ad
Deshabhimani

യൂത്ത് കോൺ​ഗ്രസുകാരുടെ എംഡിഎംഎ കേസ് അട്ടിമറിക്കുന്നു: അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റി

V D Satheesan with MDMA Case Accused Huzain Muzafir

എംഡിഎംഎയുമായി പിടിയിലായ തന്റെ കോ–ഓർഡിനേറ്റർ കെ എച്ച്‌ മുഹമ്മദ് ഹുസൈനൊപ്പം മുഖ്യമന്ത്രി വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Aug 16, 2026, 08:09 PM | 2 min read

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് നേതാക്കൾ പ്രതികളായ ലഹരിക്കടത്ത് കേസിൽ അന്വേഷണം അട്ടിമറിക്കുന്നു. കേസിൽ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റി. കാസർകോട് ചന്തേര ഇൻസ്പെക്ടർ എം വി ഷിജുവിനെയാണ് തിടുക്കപ്പെട്ട് സ്ഥലംമാറ്റിയത്.


മുഖ്യമന്ത്രി വി ഡി സതീശന്റെ വിശ്വസ്തനും സോഷ്യൽ മീഡിയ കോ–ഓർഡിനേറ്ററുമായ കെ എച്ച്‌ മുഹമ്മദ്‌ ഹുസൈൻ ഉൾപ്പെടെ നാലുപേർ റിമാൻഡിലായി ഒരാഴ്‌ച പിന്നിട്ടിട്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തയ്യാറായിട്ടില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നിരായുധനാക്കിക്കൊണ്ട്, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകാതിരിക്കുന്നത്.


ഇതിനിടെയാണ് ലഹരിക്കടത്ത് പിടികൂടുകയും മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ-ഓർഡിനേറ്റർ ഉൾപ്പെടെയുള്ള നാല് പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്ത ഇൻസ്പെക്ര്‍ എം വി ഷിജുവിനെ മാറ്റിയത്. ശനി രാത്രിയിലാണ് സ്ഥലം മാറ്റ ഉത്തരവ് കൈപ്പറ്റിയത്. മട്ടന്നൂരിലേക്കാണ്‌ ഷിജുവിനെ മാറ്റിയത്‌. ചന്തേര എസ്എച്ച്ഒയായി ചുമതലയേറ്റ എസ്‌ഐ വിഷ്ണു എസ് നായർക്ക് അന്വേഷണ ചുമതല നൽകി.


കാസർകോട് കാലിക്കടവിൽവെച്ച് പെരുമ്പാവൂർ അറയ്‌ക്കപ്പടി സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ (28), പി എ അബ്ദുൾസലാം (27), പി എ അബ്ബാസ് (50) എന്നിവർ ഏഴുലക്ഷം രൂപയിലേറെ വിലയുള്ള 139.29 ഗ്രാം എംഡിഎംഎയുമായി അറസ്‌റ്റിലായത്‌. ഹുസൈൻ ‘ടീം വി ഡി സതീശൻ’ എന്ന സമൂഹമാധ്യമ പേജിന്റെ കോ–ഓർഡിനേറ്ററും സതീശനുമായി ഏറെ വ്യക്തിബന്ധമുള്ള ആളുമാണ്‌.


പ്രതികളെ പിടികൂടി ദിവസങ്ങൾ പിന്നിട്ടിട്ടും കേസിൽ പ്രത്യേക അന്വേഷകസംഘത്തെ ഇതുവരെ നിയമിച്ചില്ല. പിടിയിലായ നാല്‌ പ്രതികളിൽ അന്വേഷണം ഒതുക്കാനാണ്‌ നീക്കം. പ്രതികൾക്ക് അന്തർസംസ്ഥാന, വിദേശ ബന്ധങ്ങളുണ്ടെന്ന വിവരം പുറത്തുവന്നിട്ടും അന്വേഷണത്തിന്‌ പ്രത്യേകസംഘം രൂപീകരിക്കാത്തതിൽ ദുരൂഹതയുണ്ട്‌.


ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാസർകോട് സ്വദേശിനി റിയ എന്ന യുവതിവഴിയാണ് സംഘത്തിന് എംഡിഎംഎ ലഭിക്കുന്നതെന്നും നൈജീരിയൻ സംഘത്തിൽനിന്ന് മയക്കുമരുന്ന് ശേഖരിച്ചാണ് മൊത്തക്കച്ചവടക്കാർക്ക് വിൽക്കുന്നതെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു. എന്നാൽ, ഇ‍ൗ വഴിക്കുള്ള അന്വേഷണവും ഉണ്ടായില്ല.


ദേശീയ ക്രൈം ബ്യൂറോയ്ക്കും ഇതുവരെ വിവരം കൈമാറിയിട്ടില്ല. ലഹരിക്കടത്ത് കേസുകൾ അയൽപ്പക്ക സംസ്ഥാനങ്ങളിലെ പൊലീസിനെ അറിയിക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന ആഭ്യന്തരമന്ത്രിമാരുടെ യോ​ഗത്തിൽ ധാരണയായിരുന്നു. എന്നാൽ ഈ കേസിൽ പ്രതികൾക്ക് കേരളത്തിന് പുറത്തും ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും തീരുമാനം നടപ്പായിക്കിയിട്ടില്ല.


പ്രതികളുടെ ഫോൺ പരിശോധിക്കേണ്ടെന്നാണ് ഉദ്യോ​ഗസ്ഥർക്ക് ലഭിച്ച നിർദേശം. മുഹമ്മദ്‌ ഹുസൈൻ, അബ്‌ദുൾ സലാം എന്നിവരുടെ സിഡിആർ പരിശോധ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ ഇടപെട്ട്‌ തടഞ്ഞിരിക്കുകയാണ്. സിഡിആർ പരിശോധിച്ചാൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പ്രതികളുമായുള്ള ബന്ധം പുറത്തുവരും.


പ്രതികളുടെ ഉന്നത രാഷ്ട്രീയബന്ധം അന്വേഷണപരിധിയിലേയില്ല. എംഡിഎംഎയുടെ ഉറവിടം, കാരിയർമാരുടെ വിവരം, പ്രതികളുടെ സാമ്പത്തികസ്രോതസ്‌, ഇടനിലക്കാർ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പുറത്തുവരാനുണ്ട്‌. എന്നാൽ, ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നില്ല.


ഒമ്പതിന്‌ രാവിലെ 7.50നാണ്‌ കാസർകോട്‌ കാലിക്കടവിൽ 139.29 ഗ്രാം എംഡിഎംഎയുമായി സംഘം പിടിയിലാകുന്നത്‌. പകൽ 3.30ന്‌ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കുന്നതുവരെ ഏഴു മണിക്കൂറോളം ചോദ്യംചെയ്യലിന്‌ പ്രതികൾ സഹകരിച്ചില്ലെന്ന്‌ പൊലീസ് പറയുന്നു. പൊലീസിന്‌ 24 മണിക്കൂർ കസ്റ്റഡിയിൽ വയ്‌ക്കാമായിരുന്നിട്ടും പ്രതികളെ തിടുക്കപ്പെട്ട് കോടതിയിലെത്തിച്ചത്‌ ഉന്നത ഇടപെടലിന്റെ ഭാഗമാണെന്ന്‌ കരുതുന്നു. കേസിലെ മറ്റൊരു പ്രതി സൈനുൽ ആബ്‌ദിനെ എറണാകുളത്തുനിന്നാണ്‌ പിടികൂടിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home