തലയോട്ടിയും അസ്ഥിയും മാത്രം; വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് ഒരു മാസം പഴക്കം

രവീന്ദ്രന്‍
കരകുളം: തനിച്ച് താമസിക്കുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാളയം മാർക്കറ്റിൽ പച്ചക്കറിക്കച്ചവടം ചെയ്തിരുന്ന കരകുളം നെല്ലിവിള ജയാഭവനിൽ രവീന്ദ്രനാണ് (76) മരിച്ചത്. ഒരു മാസമായിട്ടും രവീന്ദ്രനെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് വീട് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തലയോട്ടിയും അസ്ഥിയും മാത്രമാണ് ഉണ്ടായിരുന്നത്. ജീർണിച്ച മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്.
കഴിഞ്ഞ ഒരു മാസമായി രവീന്ദ്രനെ പുറത്തെങ്ങും കണ്ടിരുന്നില്ല. ക്ഷേമപെൻഷനുമായി ജീവനക്കാർ വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ദിവസങ്ങൾക്കുശേഷം രണ്ടാം തവണയും ക്ഷേമപെൻഷനുമായി എത്തിയപ്പോഴും വീട് അകത്തുനിന്ന് അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് ഇവർ സമീപത്തുള്ളവരെ വിവരം അറിയിച്ചു. മറ്റൊരിടത്ത് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി വാതിൽ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടമായി കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. മാംസഭാഗങ്ങളെല്ലാം അഴുകി നശിച്ച നിലയിലായിരുന്നു. രവീന്ദ്രന്റെ ഭാര്യ ലളിത അഞ്ചുവർഷം മുൻപ് മരണപ്പെട്ടിരുന്നു. തുടർന്ന് ഒറ്റയ്ക്കാണ് ഇയാൾ കഴിഞ്ഞിരുന്നത്. മക്കൾ: ജയകുമാർ, ഗിരീഷ്‌കുമാർ, ലതകുമാരി.










0 comments