print edition പിടിമുറുക്കി ബംഗ്ലാദേശ്; സ്വപ്‌നം ചരിത്രവിജയം

ഡാർവിൻ: ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയെ വീണ്ടും പരീക്ഷിച്ച ബംഗ്ലാദേശ് ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ചരിത്രവിജയം സ്വപ്‌നം കാണുന്നു. ഡാർവിൻ ടെസ്‌റ്റിന്റെ മൂന്നാംദിനം ഓസീസ് പൊരുതിയെങ്കിലും ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മറികടക്കാൻ കഴിഞ്ഞിട്ടില്ല. കളി അവസാനിക്കുന്പോൾ രണ്ടാം ഇന്നിങ്‌സിൽ നാലിന് 161 റണ്ണൈന്ന നിലയിലാണ് ഓസീസ്. 67 റൺ പിന്നിൽ. ഒന്നാം ഇന്നിങ്‌സിൽ ബംഗ്ലാദേശ് 426 റണ്ണാണ് നേടിയത്. ഓസീസിനായി പേസർ ജോഷ് ഹാസെൽവുഡ് ആറ് വിക്കറ്റെടുത്തു.
സ്‌കോർ: ഓസ്‌ട്രേലിയ 198, 161/4; ബംഗ്ലാദേശ് 426.
228 റൺ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസിന്റെ തുടക്കം മികച്ചതായില്ല. റണ്ണെടുക്കുംമുന്പ് ജെയ്‌ക് വെതറാൾഡിനെ നഷ്ടമായി. 17 റണ്ണെടുത്ത് ട്രാവിസ് ഹെഡ് മടങ്ങി. മാർണസ് ലബുഷെയ്‌നും (31) സ്‌റ്റീവൻ സ്‌മിത്തും (44) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മുന്നോട്ടുപോയില്ല. 43 റണ്ണോടെ കാമറൂൺ ഗ്രീൻ ക്രീസിലുണ്ട്. 19 റണ്ണുമായി അലെക്‌സ് കാരിയാണ് കൂട്ട്.
ഒന്നാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് നേടിയ പേസർ ഹസൻ മഹ്‌മൂദ് രണ്ടാം ഇന്നിങ്‌സിലും ഓസീസ് ഓപ്പണർമാരെ പുറത്താക്കി. സ്‌പിന്നർമാരായ തയ്‌ജുൾ ഇസ്ലാമിനും മെഹിദി ഹസൻ മിറാസിനുമാണ് ഓരോ വിക്കറ്റ്.
മൂന്നാംദിനം ആറിന് 351 റണ്ണെന്ന നിലയിൽ കളിയാരംഭിച്ച ബംഗ്ലാദേശിനെ മെഹിദിയുടെ (65) മികച്ച പ്രകടനമാണ് 400 കടത്തിയത്. വാലറ്റവും പിന്തുണച്ചു. രണ്ടാംദിനം രണ്ട് വിക്കറ്റ് നേടിയ ഹാസെൽവുഡ് മൂന്നാംദിനം ശേഷിച്ച നാലെണ്ണവും സ്വന്തം പേരിലാക്കി.
300 തികച്ച് ഹാസെൽവുഡ്
ഓസ്‌ട്രേലിയക്കായി ടെസ്‌റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റ് തികച്ച് പേസർ ജോഷ് ഹാസെൽവുഡ്. ഇൗ നേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ ഓസീസ് പേസറാണ്. ഇതോടെ നിലവിൽ ബംഗ്ലാദേശിനെതിരെ കളിക്കുന്ന ഓസീസ് ടീമിലെ നാല് ബൗളർമാർ 300 കടന്നവരായി. സ്‌പിന്നർ നതാൻ ല്യോൺ (568), മിച്ചെൽ സ്‌റ്റാർക് (435), പാറ്റ് കമ്മിൻസ് (316) എന്നിവരാണ് മറ്റ് ബൗളർമാർ. മുപ്പത്തഞ്ചുകാരനായ ഹാസെൽവുഡിന് പരിക്കുകാരണം 12 മാസം ഒറ്റ മത്സരത്തിലും ഇറങ്ങാനായിരുന്നില്ല. ഓസീസിന്റെ അവസാന 14 ടെസ്‌റ്റിൽ ആറെണ്ണം മാത്രമാണ് കളിക്കാനായത്.










0 comments