിക്കാൻ തീരുമാനിച്ചതായി അറിയിച്ചു. തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം, ജീവനക്കാർക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ, നഷ്ടപരിഹാരം, മറ്റ് അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള മാർഗനിർദേശവും ആവശ്യമായ നിയമസഹായവും ഈ സെല്ലിലൂടെ ലഭ്യമാക്കും.


അതോടൊപ്പം, ജോലി നഷ്ടപ്പെട്ടവർക്കും പുതിയ തൊഴിൽ അവസരങ്ങൾ അന്വേഷിക്കുന്ന ഐ.ടി. ജീവനക്കാർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന പുതിയ ജോബ് പോർട്ടൽ ആരംഭിക്കുമെന്നും പ്രതിധ്വനി പ്രഖ്യാപിച്ചു. പുതിയ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുക, പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുക, ടെക്നിക്കൽ സെഷനുകൾ, അപ്‌സ്‌കില്ലിംഗ് പരിപാടികൾ, അഭിമുഖ പരിശീലനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് അറിയിച്ചു.


പ്രതിഷേധത്തിൽ പങ്കെടുത്ത ഐടി ജീവനക്കാർ “Stop Unfair Layoffs”, “No More Forced Resignations”, “Respect Workers’ Rights” തുടങ്ങിയ സന്ദേശങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഐടി മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽസുരക്ഷയും സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഐടി മേഖലയിലെ വർധിച്ചുവരുന്ന കൂട്ടപ്പിരിച്ചുവിടലുകൾ അതീവ ഗൗരവമുള്ള വിഷയമാണെന്നും, ഇത്തരം സംഭവങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് തൊഴിലാളികളുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽനിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും അന്യായ പിരിച്ചുവിടലുകൾ തടയുന്നതിനുമായി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിധ്വനി ആവശ്യപ്പെട്ടു.


പരിപാടിയിൽ പ്രതിധ്വനി സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ, ടെക്നോപാർക്ക് സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ, പ്രശാന്തി പ്രമോദ്, മാഗി വൈ.വി., നെസിൻ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിൽ പങ്കെടുത്ത ജീവനക്കാർ അന്യായ പിരിച്ചുവിടലുകൾക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള കൂട്ടായ പ്രതിജ്ഞയെടുക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home