ad
Deshabhimani

മുഖ്യമന്ത്രി വിജയ്‍ കരൂരിൽ: ആദ്യ സന്ദർശനം കർശന സുരക്ഷയിൽ; നിയമന ഉത്തരവുകൾ കൈമാറും

vijay karur
വെബ് ഡെസ്ക്

Published on Jul 10, 2026, 12:39 PM | 1 min read

കരൂർ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്. കഴിഞ്ഞ വർഷത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് കരൂരിൽ ഒരുക്കിയിട്ടുള്ളത്. പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ടി എസ് അൻബുവിന്റെ നേതൃത്വത്തിൽ 5,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അറ്റ്ലസ് കലൈയരംഗത്ത് നടക്കുന്ന പൊതുയോഗത്തിൽ ഡിജിറ്റൽ ക്യുആർ കോഡ് പാസുകളുള്ള 5,000 പാർടി പ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം. വിജയ് നടത്തുന്ന ആദ്യ ഔദ്യോഗിക കരൂർ സന്ദർശനമാണിത്.


2025 സെപ്റ്റംബർ 27ന് നടന്ന ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലുണ്ടായ വലിയ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരണപ്പെട്ടിരുന്നു. ഈ ദുരന്തത്തിൽപ്പെട്ട 32 പേരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി കളക്ടർ ഓഫീസിൽ വെച്ച് കാരുണ്യ നിയമന ഉത്തരവുകൾ കൈമാറും.

കരൂർ ദുരന്തം സംബന്ധിച്ച കേസിൽ പ്രതിയായി ചേർക്കപ്പെട്ടിട്ടുള്ള ടിവികെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകനാണ് മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നേതൃത്വം നൽകുന്നത്.


സന്ദർശന വേളയിൽ കൃഷ്ണരായപുരത്തിനടുത്തുള്ള മാനവാസിയിൽ 1,700 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 'എവർവാൻ കോത്താരി ഫുട്‌വെയർ പ്രൈവറ്റ് ലിമിറ്റഡ്' ഫാക്ടറിക്ക് മുഖ്യമന്ത്രി തറക്കല്ലിടും. അടുത്തിടെ എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്ന മുൻ മന്ത്രിമാരായ എം ആർ വിജയഭാസ്കർ, സി വിജയഭാസ്കർ എന്നിവരും ക്ഷീരവികസന മന്ത്രി സി വിജയലക്ഷ്മിയും ചേർന്നാണ് അറ്റ്ലസ് കലൈയരംഗത്തെ പരിപാടിയിൽ മുഖ്യമന്ത്രിയെ സ്വീകരിക്കുന്നത്. എം ആർ വിജയഭാസ്കർ മുഖ്യമന്ത്രിക്ക് വെള്ളി വാൾ സമ്മാനിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home