ad
Deshabhimani

അശാസ്ത്രീയ നഗരവൽക്കരണം തിരിച്ചടിയായി; കനത്ത മഴയിൽ മുംബൈ വെള്ളത്തിൽ

Mumbai Flood

കനത്ത മഴയെത്തുടർന്ന് മുംബൈ ന​ഗരത്തിലുണ്ടായ വെള്ളപ്പൊക്കം | Photo by REUTERS

വെബ് ഡെസ്ക്

Published on Jul 10, 2026, 01:03 PM | 2 min read

മുംബൈ : കനത്ത മഴയെത്തുടർന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ മഹാനഗരം വീണ്ടും വെള്ളപ്പൊക്ക ഭീതിയിലാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ കുറഞ്ഞത് ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നഗരത്തിലെ റോഡുകൾ പൂർണമായും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെയും ചേരികളിലെയും സാധാരണക്കാരായ ജനങ്ങളുടെ വീടുകളിൽ വെള്ളം കയറി. ജനജീവിതം പൂർണമായി സ്തംഭിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു. അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മുംബൈയിൽ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോർപ്പറേറ്റ് താല്പര്യങ്ങൾക്കായുള്ള അശാസ്ത്രീയമായ നഗരവൽക്കരണത്തിന്റെ ദുരന്തഫലമാണ് മുംബൈയിലെ സാധാരണക്കാരായ ജനങ്ങൾ ഓരോ വർഷവും അനുഭവിക്കേണ്ടി വരുന്നത്.


ഒരു കാലത്ത് ഏഴ് ദ്വീപുകളായിരുന്ന പ്രദേശം കടൽ നികത്തി എടുത്താണ് ഇന്നത്തെ മുംബൈ നഗരത്തിന്റെ ഭൂരിഭാഗവും നിർമിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ സ്വാഭാവിക ജലസംഭരണ ഉപാധികളായ തോടുകൾ, ഉപ്പളങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവയെല്ലാം വൻകിട റിയൽ എസ്റ്റേറ്റ് മാഫിയകൾക്കായി വിട്ടുനൽകിയതാണ് ഇന്നത്തെ ദുരന്തത്തിന് പ്രധാന കാരണം. മുൻപ് മഴവെള്ളം സംഭരിച്ചിരുന്ന ഈ സംവിധാനങ്ങൾ ഇല്ലാതായതോടെ കനത്ത മഴ പെയ്യുമ്പോൾ ജലം അതിന്റെ പഴയ സ്വാഭാവിക പാതകളിലൂടെ ഒഴുകാൻ തുടങ്ങി. ഇതോടെ ഒരു മഴപെയ്താൽ ഹിന്ദ്മാത, കുർള, സിയോൺ തുടങ്ങിയ താഴ്ന്ന മേഖലകൾ പൂർണമായി വെള്ളത്തിനടിയിലാവാൻ തുടങ്ങി.


2005ലെ വിനാശകരമായ പ്രളയത്തിന് ശേഷം പമ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചെന്ന് നഗരസഭാ അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങൾ ഇപ്പോഴും തകർച്ചയിലാണ്. ഈ സംവിധാനങ്ങൾക്കായി ചെലവാക്കിയ കോടിക്കണക്കിന് രൂപയും വെള്ളത്തിലായി. മഴവെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ ഭൂഗുരുത്വാകർഷണത്തെ ആശ്രയിക്കുന്ന ഇവിടുത്തെ സംവിധാനം കനത്ത മഴയും കടലിലെ വേലിയേറ്റവും ഒരേസമയം വരുമ്പോൾ പൂർണമായി പരാജയപ്പെടുകയാണ്.


കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെ കേവലം ഡ്രെയിനേജ് സംവിധാനങ്ങൾ മാത്രം മെച്ചപ്പെടുത്തിയത് കൊണ്ട് കാര്യമില്ലെന്ന് ലോകമെമ്പാടുമുള്ള അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. 2012ലെ ബീജിംഗ് പ്രളയത്തിന് ശേഷം ചൈന നടപ്പിലാക്കിയ സ്പോഞ്ച് സിറ്റി നയവും നെതർലാൻഡിലെ വാട്ടർ സ്ക്വയറുകളും, ഗ്രീൻ റൂഫുകളും ശാസ്ത്രീയമായ ബദലുകളാണ്. മുംബൈ നഗരസഭയുടെ പദ്ധതികളിൽ തടാകങ്ങൾ പുനരുജ്ജീവിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം നഗരങ്ങളിലും ഇത്തരം ബ്ലൂ-ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ ആശയങ്ങൾ ഇപ്പോഴും കടലാസിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്.


മുതലാളിത്ത വികസന മാതൃകയിൽ പാർപ്പിടങ്ങളും വാണിജ്യ കേന്ദ്രങ്ങളും പടുത്തുയർത്തുമ്പോൾ പ്രകൃതിയെയും സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയെയും പൂർണമായി അവഗണിക്കുകയാണ്. കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് മുന്നിൽ ജീവിതത്തെ ബാധിക്കാത്ത രീതിയിൽ പരിസ്ഥിതി സൗഹൃദപരമായ വികസന കാഴ്ചപ്പാട് രൂപീകരിക്കുക എന്നതാണ് ഭരണാധികാരികൾക്ക് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home