ബംഗളുരുവിൽ അധ്യാപകരുടെ പീഡനത്തെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

Photo Credit:News 18
ബംഗളുരു: സ്കൂൾ അധ്യാപകരുടെ പീഡനത്തെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിനടുത്ത് അനേക്കൽ താലൂക്കിലെ മരാസുരു മാടിവാല ഗ്രാമത്തിലാണ് സംഭവം.
സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയായ മധുശ്രീയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകർ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തതാണ് മരണത്തിന് കാരണമെന്ന് കാണിച്ച് പെൺകുട്ടി ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്.
ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്ന പേരിൽ അധ്യാപകർ 20 രൂപ പിഴ ഈടാക്കുകയും, സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് പെൺകുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയത്. ഇതിന്റെ മനോവിഷമത്തിലാണ് താൻ ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.
പെൺകുട്ടിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. അധ്യാപകർ മകളെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും, സ്കൂളിലെ സംഭവങ്ങൾ മകൾ പുറത്തുപറയാൻ മടിച്ചിരുന്നുവെന്നും അമ്മ ഗിരിജ ആരോപിച്ചു.
സൂര്യനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂൾ അധികൃതരിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്.











0 comments