ലെബനനിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ; യുദ്ധക്കുറ്റ അന്വേഷണം ആവശ്യപ്പെട്ട് ആംനസ്റ്റി

പ്രതീകാത്മക ചിത്രം | Amnesty International Official
ബെയ്റൂട്ട് : ലെബനന് നേരെ ഇസ്രയേൽ ഭരണകൂടം നടത്തുന്ന വ്യോമാക്രമണങ്ങൾ കേവലമൊരു സൈനിക നീക്കമല്ലെന്നും നിരപരാധികളായ മനുഷ്യരുടെ ഇല്ലാതാക്കാനുള്ള ക്രൂരമായ വംശഹത്യയാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തിന്റെ മറവിൽ ഇസ്രയേൽ സൈന്യം ലെബനനിൽ നടത്തുന്ന നരനായാട്ടിനെ യുദ്ധക്കുറ്റങ്ങളായി കണക്കാക്കി അന്താരാഷ്ട്ര തലത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്ന് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ആംനസ്റ്റി ആവശ്യപ്പെട്ടു.
സഖ്യകക്ഷിയായ ഇറാനെ പ്രതിരോധിക്കാൻ കഴിഞ്ഞ മാർച്ച് 2നാണ് ഹിസ്ബുള്ള ഇസ്രയേലിന് നേരെ റോക്കറ്റുകൾ തൊടുത്തുവിട്ടത്. ഇതിന് മറുപടിയായി സാമ്രാജ്യത്വ ശക്തികളുടെ പൂർണപിന്തുണയോടെ ഇസ്രയേൽ അഴിച്ചുവിട്ട വ്യോമാക്രമണങ്ങളിലും ക്രൂരമായ കരയുദ്ധത്തിലും ലെബനനിൽ ഇതിനകം 4,300ലധികം നിരപരാധികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 250ലധികം കുട്ടികളും ഉൾപ്പെടുന്നു എന്നത് ഇസ്രയേലിന്റെ യുദ്ധവെറിയുടെ ആഴം വ്യക്തമാക്കുന്നു. മാർച്ച് 6നും 13നും ഇടയിൽ സാധാരണക്കാരുടെ പാർപ്പിടങ്ങൾക്ക് നേരെ നടന്ന മൂന്ന് വലിയ ആക്രമണങ്ങളെക്കുറിച്ച് ലണ്ടൻ ആസ്ഥാനമായുള്ള ആംനസ്റ്റി ഇന്റർനാഷണൽ വിശദമായി വിശകലനം ചെയ്തിരുന്നു. 12 കുട്ടികൾ ഉൾപ്പെടെ 24 സാധാരണക്കാരാണ് ഒരാഴ്ചയ്ക്കുള്ളിൽ മാത്രം കൊലചെയ്യപ്പെട്ടത്. ഈ സംഭവങ്ങളിലാണ് ഇസ്രയേൽ ബോധപൂർവ്വം ജനങ്ങളെ ഒന്നാകെ തുടച്ചുനീക്കുകയാണെന്ന് ആംനസ്റ്റി തെളിവുകൾ സഹിതം കുറ്റപ്പെടുത്തിയത്.
ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ, ബന്ധുക്കൾ, പാരാമെഡിക്കൽ ജീവനക്കാർ, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 15 പേരുമായി നടത്തിയ അഭിമുഖങ്ങളുടെയും ശേഖരിച്ച കൃത്യമായ ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആംനസ്റ്റി ഈ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് സാധാരണക്കാരെ വേർതിരിച്ചു കാണുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ ആംനസ്റ്റി ബന്ധപ്പെട്ടപ്പോൾ സൈനിക ലക്ഷ്യങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന പതിവ് ന്യായീകരണമാണ് ഇസ്രയേൽ നൽകിയത്. എന്നാൽ ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ അവർ തയ്യാറായില്ല.
കേവലം ഒരാഴ്ചയ്ക്കുള്ളിൽ ഒരു ഡസൻ കുട്ടികളെയടക്കം ഇസ്രയേൽ സൈന്യം ലെബനനിൽ ഇല്ലാതാക്കിയതെന്നും ഇത് സാധാരണക്കാരുടെ ജീവന് അവർ ഒട്ടും വില കൽപ്പിക്കുന്നില്ല എന്നതിന്റെ തെളിവാണെന്നും ആംനസ്റ്റിയുടെ മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ ക്രിസ്റ്റീൻ ബെക്കർലെ പറഞ്ഞു. ലോകരാജ്യങ്ങൾ ഉടനടി ഇസ്രയേലിന് മേൽ സമഗ്രമായ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്നും ഈ വംശഹത്യയ്ക്ക് ഉത്തരവാദികളായവർക്കെതിരെ അന്താരാഷ്ട്ര കോടതികളിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുദ്ധക്കുറ്റങ്ങളെക്കുറിച്ച് നേരിട്ട് പ്രതികരിക്കാൻ ഇസ്രയേൽ തയ്യാറായില്ല. കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ഹിസ്ബുള്ളയുടെ ഭൂരിഭാഗം ശേഷിയും തകർത്തുവെന്നും വടക്കൻ അതിർത്തിയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി ലെബനനിലെ തങ്ങൾ പ്രഖ്യാപിച്ച സുരക്ഷാ മേഖലയിൽ ഇസ്രയേൽ സൈന്യം അധിനിവേശം തുടരുമെന്നുമാണ് ഇസ്രയേൽ പ്രസ്താവിച്ചത്. യുഎസ് പിന്തുണയോടെ ഇസ്രയേലും ലെബനനും തമ്മിൽ കഴിഞ്ഞ മാസം ഒരു കരാറിൽ ഒപ്പുവെച്ചിട്ടും അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധക്കൊതി കാരണം തെക്കൻ ലെബനനിൽ ഇപ്പോഴും മാരകമായ വ്യോമാക്രമണങ്ങൾ തുടരുകയാണ്. സമാധാന കരാറുകളെല്ലാം ലംഘിച്ചുകൊണ്ട് സാധാരണക്കാരെ വേട്ടയാടുന്ന ഇസ്രയേൽ നയം പശ്ചിമേഷ്യയെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്.











0 comments