ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ, മഴക്കെടുതിയിൽ 10 മരണം

Photo: PTI
ഡെറാഡൂൺ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. അതിതീവ്ര മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്തുടനീളമുണ്ടായ മഴക്കെടുതിയിൽ 10 മരണം റിപ്പോർട് ചെയ്തു. ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ, അധികൃതർ നദികളിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. കൂടാതെ രുദ്രപ്രയാഗ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലും ഹിമാചൽപ്രദേശിലും നദികൾ കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും മറ്റും വെള്ളത്തിനിടയിലായി. ഇതോടെ ഗതാഗതം സ്തംഭിച്ചു. കനത്ത മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവർഷം ശക്തിപ്രാപിച്ചതോടെ ഗുജറാത്തിൽ കനത്ത പ്രളയമുണ്ടായി. ഇതിൽ സൂറത്ത് ജില്ലയിൽ മാത്രം 17 മരണങ്ങളാണ് റിപ്പോർട് ചെയ്തത്.
വ്യാഴാഴ്ച ഡൽഹിയുടെ പല പ്രദേശങ്ങളിലും പേമാരിയെ തുടർന്ന് വെള്ളപ്പൊക്കം രൂപപ്പെട്ടു. മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസം നേരിട്ടു. കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച് ചില പ്രദേശങ്ങളിൽ 160 മില്ലീമീറ്ററിലധികം മഴ ലഭിച്ചു. നേരിയതോ മിതമായതോ ആയ മഴ, ഇടിമിന്നൽ, മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതിനാൽ വെള്ളിയാഴ്ചയും ഡൽഹിയിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു.
ഉത്തരകാശി ജില്ലയിലെ നാലുപാനിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗംഗോത്രി ഹൈവേ തടസ്സപ്പെടുകയും ഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തു. ഇതോടെ ചാർ ധാം യാത്ര തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി സംഘങ്ങളെ വിന്യസിപ്പിച്ചു. ജോലികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഹിമാചൽ പ്രദേശിലിലും കനത്ത മഴ ജനജീവിതം ദുസഹമാക്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച വൈകുന്നേരം വരെ 75 റോഡുകൾ തടസപ്പെടുകയും 29 വൈദ്യുതി ട്രാൻസ്ഫോർമറുകളെയും അഞ്ച് കുടിവെള്ള പദ്ധതികളെയും മഴ ബാധിക്കുകയും ചെയ്തു. ഷിംല, സിർമൗർ ജില്ലകളിലും കനത്ത മഴ തുടരുകയാണ്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ വകുപ്പ് (IMD) ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം ജൂലൈ 11 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഇതോടൊപ്പം താപനില 2-4 ഡിഗ്രി സെൽഷ്യസ് വരെ കുറയാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ഗാസിയാബാദ്, മീററ്റ്, ഹാപ്പൂർ, ബുലന്ദ്ഷഹർ, ബാഗ്പത്, മുസാഫർനഗർ, ബിജ്നോർ, സഹാരൻപൂർ, മൊറാദാബാദ് എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
തുടർച്ചയായ മഴയെത്തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്നതോടെ പ്രയാഗ്‌രാജിൽ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. സാധാരണയായി വെള്ളപ്പൊക്കമുണ്ടാക്കുന്ന നദികൾ അപകടരേഖയ്ക്ക് താഴെയാണെങ്കിലും, ചില നദികളിലെ ജലനിരപ്പ് അപകടരേഖയ്ക്ക് അടുത്ത് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് കുമാർ വർമ്മ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. അതേസമയം, ഗുജറാത്തിലെ പ്രളയജലം ഇറങ്ങിയത് നേരിയ ആശ്വാസം പകരുന്നു. സൂററ്റ് സാധാരണ നിലയിലേയ്ക്ക് വരികയാണെന്ന് അധികൃതർ അറിയിച്ചു.











0 comments